കോട്ടയം:  സർവേ റിപ്പോർട്ടുകൾ അഭിപ്രായ പ്രകടനങ്ങൾ മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർവേ റിപ്പോർട്ടുകളുടെ 
അടിസ്ഥാനത്തിൽ ഒന്നിലും അലംഭാവം പാടില്ല. വസ്തുത തുറന്ന് പറയേണ്ടി വരുന്നത് സർവേ റിപ്പോർട്ടിന്റെ ഭാഗമാണ്. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ പലതും വ്യാജമായി സൃഷ്ടിച്ചതാണ്. നിരവധി പ്രതിസന്ധികൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ സർക്കാർ നേരിട്ടു. ഇതൊക്കെയുണ്ടായിട്ടും വികസനം മുറ പോലെ നടന്നു എന്നും പിണറായി വിജയൻ പറഞ്ഞു.

ഒരു സർക്കാരിന് ചെയ്യാൻ കഴിയാവുന്നതെല്ലാം അഞ്ചു വർഷത്തിനുള്ളിൽ ചെയ്തു. പ്രതിപക്ഷം നുണക്കഥകളിറക്കി. ധാരാളം കാര്യങ്ങൾ പ്രചരിപ്പിച്ചു.  വസ്തുതകൾ അവതരിപ്പിക്കേണ്ട മാധ്യമങ്ങൾ പ്രതിപക്ഷത്തിൻറെ ആരോപണങ്ങൾ ഏറ്റെടുത്തു. പിഎസ് സി വിഷയം അതിന് ഉദാഹരണമാണ്. 95196 പിഎസ് സി നിയമനമേ നൽകിയിട്ടുള്ളൂവെന്ന് പ്രചരിപ്പിച്ചു. നുണകൾ വലിയ തോതിൽ ആവർത്തിച്ചു. യുഡിഎഫിൻറെ ഭാഗമായി ഘടകകക്ഷിയായി ചില മാധ്യമങ്ങൾ മാറുന്നു. 

പ്രതിപക്ഷത്തിന് വസ്തുതകളുടെ പിൻബലത്തോടെ ആരോപണം ഉന്നയിക്കാനായിട്ടില്ല. ചീട്ട് കൊട്ടാരങ്ങൾ പോലെ അതൊക്കെ തകർന്ന് വീണു.  കേന്ദ്ര ഏജൻസികളെപ്പോലും ആരോപണങ്ങൾ ഉന്നയിക്കാൻ കൂട്ട് പിടിക്കുന്നു. ദിനം പ്രതിയെന്നോണം ഇന്ധനവില വർധിക്കുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ വില കൂട്ടുന്നത് നിർത്തി വച്ചോയെന്ന് സംശയമുണ്ട്. ബിജെപിയും കോൺഗ്രസും നുണക്കഥകൾ ഉണ്ടാക്കുന്നു. 

പ്രകടന പത്രിക മുൻനിർത്തിയാണ് ഇടത് മുന്നണി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. നേമത്തെ വോട്ട് കച്ചവടത്തിന്റെ വസ്തുത പുറത്ത് വന്നു. അഞ്ച് കൊല്ലം മുൻപ് വോട്ട് കച്ചവടം നടത്തി കോൺ​ഗ്രസ്  ബിജെപിക്ക് നേമത്ത് അവസരമൊരുക്കി. നേമത്ത് നടന്നത് ഡീൽ തന്നെയാണ്. നേമത്ത് ബിജെപി ജയിക്കട്ടെ തൊട്ടടുത്ത് കോൺഗ്രസ് ജയിക്കട്ടെ എന്നതായിരുന്നു നയം. കോൺഗ്രസ് നേതാക്കൾ പണം വാങ്ങിയെന്ന സുരേന്ദ്രൻ പിള്ളയുടെ ആരോപണം ഗൗരവതരമാണ്.  അന്വേഷണ റിപ്പോർട്ട് പൂഴ്ത്തി വച്ചു. പണം വാങ്ങിയവർ കോൺഗ്രസിനുള്ളിൽ തന്നെയാണ്. വില കൊടുത്ത് ജനാധിപത്യത്തെ അട്ടിമറിച്ചു.

ബിജെപിക്ക് മൂന്ന് മണ്ഡലങ്ങൾ സ്ഥാനാർത്ഥിയില്ല.  ഗൗരവമായ സംശയം പൊതുമണ്ഡലത്തിലുണ്ട്. അവിശുദ്ധമായ അടിയൊഴുക്കിനുള്ള നീക്കം വ്യക്തമാണ്.  പ്രധാനപ്പെട്ട കോൺഗ്രസ് നേതാക്കൾ ബിജെപിയുടെ സഹായത്തോടെ നിയമസഭയിലെത്താൻ ശ്രമിക്കുന്നു. ബിജെപി ചില സ്ഥലങ്ങളിൽ കോൺഗ്രസിനെ സഹായിക്കാൻ ദുർബല സ്ഥാനാർത്ഥികളെ നിർത്തി. ശബരിമല ചർച്ചയാക്കാൻ ചിലർ ശ്രമിക്കുന്നു. ഇപ്പോൾ ആ വിഷയം ഉയർത്തേണ്ടതില്ല.  വിധി വന്ന ശേഷം മറ്റ് കാര്യങ്ങളെ കുറിച്ച് ആലോചിക്കാം. ശബരിമലയിലെ വരുമാനക്കുറവ് നികത്തുന്നതിന് 120 കോടി രൂപയാക്കി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്  8 കോടിയാക്കി വാർഷിക ഗ്രാൻഡ് വർധിപ്പിച്ചു. ശബരിമല തീർത്ഥാടന സൗകര്യത്തിന് 1487 കോടി അനുവദിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു.