തിരുവനന്തപുരം:  അങ്ങ് വടക്കേ അറ്റത്ത് കാസര്കോട്ട് ഇടതുമുന്നണിക്ക് കണ്ണും പൂട്ടി മത്സരിക്കാവുന്ന മണ്ഡലം. മൂന്ന് പതിറ്റാണ്ടായി മറിയാത്ത സിപിഎം കോട്ട. ഇങ്ങനെ ഒക്കെ ആണെങ്കിലും ഉദുമ ഇത്തവണ പഴയ ഉദുമല്ല. ഇഞ്ചോടിഞ്ച് മത്സരം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ ഫലം പ്രവചനാതീതം ആണെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ പോസ്റ്റ് പോൾ സര്‍വെ ഫലം

2011 മുതൽ കെ കുഞ്ഞിരാമനാണ് ഉദുമയെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തുന്നത്. നിയോജക മണ്ഡലത്തിൻ്റെ മൊത്തം ചരിത്രം പരിശോധിച്ചാലും എൽഡിഎഫിനു തന്നെയാണ് മുൻതൂക്കം. എന്നാൽ കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച രാജ് മോഹൻ ഉണ്ണിത്താൻ ഉദുമയിൽ മാത്രം നേടിയത് 9000 വോട്ടിന്‍റെ ലീഡ്. മികച്ച സ്ഥാനാർത്ഥിയെ നിര്‍ത്തി മത്സരം കടുപ്പിക്കാനുള്ള യുഡിഎഫ് തീരുമാനത്തിൽ നറുക്ക് വീണത് ബാലകൃഷ്ണൻ പെരിയക്ക്. ഇടതുമുന്നണിക്ക് വേണ്ടി സിഎച്ച് കുഞ്ഞമ്പു കളത്തിലിറങ്ങി. എ വേലായുധന്‍ ബിജെപിക്ക് വേണ്ടി വോട്ട് തേടി.  

മണ്ഡലത്തിന്‍റെ വികസന പ്രശ്നങ്ങളും വ്യക്തി ബന്ധങ്ങളും രാഷ്ട്രീയവും എല്ലാം ചര്‍ച്ചയായ തെരഞ്ഞെടുപ്പിൽ പക്ഷെ ഇടത് മുന്നണി നിലനിര്‍ത്തുമെന്ന് തീര്‍ത്ത് പറയാൻ പറ്റാത്ത വിധത്തിലാണ് ജനവിധിയെന്നാണ് സര്‍വെ പറയുന്നത്. എൽഡിഎഫും യുഡിഎഫും തമ്മിൽ കടുത്ത മത്സരം . ഫലം ആര്‍ക്കും അനുകൂലമാകുമെന്ന പ്രവചനം അതുകൊണ്ടു തന്നെ അസാധ്യമെന്ന വിലയിരുത്തലാണ് ഈ ഘട്ടത്തിൽ ഉള്ളത്. 3832 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ എൽഡിഎഫിന്  വേണ്ടി മത്സരിച്ച കെ കുഞ്ഞിരാമൻ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുധാകരനെ തോൽപ്പിച്ചത്. 21231 വോട്ട് അന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കെ ശ്രീകാന്തിനും കിട്ടിയിരുന്നു.