കണ്ണൂർ: കണ്ണൂർ അഴീക്കോട് മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കെ എം ഷാജിയുടെ പത്രിക സ്വീകരിച്ചു. ഷാജിക്കെതിരായ എൽഡിഎഫിന്‍റെ പരാതി തള്ളി. ആറ് വർഷത്തേക്ക് ഷാജിയെ അയോ​ഗ്യനാക്കിയ ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു എൽഡിഎഫിന്റെ പരാതി. 

വർഗീയത പറഞ്ഞ് ഷാജി വോട്ട് ചോദിച്ചെന്ന പരാതിയെ തുടർന്നാണ് കെ എം ഷാജിയെ ഹൈക്കോടതി അയോ​ഗ്യനാക്കിയിരുന്നത്. എന്നാൽ, ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്ന് ഷാജിയുടെ അഭിഭാഷകൻ വരണാധികാരിയെ അറിയിച്ചു. കെ എം ഷാജിക്ക് വീണ്ടും മത്സരിക്കാൻ നിയമ തടസമില്ലെന്ന് കണ്ടെത്തിയാണ് വരണാധികാരി പത്രിക സ്വീകരിച്ചത്.

എംഎൽഎ എന്ന നിലയിൽ താൻ അയോഗ്യനല്ലെന്നതിന്‍റെ തെളിവാണ് അഴീക്കോട് വരണാധികാരിയുടെ ഇന്നത്തെ തീരുമാനമെന്ന് കെ എം ഷാജി പ്രതികരിച്ചു. അടുത്ത ആറാം തീയതി കൂടുതൽ യോഗ്യനാണെന്ന് വ്യക്തമാകും. കടബാധ്യത ഉണ്ടെന്ന് ചൂണ്ടിക്കാണിച്ച് കഴിഞ്ഞ ദിവസം കോഴിക്കോട് കോർപ്പറേഷൻ രഹസ്യമായി തൻ്റെ വീട്ടിൽ കൊണ്ടുവന്ന് നോട്ടീസ് ഒട്ടിച്ചത് തെമ്മാടിത്തമാണെന്ന് കെ എം ഷാജി വിമര്‍ഷിച്ചു. നാമനിർദ്ദേശ പത്രിക തള്ളിക്കാൻ നടത്തിയ ശ്രമങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രിയാണെന്നും അദ്ദേഹം ആരോപിച്ചു.