Asianet News MalayalamAsianet News Malayalam

'അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് പറഞ്ഞു, ചെയ്തു, കേരളം വർഗീയതയുടെ വിളനിലമല്ല', മുഖ്യമന്ത്രി

'സര്‍ക്കാര്‍ രൂപീകരിക്കുന്നതിലേക്കടക്കം തങ്ങള്‍ നീങ്ങുന്നുവെന്ന പ്രഖ്യാപനം ബിജെപി നേതാക്കളിൽ നിന്നുണ്ടായി. അതിന് സാധാരണ ഭൂരിപക്ഷം ആവശ്യമില്ലെന്ന നില വരെയെത്തി. എന്നിട്ടെന്തായി?'

cm pinarayi vijayan against bjp after winning at 2021
Author
Kannur, First Published May 2, 2021, 6:41 PM IST

കണ്ണൂർ: നേമത്ത് ബിജെപി അക്കൗണ്ട് തുറന്നത് അവരുടെ ശക്തി കൊണ്ടല്ല എന്നത് തെളിഞ്ഞ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ രൂപീകരിക്കാൻ പോകുന്നുവെന്നും, അതിന് കുറേ സീറ്റുകളൊന്നും വേണ്ട എന്നും പോലും ബിജെപി നേതാക്കൾ ഇവിടെ ധാരണ പരത്താൻ ശ്രമിച്ചു. എന്നാൽ കേരളം വർഗീയതയുടെ വിളനിലമല്ലെന്ന് ജനം തെളിയിച്ചെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ഏജൻസികൾക്കെതിരെ ആഞ്ഞടിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകൾ:

''ഇവിടെ ബിജെപി എന്തോ മഹാവിജയം നേടിക്കളയുമെന്ന മട്ടിലാണ് പുറപ്പെട്ടത്. എന്തൊക്കെ അവകാശവാദം ഉന്നയിച്ചെന്നൊന്നും ഇപ്പോൾ പറയുന്നില്ല. സര്‍ക്കാര്‍ രൂപീകരിക്കുന്നതിലേക്കടക്കം തങ്ങള്‍ നീങ്ങുന്നുവെന്ന പ്രഖ്യാപനം ബിജെപി നേതാക്കളിൽ നിന്നുണ്ടായി. അതിന് സാധാരണ ഭൂരിപക്ഷം ആവശ്യമില്ലെന്ന നില വരെയെത്തി. എന്തോ കുറേ സീറ്റുകള്‍ അവര്‍ നേടാൻ പോകുന്നുവെന്ന ധാരണയാണ് അവരിവിടെ സൃഷ്ടിച്ചത്. അതിന് അവര്‍ നടത്തിയ പ്രചാരണവും മാധ്യമങ്ങള്‍ മുഖേന നടത്തിയ പ്രചാരണവും ഉണ്ട്. പൊതുപ്രതീതി സൃഷ്ടിക്കാനാണ് ശ്രമിച്ചത്.

ഇപ്പൊ അവര്‍ക്കിവിടെയുള്ള അക്കൌണ്ട്, നേമത്തെ വിജയം അവരുടെ ശക്തി കൊണ്ടായിരുന്നില്ല. ആ അക്കൗണ്ട് ഈ തെരഞ്ഞെടുപ്പിൽ ക്ലോസ് ചെയ്യും എന്ന് പറഞ്ഞിരുന്നു. വാശിയോടെ ബിജെപിയെ ഇവിടെ നല്ല നിലയിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനം അവര്‍ നടത്തി. ഒരു പാര്‍ട്ടി അവരുടെ പാര്‍ട്ടിയെ വിജയിപ്പിക്കാൻ പ്രചാരണം നടത്തുന്നതിൽ ആശ്ചര്യമില്ല. ബിജെപിയുടെ പ്രമുഖരായ എല്ലാ നേതാക്കളും ഈ തെരഞ്ഞെടുപ്പിന് കേരളത്തിൽ വലിയ തോതിൽ സമയം ചെലവാക്കി. പണം ചെലവഴിച്ച കാര്യത്തിൽ നല്ല രീതിയിൽ തന്നെ അവര്‍ക്ക് മുന്നോട്ട് പോകാനായി. ആര്‍ക്കും ആ കാര്യത്തിൽ അവരോട് മത്സരിക്കാനാവില്ല.

പണം ധാരാളമായാൽ ഉണ്ടാകുന്ന പ്രയാസവും വിഷമങ്ങളും അവരുടെ ഇടയിൽ ഉണ്ടായെന്ന് പിന്നീട് തെളിഞ്ഞു. അവരുടെ അനുഭവത്തിൽ ഇപ്പോൾ യഥാര്‍ത്ഥ സ്ഥിതി തിരിച്ചറിയേണ്ട സമയമാണ്. അത് ഈ കേരളത്തിന്റെ പ്രത്യേകതയാണ്. കേരളം വര്‍ഗീയതയുടെ വിളനിലമല്ല. രാജ്യത്തെ മറ്റ് ചില സംസ്ഥാനങ്ങളെ പോലെ അതേ രീതി ഇവിടെ എടുത്താൽ, ഇവിടെ അത് ചിലവാകില്ല. ഒരു സംസ്ഥാനത്തിന്റെയും പേര് പ്രത്യേകമായി എടുത്തുപറയുന്നില്ല.

ഇവിടെ മതനിരപേക്ഷതയിൽ ഊന്നിനിൽക്കുന്ന സമൂഹമാണ്. മതനിരപേക്ഷത സംരക്ഷിക്കാനുള്ള നിലപാട് എടുക്കുന്നത് കൊണ്ട് വര്‍ഗീയ രാഷ്ട്രീയത്തിന് കേരളത്തിലിടമില്ല എന്ന് ഈ തെരഞ്ഞെടുപ്പ് ഒന്നുകൂടി വ്യക്തമാക്കി.

സാധാരണ ഗതിയിൽ അവരുടെ രീതി വെച്ച് പ്രവര്‍ത്തിക്കാനേ അവര്‍ക്ക് കഴിയൂ. അത് വര്‍ഗീയതയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. കേരളീയ സമൂഹത്തിന് അത് അംഗീകരിക്കാനാവില്ലെന്ന നിലപാട് കേരളീയ സമൂഹം ചോദ്യത്തിനിടയില്ലാതെ വ്യക്തമാക്കി. അത് തിരിച്ചറിഞ്ഞാൽ നല്ലത്.

യുഡിഎഫ് കേരളത്തിലെ പ്രതിപക്ഷമായിരുന്നു. പല ഘട്ടത്തിലും കേരളത്തിൽ അധികാരത്തിലിരുന്നിരുന്നു. ആ മുന്നണി നാടിന്റെയും ജനത്തിന്റെയും പ്രശ്നത്തിന്റെ ഭാഗമായി നിൽക്കാനോ അതിനനുസരിച്ച് നിലപാടെടുക്കാനോ തയ്യാറായില്ല. അവരുയര്‍ത്തിയ എല്ലാ മുദ്രാവാക്യവും ജനം തള്ളിക്കളഞ്ഞു. യഥാര്‍ത്ഥത്തിൽ ആ മുന്നണിയുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിയാണ്. ഈ ഭാഗം വിശദമായി തന്നെ കേരളീയ സമൂഹം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. അത് പിന്നീടാകാം.

കേന്ദ്ര ഏജൻസികൾ സ്വന്തം ജോലിയാണോ ചെയ്തത്?

തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേന്ദ്ര ഏജൻസികള്‍ വന്നു. സാധാരണ നിലയിൽ ഒരു ഏജൻസിയുടെ ധര്‍മ്മം അനുസരിച്ചുള്ള കാര്യങ്ങളാണോ ഇവിടെ ചെയ്തത്? നിലവിലെ നിയമ വ്യവസ്ഥയ്ക്ക് എതിരായ കാര്യം നടക്കുമ്പോ, സംസ്ഥാനത്തിന്റെ പൊതുവായ കാര്യം സ്തംഭിപ്പിക്കാനും ശ്രമിക്കുമ്പോ നാട് ഒറ്റക്കെട്ടായി നിൽക്കേണ്ടേ. എൽഡിഎഫിനോട് എതിര്‍പ്പുള്ളത് കൊണ്ട് നാടിനെതിരായ നിലപാട് പ്രതിപക്ഷം സ്വീകരിക്കാമോ. അത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് കേരളത്തിലെ പ്രതിപക്ഷം തയ്യാറായത്. അതിനോടൊപ്പം തങ്ങളില്ലെന്നാണ് ജനം വ്യക്തമാക്കിയത്. അത് മനസിലാക്കിയാൽ നല്ലതാണ്.

മാധ്യമങ്ങൾക്കും രൂക്ഷവിമർശനം

സംസ്ഥാനത്തിന്റെ പൊതുവായ താത്പര്യം സംരക്ഷിക്കുന്നതിന് വേണ്ടി നടത്തിയ പ്രവര്‍ത്തനം, അതിനെയാകെ കരിവാരിത്തേക്കുക. തെറ്റായ ചിത്രം മറ്റൊരു രീതിയിൽ വരച്ചുകാട്ടുക, അതിന് വേണ്ടി ഇല്ലാക്കഥകള്‍ മെനയുക, പ്രചരിപ്പിക്കുക. ഇത്തരത്തിൽ വലതുപക്ഷ മാധ്യമങ്ങള്‍ ഇവിടെ പ്രവര്‍ത്തിച്ചു. യുഡിഎഫ് ഘടകകക്ഷിയേക്കാള്‍ മേലെ നിന്ന് പ്രവര്‍ത്തിക്കാൻ തയ്യാറായ ചില മാധ്യമങ്ങളും ഇവിടെയുണ്ടായില്ലേ. അത്തരം മാധ്യമങ്ങള്‍ എങ്ങിനെ എൽഡിഎഫിനെ അപകീ‍ര്‍ത്തിപ്പെടുത്താമെന്ന ഗവേഷണത്തിൽ ഏര്‍പ്പെട്ടില്ലേ. അതിന്റെ ഭാഗമായി എന്താണ് ഈ മാധ്യമങ്ങള്‍ ചിന്തിച്ചത്. ആ മാധ്യമ മേലാളന്മാര്‍ ചിന്തിച്ചത്, തങ്ങള്‍ക്കുള്ള സ്വാധീനം ഉപയോഗിച്ച്  രാഷ്ട്രീയ കാര്യങ്ങള്‍ തങ്ങള്‍ തീരുമാനിക്കുമെന്ന നിലയാണ് സ്വീകരിച്ചത്. തങ്ങളുടെ കൈയ്യിലാണ് മുഴുവൻ കാര്യവുമെന്ന് ധരിക്കരുത്. ഒരു മാധ്യമത്തിന്റെയും പേരെടുത്ത് പറയാത്തത് എന്റെ മര്യാദ കൊണ്ടാണ്. സ്വയം വിമര്‍ശന പരമായി മാധ്യമങ്ങള്‍ ഇക്കാര്യം പരിശോധിക്കണം. നിങ്ങളുടെ കൈയിലല്ല നാടെന്ന് ജനം നിങ്ങളോട് പറഞ്ഞിരിക്കുന്നു. നിങ്ങള്‍ പറയുന്നതെന്തും വിഴുങ്ങുന്നവരല്ല ജനം. എല്ലാ മാധ്യമങ്ങളെയുമല്ല പറയുന്നത്. ചില വലതുപക്ഷ മാധ്യമങ്ങള്‍ നാടിന്റെ പുരോഗതിയെ തടയാനാണ് ശ്രമിക്കുന്നത്. നാടിന്റെ താത്പര്യം സംരക്ഷിക്കാനാണ് നിങ്ങള്‍ ശ്രമിക്കേണ്ടത്. നിങ്ങളുടെ സമീപനം ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും ജനം തയ്യാറായിട്ടില്ല. ഇനിയെങ്കിലും ആലോചിച്ചാൽ നല്ലത്.

നാടിനോട് തെല്ലെങ്കിലും താത്പര്യമുണ്ടെങ്കിൽ നാടിന്റെ പുരോഗതിക്കുതകുന്ന കാര്യങ്ങള്‍ക്ക് ഹാനികരമായ നിലപാട് സ്വീകരിക്കരുത്.

ഏതെല്ലാം തരം കഥകള്‍ മെനയാനുള്ള ശ്രമങ്ങളാണ് ഉണ്ടായത്? സര്‍ക്കാരിന്റെ ചെയ്തികളെ വിമര്‍ശിക്കേണ്ടതുണ്ടെങ്കിൽ വിമര്‍ശിക്കണം. അത് സര്‍ക്കാരിനെപ്പോഴും ഗുണമേ ചെയ്യൂ. എന്നാൽ ആ വിമര്‍ശനങ്ങളാണോ നേരത്തെ പറഞ്ഞ കെട്ടിച്ചമക്കുന്ന കാര്യങ്ങളും വ്യക്തിപരമായ ആക്രമണങ്ങളും നിരന്തരം ഉണ്ടായില്ലേ. പലതരം അപസര്‍പ്പക കഥകള്‍ കെട്ടിച്ചമച്ചില്ലേ.. എന്തിനാണിത്, എന്താണിതിന്റെ ഉദ്ദേശം? തെറ്റ് ചെയ്തെങ്കിൽ അതിനെ വിമര്‍ശിക്കാം. നാടിനെ തെറ്റദ്ധരിപ്പിക്കരുത്. പൊതു മര്യാദയുടെ സീമകള്‍ ലംഘിച്ച് പോയി പൊതുമണ്ഡലത്തെ തന്നെ മലീമസപ്പെടുത്തുന്ന നിലയ്ക്ക് തയ്യാറാകരുത്. ഇതൊന്നും ജനം അംഗീകരിക്കുന്നില്ല. ജനത്തെയാകെ തെറ്റദ്ധരിപ്പിച്ച് അവരുടെ വിരൽ കൊണ്ട് കാര്യം തീരുമാനിപ്പിക്കാം എന്ന് ചിന്തിക്കേണ്ട. അതിപ്പോ ബോധ്യമായല്ലോ?

ഒരുപാട് പ്രശ്നം ഉയര്‍ന്നുവന്നിട്ടുണ്ട്. ക്രിയാത്മകമായ നിര്‍ദ്ദേശം വെക്കാനാവുന്നവരാണ് മാധ്യമങ്ങള്‍. സര്‍ക്കാര്‍ ഒരു കാര്യം ശ്രദ്ധിക്കുന്നില്ല എന്ന് വന്നാൽ അത് ശ്രദ്ധയിൽപെടുത്തുന്നത് ക്രിയാത്മകമായ നിര്‍ദ്ദേശമാണ്. അത്തരത്തിലേതെങ്കിലും ഒന്ന് മാധ്യമങ്ങളുടെ ഭാഗത്ത് നിന്നുണ്ടായില്ല. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോൾ ദുരന്തമുഖത്ത് പോലും ആശയകുഴപ്പം ഉണ്ടാക്കരുത്. ജനത്തിന്റെ മനോവീര്യം തകര്‍ക്കാനല്ല ശ്രമിക്കേണ്ടത്. അത്തരം ശ്രമം ചില ഘട്ടത്തിലുണ്ടായില്ലേ. ഇവിടെ നാം ഒറു പ്രത്യേക ഘട്ടത്തിലൂടെ കടന്നുപോവുകയാണ്. ഇതെല്ലാവരും ഒന്നിച്ച് നിന്ന് തരണം ചെയ്യണം. നാടിനെ അങ്ങിനെയേ രക്ഷിക്കാനാവൂ.

സമൂഹം തന്നെ വേര്‍തിരിഞ്ഞ്‍ നിന്ന് ദുരന്തങ്ങളെ നേരിടാനാവില്ല. മാധ്യമങ്ങള്‍ ക്രിയാത്മക ഉത്തരവാദിത്തം നിര്‍വഹിക്കാനാവുന്ന ഏറ്റവും പ്രധാനപ്പെട്ട ഏജൻസിയാണ്. ഇങ്ങിനെ മറ്റ് ചില താത്പര്യം കാരണം വഴിതെറ്റിയവര്‍ ഇനിയെങ്കിലും അതിന് തയ്യാറാകണം എന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്- എന്ന് മുഖ്യമന്ത്രി.

Follow Us:
Download App:
  • android
  • ios