തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള എൻഡിഎ പ്രചാരണ മുദ്രാവാക്യം പ്രഖ്യാപിച്ചു. 'പുതിയ കേരളം മോദിക്കൊപ്പം' എന്നതാണ് മുദ്രാവാക്യം. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ നയിച്ച വിജയ യാത്രയുടെ സമാപന സമ്മേളനത്തിവെച്ച് ആഭ്യന്തര മന്ത്രി അമിത് ഷായാണ് മുദ്രാവാക്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഉറപ്പാണ് എൽഡിഎഫ്, നാട് നന്നാക്കാൻ യുഡിഎഫ് എന്നീ പ്രചാരണ വാചകങ്ങൾ നേരത്തെ എൽഡിഎഫും യുഡിഎഫും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എൻഡിഎയും മുദ്രാവാക്യം പ്രഖ്യാപിച്ചത്.

വിജയ് യാത്രയുടെ സമാപന വേളയിൽ നടൻ ദേവൻ, യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന ഉപാധ്യക്ഷനും പന്തളം ഗ്രാമപഞ്ചായത്ത് മുൻ അധ്യക്ഷനുമായ പന്തളം പ്രതാപൻ, മുൻ ഐഎഎസ് ഉദ്യോഗസ്ഥനും തിരുവനന്തപുരം, ആലപ്പുഴ ജില്ലാ കളക്ടറുമായിരുന്ന കെ.വി.ബാലകൃഷ്ണൻ, നടി രാധ തുടങ്ങിയവർ ബിജെപിയിൽ ചേർന്നു. 

അമിത് ഷാ ഷാൾ അണിയിച്ച് ബി ജെ പി അംഗത്വം നൽകിയ കെ.പ്രതാപൻ മുൻ മന്ത്രി പന്തളം സുധാകരൻ്റെ സഹോദരൻ ആണ്. മുൻ കെ പി സി സി സെക്രട്ടറി, പന്തളം പഞ്ചായത്ത് പ്രസിഡൻ്റ്, പത്തനംതിട്ട   ജില്ലാ പഞ്ചായത്ത അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഇത്തവണ അടൂരിലേക്ക് യുഡിഎഫ് പരിഗണിച്ച് സ്ഥാനാർഥികളിൽ ഒരാളാണ്.