Asianet News MalayalamAsianet News Malayalam

പൊന്നാനി സിപിഎമ്മിൽ പൊട്ടിത്തെറി തുടരുന്നു: മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ രാജിവച്ചു

സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരായ ടി.കെ.മഷൂദ്, നവസ് നാക്കോല, ജമാൽ എന്നിവരാണ് രാജിവച്ചത്. മറ്റു നാല് ബ്രാഞ്ച് സെക്രട്ടറിമാർ നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. 

Blast in ponnani cpim
Author
Ponnani, First Published Mar 9, 2021, 10:58 AM IST

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിന് പിന്നാലെ പൊന്നാനിയിൽ സിപിഎമ്മിലുണ്ടായ കലാപം തുടരുന്നു. ഇന്നലെ പരസ്യമായി സിപിഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയതിന് പിന്നാലെ സിപിഎമ്മിലെ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജിവച്ചു. നാല് ബ്രാഞ്ച് സെക്രട്ടറിമാര്‍ കൂടി നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചുവെന്നാണ് സൂചന. 

സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരായ ടി.കെ.മഷൂദ്, നവസ് നാക്കോല, ജമാൽ എന്നിവരാണ് രാജിവച്ചത്. മറ്റു നാല് ബ്രാഞ്ച് സെക്രട്ടറിമാർ നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇന്നലെ നടന്ന പരസ്യപ്രതിഷേധത്തിനെതിരെ സിപിഎം നേതാക്കൾ പ്രതികരിച്ച രീതിയും അണികളെ പ്രകോപിതരാക്കിയിട്ടുണ്ട്.

പ്രശ്നപരിഹരാത്തിനായി സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി,മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടരമണിക്ക് നേതൃത്വം പ്രാദേശിക നേതാക്കളെ കാണുന്നുണ്ട്. പൊന്നാനിയിലെ തീരദേശ മേഖലയിലാണ് നിലവിൽ പ്രധാനമായും പ്രതിഷേധമുള്ളത്. പി.നന്ദകുമാറിന് വേണ്ടി പ്രചാരണത്തിന് തങ്ങളെ കിട്ടില്ലെന്നാണ് കീഴ്ഘടകങ്ങളിലെ പ്രവര്‍ത്തകരുടെ നിലപാട്.

സിപിഎമ്മിനെ സംബന്ധിച്ച് ഒരു കോട്ടയായി പറയാമെങ്കിലും പലപ്പോഴും യുഡിഎഫ് അപ്രതീക്ഷിത മുന്നേറ്റം നടത്തിയ മണ്ഡലം കൂടിയാണ് പൊന്നാനി. പ്രാദേശിക തലത്തിൽ താഴെത്തട്ടിൽ തന്നെ പലതരം പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഇതൊന്നും ജില്ലാ നേതൃത്വം കൃത്യമായി പരിശോധിച്ചില്ല എന്നതാണ് സൂചന. സംസ്ഥാന നേതൃത്വത്തേയും ഇക്കാര്യം ജില്ലാ കമ്മിറ്റി കൃത്യമായി അറിയിച്ചില്ല അതിനാലാണ് അപ്രതീക്ഷിത പ്രതിഷേധം സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചത്. പരമ്പരാഗതമായി സിപിഎം അനുഭാവികളായ കുടുംബങ്ങളിൽ നിന്നുള്ളവരടക്കം സ്ഥാനാര്‍ത്ഥി പ്രശ്നത്തിൽ തിരിഞ്ഞത് സിപിഎമ്മിന് വെല്ലുവിളിയാണ്.  

വളരെ കാലമായി സിപിഎമ്മിൽ പ്രവര്‍ത്തിക്കുന്ന പി.നന്ദകുമാര്‍ നേരത്തെ തന്നെ നേതൃതലത്തിൽ സജീവമായി ഇടപെട്ടിരുന്നു വ്യക്തിയാണ്. തുഞ്ചൻ പറമ്പ് കേന്ദ്രീകരിച്ചിരുന്ന അദ്ദേഹം സാംസ്കാരികരംഗത്തും സജീവമാണ്. സിപിഎം നേതൃനിരയിലുള്ളവരുമായി അദ്ദേഹത്തിന് നല്ല ബന്ധമുണ്ട്. ഇതെല്ലാമാണ് പൊന്നാനിയിൽ അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കാൻ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്. എന്നാൽ നന്ദകുമാര്‍ സ്ഥാനാര്‍ത്ഥിയാവും എന്ന് വാര്‍ത്ത വന്ന ഘട്ടത്തിൽ തന്നെ ഈ നീക്കത്തിനെതിരെ താഴെത്തട്ടിൽ പ്രതിഷേധമുണ്ടായിരുന്നുവെന്നും പ്രാദേശീക നേതൃത്വം ഇക്കാര്യം ജില്ലാ സമിതിയെ അറിയിച്ചിരുന്നുവെന്നുമാണ് സൂചന. ഈ വികാരം അവഗണിച്ചും അവര്‍ മുന്നോട്ട് പോകുകയായിരുന്നു. സംസ്ഥാന സമിതി നന്ദകുമാറിൻെ പേര് നിര്‍ദേശിക്കപ്പെട്ട ഘട്ടത്തിലും സിദ്ധീഖിൻ്റെ പേര് ജില്ലാ നേതൃത്വം മുന്നോട്ട് വച്ചില്ലെന്നാണ് സൂചന. 

Follow Us:
Download App:
  • android
  • ios