ലൗ ജിഹാദ് തടയാൻ യുപി മാതൃകയിൽ നിയമ നിർമ്മാണം കൊണ്ടുവരുമെന്ന വാഗ്ദാനവുമായി ബിജെപി പ്രകടന പത്രിക ഒരുങ്ങുന്നു. ശബരിമലയിൽ ആചാര അനുഷ്ഠാനം സംരക്ഷിക്കാൻ പ്രത്യേക നിയമ നിർമ്മാണം നടത്തും. കുമ്മനം രാജശേഖരന്‍റെ നേതൃത്വത്തിലുള്ള സമിതി ഇന്ന് കൊച്ചിയിൽ യോഗം ചേർന്ന് കരട് പ്രകടന പത്രികയ്ക്ക് അന്തിമ രൂപം നൽകും

വിശ്വാസത്തെ വോട്ടാക്കിമാറ്റാനുള്ള നിർദ്ദേശങ്ങൾക്കാണ് പ്രകടന പത്രികയിൽ ബിജെപി ഊന്നൽ നൽകുന്നത്. യുഡിഎഫ് പ്രഖ്യാപിച്ചത് പോലെ അധികാരത്തിലെത്തിയാൽ ശബരിമലയ്ക്കായി നിയമ നിർമ്മാണം കൊണ്ടുവരുമെന്നതാണ് പത്രികയിലെ പ്രധാന വാഗ്ദാനം. എന്നാൽ കേന്ദ്ര സർക്കാർ എന്ത് കൊണ്ട് ഇതുവരെ നിയമ നിർമ്മാണ് നടത്തയില്ലെന്ന ചോദ്യത്തിന് സുപ്രീം കോടതി അന്തിമ വിധി പറയാത്തതാണ് തടസ്സമെന്നാണ് പ്രകടന പത്രിക സമിതികൺവീനർ കെ.എസ് രാധാകൃഷ്ണൻ പറയുന്നത്

സംസ്ഥാനത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ലൗ ജീഹാദ് വിഷയത്തിലും പ്രകടന പത്രികയിൽ നിർദ്ദേശങ്ങളുണ്ട്. യുപി അടക്കമുള്ള സംസ്ഥാനങ്ങളുടെ മാതൃകയിൽ ലൗ ജിഹാദ് തടയാൻ പ്രത്യേക നിയമം കൊണ്ടുവരുമെന്നാണ് സമിതി പറയുന്നത്. പി എസ്സി അംഗങ്ങളുടെ തെരഞ്ഞെടുപ്പിന് ചട്ടം കൊണ്ടുവരിക, യൂണിവേഴ്സിറ്റി അടക്കം പൊതുമേഖലയിലും സർക്കാർ സ്ഥാപനത്തിലുമെല്ലാം ലാസ്റ്റ് ഗ്രേഡ് പരീക്ഷയ്ക്കായി ഒറ്റ പരീക്ഷ, കാർഷി ആവശ്യങ്ങൾക്ക് എല്ലാ തരം സഹായവും നൽകുന്ന പിപിപി മാതൃകയിലുള്ള പ്രത്യേക അതോറിറ്റിഎന്നതടക്കം നിർദ്ദേശങ്ങളും പ്രകടന പത്രികയിൽ ഉണ്ട്. കരട് പത്രിക സമിതി ഉടൻ സംസ്ഥാന നേതൃത്വത്തിന് കൈമാറും.