കൊല്ലം: നിയസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റുവിഭജനവും സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് എൽഡിഎഫിലുണ്ടായ തർക്കങ്ങൾ തുടരുന്നു. ചങ്ങനാശ്ശേരി സീറ്റിന് പിന്നാലെ കൊല്ലം ജില്ലയിലെ കുന്നത്തൂർ സീറ്റിൽ അവകാശവാദമുന്നയിച്ചും സിപിഐ രംഗത്തെത്തി. ചവറ സീറ്റ് സിപിഎം ഏറ്റെടുത്താൽ കുന്നത്തൂർ തങ്ങൾക്ക് വേണമെന്നാണ് സിപിഐ മുന്നോട്ട് വെക്കുന്ന ആവശ്യം. ചവറയിൽ വിജയൻ പിള്ളയുടെ മകൻ സുജിത് വിജയനെ മത്സരിപ്പിക്കാൻ നേരത്തെ സിപിഎമ്മിൽ ധാരണയായിരുന്നു.

കൊല്ലം ജില്ലയിൽ സിപിഐക്ക് നേരത്തെ ഉണ്ടായിരുന്ന മേധാവിത്വം നിലനിർത്താനാണ് നീക്കം. ആർഎസ്പിയുടെ രണ്ട് സീറ്റുകൾ സിപിഎം ഏറ്റെടുത്തതോടെ കൊല്ലത്ത് സിപിഎമ്മും സിപിഐയും നിലവിൽ തുല്യ ശക്തികളാണ്. അന്തരിച്ച എംഎൽഎ വിജയൻ പിള്ളയുടെ മണ്ഡലമായ ചവറ ഇനി ഏറ്റെടുത്ത് കഴിഞ്ഞാൽ സിപിഎമ്മിന് ജില്ലയിൽ മുൻതൂക്കം ലഭിക്കും. ഇതാണ് സിപിഐയെ ചൊടിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ കുന്നത്തൂർ വേണമെന്നും സിപിഐ ആവശ്യപ്പെടുന്നു. 

നേരത്തെ ആർഎസ്പി (ലെനിനിസ്റ്റ്) പാർട്ടി എംഎൽഎ കോവൂർ കുഞ്ഞുമോൻ നാല് തവണ മത്സരിച്ച് വിജയിച്ച മണ്ഡലമാണ് കുന്നത്തൂർ. ഈ  സീറ്റ് സിപിഎം ഏറ്റെടുത്തേക്കുമെന്ന സൂചനകളുണ്ടായിരുന്നുവെങ്കിലും വിജയസാധ്യത പരിഗണിച്ച് കോവൂർ കുഞ്ഞുമോനെ സ്ഥാനാർത്ഥിയാക്കാൻ പിന്നീട് തീരുമാനിക്കുകയായിരുന്നു. ആർഎസ്പി ലെനിനിസ്റ്റ് പാർട്ടി അദ്ദേഹത്തെ പുറത്താക്കിയെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇടത് സ്വതന്ത്രനായാകും അദ്ദേഹം മത്സരിക്കുകയെന്നാണ് സൂചന. ഇതിനിടെയാണ് സീറ്റിൽ കണ്ണുവെച്ച് സിപിഐ രംഗത്തെത്തിയത്. കോവൂർ കുഞ്ഞുമോൻ സിപിഐയിൽ ചേരാൻ തയ്യാറായാൽ ഈ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ സാധിക്കും. നേരത്തെ ചങ്ങനാശ്ശേരി സീറ്റിന് വേണ്ടിയും സിപിഐ ആവകാശവാദം ഉന്നയിച്ചിരുന്നു. കാഞ്ഞിരപ്പള്ളി വിട്ടുനൽകണമെങ്കിൽ ചങ്ങനാശ്ശേരി വേണമെന്ന നിലപാടിലാണ് സിപിഐ. 

സിപിഎം സംസ്ഥാന നേതൃ യോഗങ്ങൾ ചേരുകയാണ്. ജില്ലാ കമ്മിറ്റികൾ നൽകിയ സ്ഥാനാർത്ഥി പട്ടികയിൽ പരിശോധന നടത്തി സംസ്ഥാന സമിതി അന്തിമ അംഗീകാരം നൽകും. രണ്ട് ടേം പൂർത്തിയായിട്ടും തുടർന്നും മത്സരത്തിന് ജില്ലാ കമ്മിറ്റികൾ ശുപാർശ ചെയ്ത മന്ത്രിമാരുടെയും എംഎൽഎ മാരുടെയും കാര്യത്തിൽ അന്തിമ തീരുമാനം സംസ്ഥാന നേതൃത്വമായിരിക്കും എടുക്കുക. സീറ്റ് വിഭജനത്തിൽ തർക്കം നിലനിൽക്കുന്ന സീറ്റുകളിലൊഴികെ മറ്റെല്ലാ സീറ്റിലെയും സ്ഥാനാർത്ഥി നിർണ്ണയത്തിൽ നാളെയൊടെ ധാരണയാകും. എൽഡിഎഫ് ഉഭയകക്ഷി ചർച്ചയിൽ എടുക്കേണ്ട അന്തിമ നിലപാടും സിപിഎം നേതൃത്വം തീരുമാനിക്കും.