Asianet News Malayalam

പാലയിൽ യുഡിഎഫ് ടിക്കറ്റ്, മുന്നണി മാറ്റത്തിന് കാപ്പൻ? പ്രഖ്യാപനം വെള്ളിയാഴ്ച; വരട്ടെ നോക്കാമെന്ന് മുഖ്യമന്ത്രി

യുഡിഎഫിലേക്ക് പോകുകയാണെന്ന പ്രഖ്യാപനം വെള്ളിയാഴ്ച വരുമെന്ന മാണി സി കാപ്പൻ പറഞ്ഞതിനെക്കുറിച്ച് ചോ​ദിച്ചപ്പോൾ വെള്ളിയാഴ്ചകൾ വരട്ടെ നമുക്ക് നോക്കാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇപ്പോ തനിക്കൊന്നും അതേക്കുറിച്ച് പറയാനില്ല. എൻസിപി എന്നത് എൽഡിഎഫിന്റെ ഭാ​ഗമാണ്. അത് അർത്ഥശങ്കയ്ക്കിടയില്ലാതെ പീതാംബരൻ മാസ്റ്റർ വ്യക്തമാക്കിയിട്ടുണ്ട്.

cm pinarayi comment on ncp ldf exit
Author
Thiruvananthapuram, First Published Feb 10, 2021, 7:22 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: സീറ്റ് വിഭജനത്തിൽ ഘടകക്ഷികൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകേണ്ടി വരുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. എൻസിപിയുടെ മുന്നണിമാറ്റ പ്രചാരണത്തിൽ ആശങ്കയില്ല. എൻസിപിയുടെ നില പീതാംബരൻ മാസ്റ്റർ വ്യക്തമാക്കിയിട്ടുള്ളതാണല്ലോ എന്നും മുഖ്യമന്ത്രി പറഞ്ഞു.

"എൻസിപിയുടെ കാര്യങ്ങൾ ഇവിടെ വ്യക്തമാക്കേണ്ട ആള് പീതാംബരൻ മാസ്റ്ററാണ്. അദ്ദേഹം ഇന്ന് വ്യക്തമാക്കിയതായി ഞാൻ കണ്ടു, ഞങ്ങളങ്ങനെ ഒരാലോചനയുമില്ല, ഞങ്ങൾ എൻസിപിയിൽ തന്നെ ഉറച്ചുനിൽക്കുകയാണെന്ന്. അപ്പോ അങ്ങനെയൊരാശങ്ക ഞങ്ങളെ (എൽഡിഎഫ്) സംബന്ധിച്ചില്ല. ഞങ്ങള് ഇടതുമുന്നണി എന്ന നിലയിൽ വളരെ ഭദ്രമായ രീതീയിൽ തന്നെ പോയ്ക്കോണ്ടിരിക്കുകയാണ്. പിന്നെ പ്രഫുൽ പട്ടേലുമായി ഞാൻ സംസാരിച്ചു എന്നത് ശരിയാണ്. പ്രഫുൽ പട്ടേൽ എന്നെ വിളിച്ചതായിരുന്നു. എൻസിപിയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ ഞാനുമായി അദ്ദേഹം പങ്കുവച്ചിരുന്നു. അദ്ദേഹം ഇങ്ങോട്ട് വരാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് പറഞ്ഞു. സ്വാ​ഗതമാണെന്ന് ഞാനും പറഞ്ഞു. "മുഖ്യമന്ത്രി പറഞ്ഞു

യുഡിഎഫിലേക്ക് പോകുകയാണെന്ന പ്രഖ്യാപനം വെള്ളിയാഴ്ച വരുമെന്ന് മാണി സി കാപ്പൻ പറഞ്ഞതിനെക്കുറിച്ച് ചോ​ദിച്ചപ്പോൾ വെള്ളിയാഴ്ചകൾ വരട്ടെ നമുക്ക് നോക്കാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇപ്പോ തനിക്കൊന്നും അതേക്കുറിച്ച് പറയാനില്ല. എൻസിപി എന്നത് എൽഡിഎഫിന്റെ ഭാ​ഗമാണ്. അത് അർത്ഥശങ്കയ്ക്കിടയില്ലാതെ പീതാംബരൻ മാസ്റ്റർ വ്യക്തമാക്കിയിട്ടുണ്ട്. എൽഡിഎഫിനോ മുന്നണിയിലെ മറ്റ് ഘടകക്ഷികൾക്കോ എൽഡിഎഫ് പ്രവർത്തകൻ എന്ന നിലയ്ക്ക് തനിക്കോ അതിലൊരു ആശങ്കയുമില്ല.

പാലായെക്കുറിച്ച് ഇപ്പോൾ പറയാൻ സീറ്റ്  വിഭജന ചർച്ചയേ ആരംഭിച്ചിട്ടില്ല. എൽഡിഎഫിനകത്തെ ചർച്ച ആരംഭിക്കാൻ പോകുന്നതേ ഉള്ളു. എന്നാൽ, പറയാൻ കഴിയുന്ന ഒരു കാര്യമുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് പാർട്ടികൾ ഞങ്ങളോടൊപ്പം പുതിയതായി ഉണ്ട്. ഒന്ന് എൽജെഡി, മറ്റൊന്ന് കേരളാ കോൺ​ഗ്രസ് എം. ഈ രണ്ട് പാർട്ടികളും പുതിയതായി ഒപ്പം വരുമ്പോ 140 സീറ്റിൽ നിന്നാണ് ആ പാർട്ടികൾക്കും സീറ്റ് നൽകേണ്ടി വരിക. സ്വാഭാവികമായും എൽഡിഎഫിൽ മത്സരിച്ച പാർട്ടികൾ പലതും അവരുടെ ചില സീറ്റുകൾ ഈ വരുന്നവർക്ക് കൊടുക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പാലാ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് എന്‍സിപി  ഇടത് മുന്നണി വിടുന്നു എന്ന സൂചനയാണ് മാണി സി കാപ്പൻ ഇന്ന് നൽകിയത്. തീരുമാനം ദേശീയ നേതൃത്വം മറ്റന്നാള്‍ പ്രഖ്യാപിക്കുമെന്ന് മാണി സി കാപ്പന്‍ ദില്ലിയില്‍ വ്യക്തമാക്കി.  തോറ്റ പാര്‍ട്ടിക്ക് സീറ്റ് കൊടുക്കുന്ന സിപിഎം മുന്നണി മര്യാദ കാട്ടിയില്ലെന്ന് മാണി സി കാപ്പൻ കുറ്റപ്പെടുത്തി.കാലങ്ങളായുള്ള ഇടത് മുന്നണി ബന്ധം പാര്‍ട്ടി അവസാനിപ്പിക്കുകയാണെന്ന് മാണി സി കാപ്പന്‍ വ്യക്തമാക്കി. കേരള കോണ്‍ഗ്രസ്  എമ്മിന്  നീക്കി വച്ചിരിക്കുന്ന പാലാ എന്‍സിപിക്ക് നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയെന്നാണ് കാപ്പൻ പറയുന്നത്. വേണമെങ്കില്‍ കാപ്പന്‍ കുട്ടനാട്ടില്‍ മത്സരിക്കട്ടേയെന്നാണ് ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേലിനെ  മുഖ്യമന്ത്രി ഫോണിലറിയിച്ചു എന്നും കാപ്പൻ പക്ഷം പറയുന്നു. 

ഈ നിര്‍ദ്ദേശം തള്ളിയ മാണി സി കാപ്പന്‍ കുട്ടനാട് പാര്‍ട്ടിയുടെ സിറ്റിംഗ് സീറ്റാണെന്നും  സിപിഎമ്മിന്‍റെ ഔദാര്യമല്ലെന്നും ദേശീയ നേതൃത്വത്തെ അറിയിച്ചു. പാലാ മാത്രമല്ല എലത്തൂരും സിപിഎം തിരിച്ചെടുത്തേക്കുമെന്ന സൂചനകളും ഇതിനിടെ ശക്തമായി. സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെടുത്തി ഇടത് മുന്നണിയില്‍ തുടരേണ്ടതുണ്ടോയെന്ന കാപ്പന്‍റെ ചോദ്യത്തിന് വേണ്ട എന്നാണ് ദേശീയ നേതൃത്വത്തിന്‍റെയും നിലപാട്. പ്രഫുല്‍ പട്ടേല്‍ പിണറായിയെ കണ്ട് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചെങ്കിലും കൂടിക്കാഴ്ചക്ക് സമയം അനുവദിക്കാത്തതും ദേശീയ നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. എന്നാൽ, പ്രഫുൽ പട്ടേലിന് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചില്ലെന്ന് മുഖ്യമന്ത്രി ഇതുവരെ സമ്മതിച്ചിട്ടില്ല.  പാര്‍ട്ടി മുന്നണി വിടുകയാണെന്നും തീരുമാനം ഉടന്‍ അറിയിക്കണമെന്നുമുള്ള സന്ദേശം എ കെ ശശീന്ദ്രനും ദേശീയ നേതൃത്വം നല്‍കിയതായാണ് വിവരം. എന്നാൽ  കോണ്‍ഗ്രസ് എസിനൊപ്പം ചേര്‍ന്ന് ഇടത് മുന്നണിയില്‍ തുടരാനാണ് ശശീന്ദ്രന്‍റെ നീക്കമെന്ന് സൂചനയുണ്ട്.

Follow Us:
Download App:
  • android
  • ios