Asianet News MalayalamAsianet News Malayalam

മത്സരിക്കാനായി നേതാക്കൾ നിരവധി; തിരുവല്ല മണ്ഡലത്തെ ചൊല്ലി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ തർക്കം

നിലവിൽ ജോസഫിന്റെ കൂടെയുള്ള പഴയ മാണി ഗ്രൂപ്പുകാർക്ക് പാർട്ടിയിൽ വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്നും ആരോപണമുണ്ട്

Assembly election 2021 Kerala Congress Joseph leaders fight for Thiruvalla seat
Author
Thiruvalla, First Published Feb 18, 2021, 8:54 PM IST

തിരുവല്ല: സ്ഥാനാർത്ഥി നിർണയത്തിന് മുൻപേ തിരുവല്ല മണ്ഡലത്തെ ചൊല്ലി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ തർക്കം. നാല് ഉന്നതാധികാര സമിതി അംഗങ്ങളാണ് മത്സരിക്കാൻ തയ്യാറായി നിൽക്കുന്നത്. സീറ്റിൽ മറ്റൊരാൾക്കും അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി ജില്ലാ പ്രസി‍ഡന്റ് വിക്ടർ ടി തോമസ് പാർട്ടി ചെയർമാൻ പിജെ ജോസഫിനെ സമീപിച്ചു. മുൻ എംഎൽഎ ജോസഫ് എം പുതുശ്ശേരി, ജില്ലാ പഞ്ചായത്ത് മുൻ അംഗം സാം ഈപ്പൻ, കുഞ്ഞു കോശി പോൾ എന്നിവരും സീറ്റ് ആവശ്യവുമായി രംഗത്തുണ്ട്.

തിരുവല്ല സീറ്റ് തന്റേതാണെന്ന് വിക്ടർ ടി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇത് കിട്ടാനുള്ള ഒന്നാമത്തെ അർഹത തനിക്കാണെന്നും പത്തനംതിട്ട ജില്ലാ പ്രസിഡന്റ് കൂടിയായ അദ്ദേഹം പറഞ്ഞു. പാർട്ടിക്കുള്ളിൽ ഉയരുന്ന കലാപക്കൊടിയുടെ സൂചനയാണ് അദ്ദേഹത്തിന്റെ വാക്കുകൾ. കഴിഞ്ഞ മൂന്ന് തവണയായി കേരളകോൺഗ്രസ് തോൽക്കുന്ന മണ്ഡലമാണ് തിരുവല്ല. ഇതിൽ രണ്ട് തവണ തോറ്റത് വിക്ടർ ടി തോമസ് തന്നെ. എന്നാൽ പാർട്ടിക്കുളളിൽ നിന്ന് കാല് വാരിയതാണ് തോൽവിക്ക് കാരണമെന്നാണ് അന്നുമുതലുള്ള വിക്ടറിന്റെ ആരോപണം. വർഷങ്ങളോളം കെ എം മാണിക്കൊപ്പം നിന്നിട്ടും ഇക്കഴിഞ്ഞ പാർട്ടി പിളർപ്പിൽ പി ജെ ജോസഫിന്റെ ചേരിയിൽ ഉറച്ച് നിന്ന തന്നെ തഴയരുതെന്നാണ് ആവശ്യം.

നിലവിൽ ജോസഫിന്റെ കൂടെയുള്ള പഴയ മാണി ഗ്രൂപ്പുകാർക്ക് പാർട്ടിയിൽ വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്നും ആരോപണമുണ്ട്. പിജെ ജോസഫ് നല്ല മനുഷ്യനാണെന്നും എന്നാൽ അദ്ദേഹത്തിന്റെ ചുറ്റിലുമുള്ള ചില നേതാക്കൾ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വിക്ടർ  ആരോപിച്ചു. സീറ്റ് കിട്ടിയില്ലെങ്കിൽ വരുന്ന തെരഞ്ഞെടുപ്പിൽ തിരുവല്ലയിൽ വിമതനാകുമെന്ന ഭീഷണിയും വിക്ടർ ടി. തോമസ് പി ജെ ജോസഫിന് മുന്നിൽ ഉയർത്തിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios