Asianet News MalayalamAsianet News Malayalam

വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് സ്പീക്കറോട് കസ്റ്റംസ്: സുഹൃത്തിൻ്റെ സിം തെളിവാകുമെന്ന് സൂചന

 ഈ മൊഴിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യൽ. ലൈഫ് മിഷൻ പദ്ധതിയുടെ കമ്മീഷനായി കിട്ടിയ 1 കോടി 90 ലക്ഷം രൂപ ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്നതാണ് കേസ്.

Customs summoned speaker P Sreeramakrishnan in dollar smuggling case
Author
Kochi, First Published Mar 6, 2021, 7:52 AM IST

തിരുവനന്തപുരം: ഡോളർക്കടത്ത് കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് കസ്റ്റംസ് നോട്ടീസ്. ചോദ്യം ചെയ്യലിനായി മാര്‍ച്ച് 12 വെള്ളിയാഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാനാണ് നിർദേശം. ഡോളർക്കടത്തിൽ മുഖ്യമന്ത്രിക്കും, സ്പീക്കർ പി ശ്രീരാമകൃഷ്ണനും മന്ത്രിസഭയിലെ 3 മന്ത്രിമാർക്കും പങ്കുണ്ടെന്ന് സ്വപ്ന മൊഴി നൽകിയെന്ന് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. 

ഇതിന് തൊട്ടുപിന്നാലെയാണ് സ്പീക്കർക്ക് കസ്റ്റംസ് നോട്ടീസയച്ചത്. ഡോളർക്കടത്ത് കേസിൽ ചോദ്യം ചെയ്യുന്നതിനായാണ് നോട്ടീസ്. 12 ന് കൊച്ചിയിലെ ഓഫീസിൽ നേരിട്ട് ഹാജരാകാനാണ് നിർദേശം. സ്വപ്ന സരിത്ത് എന്നിവരുടെ രഹസ്യമൊഴി നേരത്തെ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യൽ. ലൈഫ് മിഷൻ പദ്ധതിയുടെ കമ്മീഷനായി കിട്ടിയ 1 കോടി 90 ലക്ഷം രൂപ ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്നതാണ് കേസ്.

കോൺസുൽ ജനറൽ വഴിയാണ് ഡോളർ കടത്തിയത്. ഈ പണം ഗൾഫിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിക്ഷേപിച്ചുവെന്നാണ് സ്വപ്നയുടെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമകളിൽ നിന്നും കസ്റ്റംസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. സ്പീക്കറുടെ സുഹൃത്ത്‌ നാസറിൻ്റെ പേരിലുള്ള സിം ഉപയോഗിച്ചാണ് സ്പീക്കർ പ്രതികളെ ബന്ധപ്പെട്ടിരുന്നതെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. 

നാസർ ഉൾപ്പെടെയുള്ള ആളുകളുടെ മൊഴിയും കസ്റ്റംസ് ശേഖരിച്ചിരുന്നു. നയതന്ത്ര ബാഗേജില്‍നിന്നു സ്വര്‍ണം കണ്ടെടുത്ത ജൂലൈ 5 ന് ശേഷം സ്പീക്കർ ഈ സിം ഉപയോഗിച്ചിട്ടില്ല.  ഈ സിം കാര്‍ഡ്‌ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ കസ്‌റ്റംസിനു നിര്‍ണായക വിവരം ലഭിച്ചതായാണ് സൂചന.

അതേസമയം സ്വപ്ന സുരേഷിൻ്റെ രഹസ്യമൊഴി മുൻനിര്‍ത്തി കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനുമെതിരെ തിരി‍ഞ്ഞ സാഹചര്യത്തിൽ പ്രതിരോധം കടുപ്പിക്കാനൊരുങ്ങുകയാണ് എൽഡിഎഫ്. കസ്റ്റംസിൻ്റെ മേഖല ഓഫീസുകളിലേക്ക് ഇന്ന് എൽഡിഎഫിൻ്റെ നേതൃത്വത്തിൽ മാര്‍ച്ച് നടത്തും. അതേസമയം ഡോളര്‍ കടത്ത് കേസിൽ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ വെള്ളിയാഴ്ച ചോദ്യം ചെയ്യാനൊരുങ്ങുകയാണ് കസ്റ്റംസ്. ശ്രീരാമകൃഷ്ണൻ ചോദ്യം ചെയ്യല്ലിന് ഹാജരാവുമോ എന്ന് വ്യക്തമല്ല. 

കസ്റ്റംസിന്‍റെ കേരളത്തിലെ മേഖലാ ഓഫീസുകളിലേക്ക് ഇന്ന് എൽഡിഎഫ് പ്രതിഷേധ പ്രകടനം നടത്തുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഓഫീസുകളിലേക്കാണ് പ്രതിഷേധം. ഡോളര്‍ കടത്തിൽ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മൂന്ന് മന്ത്രിമാര്‍ക്കും നേരിട്ട് പങ്കുണ്ടെന്ന കസ്റ്റംസ് സത്യവാങ്മൂലം പുറത്ത് വന്ന സാഹചര്യത്തിലാണ് സമരം. കസ്റ്റംസിന്‍റെ നീക്കം രാഷ്ട്രീയപ്രേരിതമാണെന്നാണ് എൽഡിഎഫ് ആക്ഷേപം. 

അതേസമയം തെരഞ്ഞെടുപ്പ് കാലമായതിനാൽ ബിജെപിയും യുഡിഎഫും ഇതു ചര്‍ച്ചയാക്കാനുള്ള സാധ്യത പാര്‍ട്ടി മുൻകൂട്ടി കാണുന്നു. അതിനാൽ തന്നെ കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് നീങ്ങുന്നുവെന്ന തരത്തിൽ പ്രചാരണം ശക്തമാക്കാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്. ഇന്ന് നടക്കുന്ന പ്രതിഷേധ മാര്‍ച്ചിൽ നേതാക്കൾ കേന്ദ്ര ഏജൻസികൾക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിക്കാനാണ് സാധ്യത. മുഖ്യമന്ത്രിക്കായി സിപിഎമ്മും എൽഡിഎഫും പ്രതിരോധം തീര്‍ക്കും എന്ന കൃത്യമായ സന്ദേശം നൽകാനാണ് നേതൃത്വം ഉദ്ദേശിക്കുന്നത്. 
 

Follow Us:
Download App:
  • android
  • ios