തിരുവനന്തപുരം: മെട്രോമാന്‍ ഇ ശ്രീധരനെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതില്‍ കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. ഔദ്യോഗിക പ്രഖ്യാപനം വരും മുൻപ് സുരേന്ദ്രൻ തിടുക്കം കാട്ടിയെന്നാണ് വിമര്‍ശനം. പ്രഖ്യാപനത്തിന് മുൻപ് ആലോചന നടന്നില്ലെന്ന് കേരളത്തിന്‍റെ ചുമതലയുള്ള പ്രഹ്ലാദ് ജോഷി ബിജെപി കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന ഒരു സംസ്ഥാനത്തും ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കുന്നു.  എന്നാല്‍ കേന്ദ്ര നേതൃത്വത്തിന്‍റെ നിർദ്ദേശപ്രകാരമാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രഖ്യാപനമെന്നായിരുന്നു സംസ്ഥാന നേതാക്കൾ അറിയിച്ചത്.

ശ്രീധരനായിരിക്കും പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് വിജയയാത്രക്കിടെ തിരുവല്ലയിൽ വെച്ചായിരുന്നു സുരേന്ദ്രന്‍ പ്രഖ്യാപിച്ചത്. കേന്ദ്രസഹമന്ത്രി വി മുരളീധരനും മുഖ്യമന്ത്രി സ്ഥാനാർത്ഥിയുടെ കാര്യം ആദ്യം സ്ഥിരീകരിച്ചു. കേന്ദ്ര മന്ത്രി വി മുരളീധരൻ ആദ്യം ഇത് ശരിവെച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചില്ലെന്ന് പറഞ്ഞ്  വൈകീട്ട് തിരുത്തി. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലായിരുന്നു ആദ്യ പ്രതികരണമെന്നും പ്രഖ്യാപനം ഉണ്ടായിട്ടില്ലെന്നുമായിരുന്നു സംസ്ഥാന അധ്യക്ഷന്‍റെ വിശദീകരണമെന്ന് പറഞ്ഞാണ് പിന്നീട് മുരളീധരൻ തിരുത്തിയത്.