Asianet News MalayalamAsianet News Malayalam

രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിക്കൽ, ആഴക്കടൽ മത്സ്യബന്ധനം, എൻഎസ്എസ്, കിറ്റ്; വിവാദങ്ങളിൽ മറുപടിയുമായി പിണറായി

രമേശ് ചെന്നിത്തലയെ വിമർശിച്ച മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും ആരോപിച്ചു. ഭക്ഷ്യക്കിറ്റ്, ക്ഷേമ പെൻഷൻ എന്നിവ മുടക്കാനുള്ള ശ്രമമാണ് നടക്കുന്നത്

CM pinarayi vijayan response on holding rajya sabha election kerala
Author
Kollam, First Published Mar 25, 2021, 10:05 AM IST

കൊല്ലം: ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട വിവാദങ്ങളിലും കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികളിലുമടക്കം വിമർശനമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടികളെ രൂക്ഷമായി വിമർശിച്ച മുഖ്യമന്ത്രി കേന്ദ്ര നിർദ്ദേശം അനുസരിച്ചാണ് തെരഞ്ഞെടുപ്പ് മാറ്റി വെച്ചതെന്നും ആരോപിച്ചു. എന്താണ് മാറ്റി വയ്ക്കാനുള്ള കാരണമെന്ന് പറഞ്ഞിട്ടില്ല. ഇത്തരം നടപടിക്ക് പിന്നിലെ ചേതോവികാരം എന്താണെന്ന് കേന്ദ്രം ഭരിക്കുന്ന കക്ഷി പറയണം. എന്തിനു വഴങ്ങി എന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും വിശദീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.  

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിമർശിച്ച മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും ആരോപിച്ചു. ഭക്ഷ്യക്കിറ്റ്, ക്ഷേമ പെൻഷൻ എന്നിവ മുടക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വർഗീയ വാദികളുടെ വോട്ട് വേണ്ട എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടില്ല. ആർഎസ്എസ് വോട്ട് ലക്ഷ്യമിടുന്നു എന്നതിന്റെ തെളിവാണിത്. ഏപ്രിലിൽ വിതരണം ചെയ്യുന്നത് വിഷു കിറ്റ് ആണെന്ന് ആരാണ് പ്രതിപക്ഷ നേതാവിനോട് പറഞ്ഞതെന്ന ചോദിച്ച മുഖ്യമന്ത്രി വോട്ടു പോരട്ടെ എന്നു കരുതിയല്ല കിറ്റ് വിതരണം തുടങ്ങിയതെന്നും എൽഡിഎഫിന് തെരഞ്ഞെടുപ്പ് ജയിക്കാൻ ഒരു വർഗീയ ശക്തിയുടെയും പിന്തുണ വേണ്ടെന്നും ആവർത്തിച്ചു. 

പൌരത്വ ഭേദഗതി നിയമം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് കേന്ദ്രമേൽപ്പിച്ച ആഘാതമാണ്. മതം  പൌരത്വത്തിന് അടിസ്ഥാനമാകരുത്. ഇതാണ് മതനിരപേക്ഷതയുടെ ആണിക്കല്ല്. അതിന് ഇളക്കം തട്ടിയാൽ തകരുന്നത് മതനിരപേക്ഷതയും ജനാധിപത്യവ്യവസ്ഥയുമാണ്. അതുകൊണ്ടാണ് കേരളത്തിലെ എൽഡിഎഫ്  സർക്കാർ ശക്തമായി എതിർക്കുന്നത്. ഭേദഗതിക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പും പിമ്പും ഒരേ വാക്കാണ് ഇത് ബിജെപി മനസിലാക്കണമെന്നും പിണറായി ആവർത്തിച്ചു. 

തീരദേശത്തെ എൽഡിഎഫ് സ്വാധീനം എങ്ങനെ ഇല്ലാതാക്കാം എന്നാണ് യുഡിഎഫ് ആലോചിക്കുന്നത്. എന്നാൽ എൽഡിഎഫിനുളള ജനപിന്തുണ വർധിക്കുന്നു എന്നാണ് അനുഭവം. തീരദേശ വികസനത്തിന് 5000 കോടിയുടെ പാക്കേജ് നടപ്പാക്കി. എല്ലാത്തിലേക്കും മുഖ്യമന്ത്രിയുടെ ഓഫീസിനെ വലിച്ചിഴക്കുകയാണ്. അന്വേഷണത്തെ സ്വാധീനിക്കും എന്നതു കൊണ്ട് ഒന്നും പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എൻ പ്രശാന്തിനെ 'മഹാനെ'ന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി തുടക്കം മുതൽ ഇതിൽ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ചു. ഔദ്യോഗിക സ്ഥാനത്ത് ഇരിക്കുന്നയാൾ മുഖ്യമന്ത്രിയുടെ ഓഫിസിനെ ബന്ധപ്പെട്ടതിൽ അപാകതയില്ല. അഡീഷൺ പ്രൈവറ്റ് സെക്രട്ടറിയെ ഈ മഹാൻ ബന്ധപ്പെട്ടതിന്റെ രേഖകൾ മാത്രമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 
എൻഎസ്എസിനെയും സിപിഎമ്മിനെയും ശത്രുപക്ഷത്ത്  നിർത്താൻ ശ്രമം നടക്കുന്നുണ്ട്. അങ്ങനെ ശത്രുപക്ഷത്ത് നിൽക്കുന്നവരല്ല അവർ.  ഇന്നലത്തെ തൻ്റെ പരാമർശം ചില മാധ്യമങ്ങൾ താൻ എൻഎസ്എസിനെതിരെ കടുപ്പിച്ചു എന്ന നിലയിൽ വ്യാഖ്യാനിക്കുകയായിരുന്നു. മന്നം ജയന്തി അവധി ആവശ്യം സർക്കാർ പരിഗണിച്ചു. ഇതിൽ നിയമപരമായ തടസം മാറാൻ കേന്ദ്രത്തെ സമീപിച്ചു. എന്നാൽ പറ്റില്ല എന്ന നിലപാടാണ് റിസർവ് ബാങ്ക് അറിയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പ്രതിപക്ഷം പറഞ്ഞ കാര്യങ്ങളാണ് കൊല്ലം ലത്തീൻ രൂപതയുടെ ഇടയലേഖനത്തിലുള്ളത്. അത് ശരിയോ എന്ന് അവർ തന്നെ ആലോചിക്കട്ടെ. മൽസ്യതൊഴിലാളികൾ സർക്കാരിന് എതിരെന്ന് വരുത്താൻ ശ്രമം പൊതുസമൂഹം വിശ്വസിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Follow Us:
Download App:
  • android
  • ios