Asianet News MalayalamAsianet News Malayalam

കരുത്തനും തോറ്റു, താമരയും കൊഴിഞ്ഞു; ബിജെപിയുടെ കേരളത്തിലെ അക്കൗണ്ട് പൂട്ടി നേമം തിരിച്ചുപിടിച്ച് ശിവൻകുട്ടി

എൽഡിഎഫ് സ്ഥാനാർത്ഥിയായ വി ശിവൻകുട്ടി അയ്യായിരത്തിലേറെ വോട്ടുകൾക്കാണ് വിജയിച്ചത്. ഇവിടെ മണ്ഡലം നിലനിർത്താൻ ബിജെപി രം​ഗത്തിറക്കിയത് കുമ്മനം രാജശേഖരനെയായിരുന്നു. കരുത്തനായ സ്ഥാനാർത്ഥിയിലൂടെ നേമത്ത് വിജയക്കൊടി പാറിക്കുമെന്ന് അവകാശപ്പെട്ട് യുഡിഎഫ് കളത്തിലിറക്കിയത് കെ മുരളീധരനെ ആയിരുന്നു.

cpm v sivankutty won nemom
Author
Thiruvananthapuram, First Published May 2, 2021, 4:40 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ബിജെപിയെ നിയമസഭയിലേക്ക് എത്തിച്ച നേമം തിരിച്ചുപിടിച്ച് ഇടതുമുന്നണി. എൽഡിഎഫ് സ്ഥാനാർത്ഥിയായ വി ശിവൻകുട്ടി അയ്യായിരത്തിലേറെ വോട്ടുകൾക്കാണ് വിജയിച്ചത്. ഇവിടെ മണ്ഡലം നിലനിർത്താൻ ബിജെപി രം​ഗത്തിറക്കിയത് കുമ്മനം രാജശേഖരനെയായിരുന്നു. കരുത്തനായ സ്ഥാനാർത്ഥിയിലൂടെ നേമത്ത് വിജയക്കൊടി പാറിക്കുമെന്ന് അവകാശപ്പെട്ട് യുഡിഎഫ് കളത്തിലിറക്കിയത് കെ മുരളീധരനെ ആയിരുന്നു. ശക്തമായ ത്രികോണപോരാട്ടത്തിനൊടുവിൽ ശിവൻ കുട്ടി വിജയക്കൊടി പാറിച്ചതോടെ നേമം ചരിത്രവിജയങ്ങളുടെ പട്ടികയിൽ ഇടം നേടുക കൂടിയാണ്.

കേരളമൊന്നാകെ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന തെരഞ്ഞെടുപ്പ് ഫലമാണ് നേമത്തേത്. 2016ൽ വി ശിവൻകുട്ടിയെ പരാജയപ്പെടുത്തിയാണ് ബിജെപി ഒ രാജ​ഗോപാലിലൂടെ ഇവിടെ അക്കൗണ്ട് തുറന്നത്. 8671 വോട്ടിന്റെ ഭൂരിപക്ഷമാണ് അന്ന് ബിജെപി നേടിയത്. ഇക്കുറിയും വിജയം ആവർത്തിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു ബിജെപി. എന്നാൽ, സംസ്ഥാനമാകെ ആഞ്ഞടിച്ച ഇടതുതരം​ഗത്തിൽ നേമത്ത് ബിജെപിക്ക് കാലിടറി. ആദ്യഘട്ടത്തിലൊക്കെ കുമ്മനം രാജശേഖരൻ മുന്നിലേക്കെത്തിയെങ്കിലും ക്രമേണ ലീഡ് ശിവൻകുട്ടി നേടിയെടുത്തു. ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശതെരഞ്ഞെടുപ്പിലും ബിജെപിക്ക് മണ്ഡലത്തിൽ മേൽക്കൈയ്യുണ്ടായിരുന്നു. ഭൂരിപക്ഷം കുറഞ്ഞാലും വിജയം സുനിശ്ചിതമെന്നായിരുന്നു ബിജെപി വൃത്തങ്ങളുടെ കണക്കുകൂട്ടൽ. ആ പ്രതീക്ഷയാണ് ഇപ്പോൾ കടപുഴകി വീണിരിക്കുന്നത്. വൻതോതിൽ സംഘടനാ ശേഷി ഉപയോ​ഗിച്ചിട്ടും നേമത്ത് താമര വിരിയാഞ്ഞത് പാർട്ടിക്ക് കനത്ത ക്ഷീണമാണ്. വരുംദിവസങ്ങളിൽ സംസ്ഥാന നേതാക്കൾക്ക് ദേശീയനേതൃത്വത്തോട്  അടക്കം കാരണങ്ങൾ വിശദീകരിക്കേണ്ടി വരും എന്നുറപ്പ്.

യുഡിഎഫിനാകട്ടെ ഇത് അഭിമാനപോരാട്ടമായിരുന്നു. ബിജെപിയുടെ സിറ്റിം​ഗ് സീറ്റ് പിടിച്ചെടുക്കണമെങ്കിൽ കരുത്തനായ സ്ഥാനാർത്ഥി വേണമെന്നായിരുന്നു കോൺ​ഗ്രസ് നേതാക്കൾ ആവർത്തിച്ചത്. മാരത്തൺ ചർച്ചകൾക്കൊടുവിൽ ഉമ്മൻ ചാണ്ടി നേമത്ത് മത്സരിച്ചേക്കുമെന്ന് വരെ അഭ്യൂഹങ്ങളുയർന്നു. എന്നാൽ, അവസാനം സ്ഥാനാർത്ഥിയായത് കെ മുരളീധരനാണ്. കരുത്തനായ പോരാളിയിലൂടെ നേമത്ത് വിജയം ഉറപ്പെന്ന് യുഡിഎഫ് കണക്കുകൂട്ടി. പക്ഷേ, വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും ലീഡിലേക്കുയരാൻ മുരളീധരനായില്ല. മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു. പ്രചാരണ സമയത്ത് തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ച മുരളീധരനേറ്റ കനത്ത തിരിച്ചടിയാണ് ആ തോൽവി. പുലി പൂച്ചയായി എന്നാണ് മുരളീധരനെക്കുറിച്ച് വി ശിവൻകുട്ടി പ്രതികരിച്ചത്. മുരളീധരൻ എം പി സ്ഥാനം രാജിവെക്കണമെന്നും ഫലമറിഞ്ഞ ശേഷം ശിവൻകുട്ടി പ്രതികരിച്ചു. 

 

Follow Us:
Download App:
  • android
  • ios