ഹർജിയിൽ തെരഞ്ഞെടുപ്പു കമ്മിഷൻ ഇന്ന് റിപ്പോർട്ട്‌ നൽകും. ദേവികുളം പത്രിക തള്ളിയത് ചോദ്യം ചെയ്തുള്ള ഹർജിയും ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് വന്നേക്കും.

കൊച്ചി: നാമനിർദ്ദേശപത്രിക തള്ളിയ നടപടി ചോദ്യം ചെയ്ത് എൻഡിഎ സ്ഥാനാർഥികൾ നൽകിയ ഹർജിയിൽ ഹൈക്കോടതിയിൽ ഇന്ന് വാദം തുടരും. തലശ്ശേരിയിലെ ബിജെപി സ്ഥാനാർത്ഥി എൻ ഹരിദാസ്, ഗുരുവായൂരിലെ സ്ഥാനാർത്ഥി നിവേദിത സുബ്രമണ്യം എന്നിവരായിരുന്നു ഹർജിക്കാർ. 

ഫോം എ, ബി എന്നിവയിൽ സംഭവിച്ചത് തിരുത്താവുന്ന പിഴവുകൾ ആയിരുന്നു. എന്നാൽ വരണാധികാരി അതിന് അവസരം നിഷേധിച്ചെന്ന് സ്ഥാനാർത്ഥികൾ വാദിച്ചു. കൊണ്ടോട്ടിയിലും, പിറവത്തും സമാന പിഴവുകൾ ഉണ്ടായപ്പോൾ തെറ്റ് തിരുത്താൻ തിങ്കഴാഴ്ചവരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സമയം അനുവദിച്ചെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. ഹർജിയിൽ തെരഞ്ഞെടുപ്പു കമ്മിഷൻ ഇന്ന് റിപ്പോർട്ട്‌ നൽകും. ദേവികുളം പത്രിക തള്ളിയത് ചോദ്യം ചെയ്തുള്ള ഹർജിയും ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് വന്നേക്കും.

അതേസമയം, സംസ്ഥാനത്തെ വോട്ടര്‍പട്ടികയില്‍ വന്‍ ക്രമക്കേടെന്ന പ്രതിപക്ഷനേതാവിന്‍റെ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തുടര്‍നടപടി ഇന്ന് പ്രഖ്യാപിച്ചേക്കും. രണ്ടേകാല്‍ ലക്ഷത്തോളം വോട്ടര്‍മാരുടെ പേര്, വോട്ടര്‍പട്ടികയില്‍ പല തവണ ആവര്‍ത്തിച്ചിട്ടുണ്ടെന്നും, അധികൃതരുടെ ഒത്താശയോടെയാണ് ഇത് നടന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ആക്ഷേപം ഉയര്‍ന്ന ജില്ലകളിലെ കളക്ടര്‍മാരോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നിര്‍ദ്ദേശം നല്‍കിയിരുന്നു.ബോധപൂര്‍വ്വം വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും. കള്ളവോട്ട് തടയാനുള്ള കര്‍ശന നിലപാട് സ്വീകരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു