തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക നാളെ  പ്രഖ്യാപിക്കാനിരിക്കവേ തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ത്ഥിയാവുക വേണു രാജാമണിയെന്ന് സൂചന. ആറന്മുളയില്‍ രാഹുല്‍ മാങ്കൂട്ടത്തിനാണ് സാധ്യത. നിലമ്പൂരില്‍ ടി സിദ്ദഖും കൽപ്പറ്റയില്‍ സജീവ് ജോസഫും മൂവാറ്റുപുഴയില്‍ മാത്യു കുഴല്‍നാടനുമായിരിക്കും സാധ്യത. വട്ടിയൂർക്കാവിൽ കെപി അനിൽ കുമാറിനെയും  വൈപ്പിനില്‍ ദീപക് ജോയിയെയും പരിഗണിച്ചേക്കും.

നാളെ വൈകുന്നേരം ആറ് മണിക്ക് ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് ശേഷമായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുക. കെ സി ജോസഫ്, കെ ബാബു എന്നിവര്‍ക്ക് സീറ്റില്ല. എംപിമാര്‍ മത്സരിക്കേണ്ടെന്ന മാനദണ്ഡത്തില്‍ ഇളവില്ലാത്തിനാല്‍ നേമത്തേക്കുള്ള കെ മുരളീധരന്‍റെ സാധ്യത മങ്ങി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷിന് സീറ്റില്ല. രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം കൂടി  അംഗീകരിച്ച് പുതുമുഖങ്ങളെ അണിനിരത്തിയുള്ള പട്ടികയാവും നാളെ പുറത്തിറക്കുക.