തമിഴ്‍നാട്, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.  

ദില്ലി: തമിഴ്‍നാട്, പശ്ചിമ ബംഗാള്‍, അസം സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. അസമിൽ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടക്കും. ആദ്യഘട്ട തെരഞ്ഞെടുപ്പ് മാർച്ച് 27-ന്, രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ഏപ്രിൽ 1-നും മൂന്നാംഘട്ട തെരഞ്ഞെടുപ്പ് ഏപ്രിൽ 6-നും നടക്കും. കേരളത്തിനൊപ്പം തമിഴ്നാട്ടിലും വോട്ടെടുപ്പ് ഏപ്രില്‍ ആറിനായിരിക്കും.

പശ്ചിമ ബംഗാളില്‍ എട്ടുഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും. ആദ്യഘട്ട തെരഞ്ഞെടുപ്പ് മാര്‍ച്ച് 27 ന് നടക്കും. രണ്ടാംഘട്ടം ഏപ്രില്‍ 1 നും മൂന്നാംഘട്ടം ഏപ്രില്‍ ആറിനും നാലാം ഘട്ടം ഏപ്രില്‍ 10 നും നടക്കും. അഞ്ചാംഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ 17 നും ആറാംഘട്ടം ഏപ്രില്‍ 22 നും ഏഴാംഘട്ടം ഏപ്രില്‍ 26 നും എട്ടാംഘട്ടം ഏപ്രില്‍ 29 നും നടക്കും. മൂന്ന് സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ മെയ് 2-നായിരിക്കും.

വിജ്ഞാൻ ഭവനിൽ വച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാണ് തിയതി പ്രഖ്യാപിച്ചത്. പരീക്ഷകളും ഉത്സവങ്ങളും കണക്കിലെടുത്താണ് തിയതികള്‍ തീരുമാനിച്ചത്. അഞ്ച് സംസ്ഥാനത്തും പ്രത്യേക നിരീക്ഷണകരുണ്ടാവും, ഇവരെ പിന്നീട് പ്രഖ്യാപിക്കും. അഞ്ച് സംസ്ഥാനങ്ങളിലുമായി 18.86 വോട്ടര്‍മാരാണുള്ളത്.

കൊവിഡ് കണക്കിലെടുത്ത് ബൂത്തുകളുടെ എണ്ണം കൂട്ടി. അഞ്ചിടത്തായി 2.7 ലക്ഷം പോളിങ് സ്റ്റേഷനുകള്‍ ഉണ്ടാവും. വോട്ടെടുപ്പ് സമയം ഒരുമണിക്കൂര്‍ വരെ നീട്ടാം. 80 വയസിന് മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ടിന് സൗകര്യമൊരുക്കും. പത്രിക നല്‍കാന്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം രണ്ടുപേര്‍ മാത്രമേ പാടുള്ളു. വീടുകയറിയുള്ള പ്രചാരണത്തിന് അഞ്ചുപേര്‍ക്കാണ് അനുമതി. ഓരോ മണ്ഡലത്തിലെയും പരമാവധി ചെലവാക്കാവുന്ന തുക 30.8 ലക്ഷം രൂപയായിരിക്കും.