Asianet News Malayalam

ആര് വീഴും, ആര് വാഴും? കെസി ജോസഫിനും ബാബുവിനും വേണ്ടി ഉമ്മൻചാണ്ടി, സ്ഥാനാത്ഥിപട്ടികയിൽ ഇടഞ്ഞ് എംപിമാർ

കെസി ജോസഫിനും കെ ബാബുവിനും വേണ്ടി ഉമ്മൻചാണ്ടി കടുംപിടുത്തം തുടരുകയാണ്. ഇരിക്കൂറിന് പകരം സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട കെസി ജോസഫിനെ വീണ്ടും മത്സരിപ്പിക്കുന്നതിൽ മറ്റ് നേതാക്കൾ എതിർപ്പ് ഉയർത്തിയിട്ടുണ്ട്.

congress candidate list ommen chandy for kc joseph and k babu
Author
Delhi, First Published Mar 10, 2021, 11:10 AM IST
  • Facebook
  • Twitter
  • Whatsapp

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക പരാതിക്കിടയില്ലാത്ത വിധമുള്ളതാകുമെന്ന് നേതാക്കൾ ആവർത്തിക്കുന്നതിനിടെ വിമർശനങ്ങളും ബഹിഷ്ക്കരണങ്ങളും സജ്ജീവം. തങ്ങൾക്കൊപ്പമുള്ള നേതാക്കൾക്ക് സ്ഥാനാർത്ഥിത്വം ഉറപ്പാക്കാൻ മുതിർന്ന നേതാക്കൾ തന്നെ കച്ചകെട്ടിയിറങ്ങിയതോടെയാണ് സ്ഥാനാത്ഥി നിർണയം കോൺഗ്രസിന് കീറാമുട്ടിയായത്. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക വൈകുന്നേരത്തോടെ തയ്യാറായേക്കുമെന്നും നാളെയോടെ പ്രഖ്യാപിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നുമാണ് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അറിയിച്ചതെങ്കിലും ചില എംപിമാർ നിലവിൽ പരിഗണിക്കുന്ന സ്ഥാനാർത്ഥിപ്പട്ടികയ്ക്കെതിരെ രംഗത്തെത്തിയതോടെ നാളെത്തെ പ്രഖ്യാപനം എത്രത്തോളം സാധ്യമായേക്കുമെന്നത് കണ്ടറിയേണ്ടി വരും. 

ഗ്രൂപ്പിസമാണ് സ്ഥാനാർത്ഥി പട്ടികയിൽ പ്രതിഫലിക്കുന്നതെന്നും മുതിർന്ന നേതാക്കൾ പോലും ഇഷ്ടക്കാരെ തിരുകിക്കയറ്റുകയാണെന്നും കാണിച്ച് കേരളത്തിലെ ചില പ്രമുഖരായ എംപിമാരാണ് ഹൈക്കമാൻഡിന് പരാതി നൽകിയത്. വലിയ പ്രാധാന്യമുള്ള ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ യുവാക്കളേയും, പുതുമുഖങ്ങളേയും ജയസാധ്യതയില്ലാത്ത സീറ്റുകളിൽ മത്സരിപ്പിച്ച് ചാവേർ സ്ഥാനാർത്ഥികളാക്കാനാണ് നീക്കമെന്നും എംപിമാർ വിമർശനമുയർത്തുന്നു. വിയോജിപ്പ് പ്രകടിപ്പിച്ച് കെ മുരളീധരനും കെ സുധാകരനും സംസ്ഥാന നേതാക്കൾ ഇന്ന് ദില്ലിയിൽ വിളിച്ച യോഗം ബഹിഷ്ക്കരിച്ചു. ഈ പശ്ചാത്തലത്തിൽ കെ മുരളീധരനോടും, കെ.സുധാകരനോടും ഹൈക്കമാൻഡ് ചർച്ച നടത്തിയേക്കുമെന്നാണ് ഒടുവിൽ വരുന്ന വിവരം. എന്നാൽ യുവാക്കൾക്കും പുതുമുഖങ്ങൾക്കും അർഹമായ പ്രാതിനിധ്യം നൽകി പരാതിക്കിടയില്ലാത്ത വിധമുള്ള പട്ടികയായിരിക്കും പുറത്ത് വരികയെന്നാണ് ഇക്കാര്യത്തിൽ കെസി വേണുഗോപാലിന്റെ പ്രതികരണം. 

ഇത്തവണ എംഎം ഹസന് സീറ്റുണ്ടാകില്ലെങ്കിലും കെസി ജോസഫിനും കെ ബാബുവിനും വേണ്ടി ഉമ്മൻചാണ്ടി കടുംപിടുത്തം തുടരുകയാണ്. ഇരിക്കൂറിന് പകരം സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട കെസി ജോസഫിനെ വീണ്ടും മത്സരിപ്പിക്കുന്നതിൽ ഉമ്മൻ ചാണ്ടിയുടെ പിന്തുണയുണ്ടെങ്കിലും മറ്റ് നേതാക്കൾ എതിർപ്പ് ഉയർത്തിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി നൽകണമെന്ന് ഉമ്മൻചാണ്ടി നിർദ്ദേശിച്ചതിന് പിന്നാലെയാണ് മറ്റ് നേതാക്കൾക്കിടയിൽ നിന്നും കെസി ജോസഫിനെ മത്സരിപ്പിക്കേണ്ടെന്ന നിർദ്ദേശങ്ങളും ഉയർന്നത്.

നേരത്തെ കെ.സി ജോസഫിന് സീറ്റ് നൽകരുതെന്ന് യൂത്ത് കോൺഗ്രസും നിലപാടെടുത്തിരുന്നു. യുവാക്കൾക്ക് അവസരം നൽകണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഹൈക്കമാൻഡിന് പരാതിയും നൽകി. ഇതേ തുടർന്ന് കൂടിയാണ് ജോസഫ് മാറി നിൽക്കണം എന്ന നിർദ്ദേശം നേതൃത്വവും പരിഗണിക്കുന്നത്. ഉമ്മൻ ചാണ്ടി തന്നെയാണ് കെ ബാബുവിന് വേണ്ടിയും ഇടപെടുന്നതെന്നാണ് വിവരം. കെ.ബാബുവിന് വിജയ സാധ്യതയുണ്ടെന്നും പരിഗണിക്കുന്നമെന്നും ഉമ്മൻ ചാണ്ടി യോഗത്തിൽ ആവശ്യപ്പെട്ടത്. ഇക്കാര്യത്തിലും നേതാക്കൾക്കിടയിൽ സമവായമില്ല. മുൻ തോൽവിയും യുഡിഎഫ് കൺവീനർ പദവിയും പരിഗണിച്ചാണ് ഹസനെ ഇത്തവണ മത്സരിപ്പിക്കേണ്ടെന്ന തീരുമാനമെടുത്തത്.  

അതേ സമയം വിമർശനങ്ങൾ എംപിമാർ തന്നെ ഉയർത്തിയ സാഹചര്യത്തിൽ സംസ്ഥാന നേതാക്കൾ തയ്യാറാക്കിയ സ്ഥാനാർത്ഥി പട്ടികയിൽ ഹൈക്കമാൻഡ് ഇടപെട്ടേക്കും. സ്ക്രീനിംഗ് കമ്മിറ്റി ചില മാനദണ്ഡം നിശ്ചയിച്ചേക്കും. 70 ത് വയസിന് മുകളിലുള്ളവരെ മറ്റി നിർത്തുക ( പ്രമുഖ നേതാക്കൾക്ക് ഇളവ്), രണ്ട് തവണ തുടർച്ചയായി മത്സരിച്ച് തോറ്റവരെ മാറ്റിനിർത്തുക എന്നിവയാണ് സംസ്ഥാന നേതൃത്വത്തിന് മുന്നിൽ വെച്ച നിർദ്ദേശങ്ങൾ. എന്നാൽ ഈ നിർദ്ദേശങ്ങൾ അംഗീകരിക്കാൻ ഗ്രൂപ്പുകൾക്ക് നേതൃത്വം നൽകുന്ന നേതാക്കൾ തയ്യാറായിട്ടില്ല. 

എന്നാൽ കോൺഗ്രസിന് അതി നിർണായകമായ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി നൽകിയ ഈ നിർദ്ദേശങ്ങളിൽ വിട്ടുവീഴ്ച അനുവദിക്കില്ലെന്നാണ് ഹൈക്കമാൻഡ് നിലപാട്. നേരത്തെ സ്ത്രീകൾക്കും യുവാക്കൾക്കും കൂടുതൽ അവസരം നൽകി, ചില പ്രധാന മുതിർന്ന നേതാക്കളെ കൂടി പരിഗണിച്ചുള്ള ലിസ്റ്റാകണമെന്ന നിർദ്ദേശമായിരുന്നു രാഹുൽ മുന്നോട്ട് വെച്ചത്. അതോടൊപ്പം ഹൈക്കമാൻഡ് സർവേകളിലൂടെ ചില നേതാക്കളെ സ്ഥാനാർത്ഥികളായി കണ്ടെത്തിയിട്ടുണ്ടെന്നും അവരെ പരിഗണിക്കുന്നുണ്ടെന്നും വിവരമുണ്ട്. അങ്ങനെയെങ്കിൽ ഹൈക്കമാൻഡ് നിർദ്ദേശിക്കുന്ന ആ പേരുകൾ കൂടി സംസ്ഥാന നേതാക്കൾക്ക് അംഗീകരിക്കേണ്ടി വരും. 

Follow Us:
Download App:
  • android
  • ios