തിരുവനന്തപുരം: എല്‍ഡിഎഫ് തന്നെ ഇത്തവണയും അധികാരത്തില്‍ വരുമെന്നതില്‍ ഒരു സംശയവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എക്സിറ്റ് പോള്‍ പ്രവചനങ്ങളെ എങ്ങനെ നോക്കിക്കാണുന്നുവെന്ന മാധ്യമപ്രവര്‍‌ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.'അതിനെക്കുറിച്ച് യാതൊരു സംശയവും എനിക്കില്ല, കഴിഞ്ഞ തവണ ഞങ്ങള്‍ക്കുള്ള സീറ്റിനേക്കാള്‍ കൂടുതല്‍ ഇത്തവണ നേടുമെന്ന് പിണറായി വ്യക്തമാക്കി.

ഇക്കാര്യം നേരത്തെയും വ്യക്തമാക്കിയതാണെന്നും ആ നിലപാടില്‍ തന്നെയാണ് ഇപ്പോഴുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എനിക്ക് ജനങ്ങളില്‍ നല്ല വിശ്വാസമുണ്ട്, എല്ലാം ജനങ്ങളാണല്ലോ തീരുമാനിക്കുന്നത്. അതിനെപ്പറ്റി കൂടുതല്‍ പറയാനില്ലെന്നും പിണറായി പറഞ്ഞു. 

കൊവിഡ് വ്യാപനത്തെതുടര്‍ന്ന് ലോക്ക് ഡൌണിന് സമാനമായ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമ്പോള്‍ ഭക്ഷ്യക്കിറ്റ് വിതരണം പുനരാരംഭിക്കുന്നത് സംബന്ധിച്ച് ആലോചിക്കേണ്ടതാണെന്നും പിണറായി പറഞ്ഞു. പുതിയ സര്‍ക്കാര്‍ വന്നിട്ട് മുഖ്യമന്ത്രിയായ ശേഷം ആലോചിക്കാം എന്നാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അതാണ് ആലോചിക്കാം എന്ന് പറഞ്ഞതെന്ന് പിണറായി ചിരിച്ചുകൊണ്ട് മറുപടി നല്‍കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona