Asianet News MalayalamAsianet News Malayalam

തൃത്താലയിൽ എം ബി രാജേഷ്, തരൂരിൽ എ കെ ബാലന് പകരം ഭാര്യ ജമീല: പാലക്കാട്ടെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് സിപിഎം

എ.കെ.ബാലൻ പ്രതിനിധീകരിക്കുന്ന തരൂര്‍ സീറ്റിലേക്കാണ് അദ്ദേഹത്തിൻ്റെ ഭാര്യ ജമീലയെ പാര്‍ട്ടി പരിഗണിക്കുന്നത്. ബാലൻ സ്ഥിരമായി ജയിച്ചു വരുന്ന മണ്ഡലമാണ് തരൂര്‍

cpim candidate list for palakkad
Author
Palakkad, First Published Mar 2, 2021, 4:19 PM IST

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാട്ടെ സിപിഎം സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിൽ ഏകദേശ ധാരണയായി. ഇന്ന് ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലാണ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിൽ അന്തിമ ധാരണയായത്. മന്ത്രി എ കെ ബാലൻ്റെ ഭാര്യ ഡോ. പി കെ ജമീലയെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചതാണ് അപ്രതീക്ഷിത നീക്കം. സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടിക സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിന് വിട്ടിരിക്കുകയാണ്. 

എ കെ ബാലൻ പ്രതിനിധീകരിക്കുന്ന തരൂര്‍ സീറ്റിലേക്കാണ് അദ്ദേഹത്തിൻ്റെ ഭാര്യ ജമീലയെ പാര്‍ട്ടി പരിഗണിക്കുന്നത്. ബാലൻ സ്ഥിരമായി ജയിച്ചു വരുന്ന മണ്ഡലമാണ് തരൂര്‍. എന്നാൽ സ്ഥിരം മുഖങ്ങൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്താൻ സിപിഎം തീരുമാനിച്ചതോടെയാണ് ബാലൻ മത്സരരംഗത്ത് നിന്നും മാറുന്നതും പകരം ഭാര്യയുടെ പേര് സജീവ പരിഗണനയിലേക്ക് എത്തുന്നതും. 

സംവരണ മണ്ഡലമായ തരൂരിലേക്ക് പി കെ ജമീലയുടെ പേര് നേതൃത്വം നിര്‍ദേശിച്ചപ്പോൾ ജില്ലാ സെക്രട്ടേറിയറ്റിൽ ഭൂരിപക്ഷവും എതിര്‍ത്തു എന്നാണ് സൂചന. എന്നാൽ, മേൽത്തട്ടില്‍ നിന്നുള്ള നിര്‍ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ജമീലയുടെ പേര് ഉൾപ്പെടുത്തിയതെന്ന് നേതാക്കൾ സെക്രട്ടേറിയറ്റിനെ അറിയിച്ചതായാണ് സൂചന. 

നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് തൃത്താലയിൽ എം ബി രാജേഷിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. കടുത്ത മത്സരം നടക്കാൻ സാധ്യതയുള്ള തൃത്താല പോലൊരു മണ്ഡലത്തിലേക്ക് രാജേഷിനെ അയക്കണോ എന്ന കാര്യത്തിൽ പാര്‍ട്ടിയിൽ രണ്ട് അഭിപ്രായമുണ്ടായെങ്കിലും വി ടി ബല്‍റാമിനെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചെടുക്കാന്‍ രാജേഷിനാവും എന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിൽ അദ്ദേഹം അവിടെ സ്ഥാനാര്‍ത്ഥിയായി ജില്ലാ സെക്രട്ടേറിയറ്റ് നിശ്ചയിക്കുകയായിരുന്നു. 

സംവരണമണ്ഡലമായ കോങ്ങാട്ട് ഡിവൈഎഫ്ഐ ജില്ലാ അധ്യക്ഷൻ സി പി സുമോദിൻ്റെ പേരാണ് ജില്ലാ ഘടകം നിര്‍ദേശിച്ചത്. പേര് കേട്ട മലമ്പുഴ സീറ്റിൽ ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍റെയും പാലാക്കാട് ജില്ലാ സെക്രട്ടറി സി കെ.രാജേന്ദ്രൻ, എ പ്രഭാകരൻ എന്നിവരുടെ പേരുകളാണ് നിര്‍ദേശിച്ചിരിക്കുന്നത്. കൂടുതൽ സാധ്യത സി കെ രാജേന്ദ്രനാണ്. ഷാെര്‍ണ്ണൂരിൽ സിറ്റിംഗ് എംഎൽഎ പി കെ ശശിയും, ഒറ്റപ്പാലത്ത് നിലവിലെ എംഎൽഎ ഉണ്ണിയും വീണ്ടും ജനവിധി തേടും.  

Follow Us:
Download App:
  • android
  • ios