Asianet News MalayalamAsianet News Malayalam

സീറ്റ് വിഭജനത്തിൽ കണ്ണൂർ സിപിഎമ്മിൽ അതൃപ്തി പുകയുന്നു; മുതിർന്ന നേതാക്കളെ ഒഴിവാക്കിയതിൽ അമർഷം

പി ജയരാജനെ തഴഞ്ഞതിൽ അണികൾക്ക് കടുത്ത അമർഷമുണ്ടെങ്കിലും പരസ്യ വിമർശനം നിർത്തുന്നതായി സൂചിപ്പിച്ച് പി ജെ ആർമി പോസ്റ്റിട്ടു. ഉയിരാണ് പിജെ, പാർട്ടിയാണ് വലുതെന്ന് പറഞ്ഞ് ആർമി വെടി നിർത്തൽ പ്രഖ്യാപിച്ചപ്പോഴും കനലെരിയുകയാണ്. 

dissatisfaction brewing within kannur cpm over decision to exclude senior leaders including jayarajan from contesting election
Author
Kannur, First Published Mar 7, 2021, 1:59 PM IST

കണ്ണൂർ: ഇ പി ജയരാജനെ തുടരാൻ അനുവദിക്കാത്തതിലും പി ജയരാജന് സീറ്റ് നിഷേധിച്ചതിലും കണ്ണൂരിലെ സിപിഎമ്മിൽ പൊട്ടിത്തെറി. ഇ പി ജയരാജന് മട്ടന്നൂ‍ർ സീറ്റ് നിഷേധിച്ചതിനെതിരെ ജില്ലാ കമ്മറ്റിയിൽ വിമർശനം ഉയർന്നപ്പോൾ പി ജയരാജനെ ഒഴിവാക്കിയതിൽ അമർഷമുള്ളത് താഴെ തട്ടിലുള്ള പ്രവർത്തകർക്കാണ്. 

സ്വന്തം മണ്ഡലം പാർട്ടിയിലെ തന്നെ മറ്റൊരു മന്ത്രിക്കായി മാറിക്കൊടുക്കണമെന്ന ജില്ലാ സെക്രട്ടറിയേറ്റ് നിർദ്ദേശത്തിന് പിന്നാലെയായിരുന്നു മത്സരിക്കാനില്ലെന്ന് ഇ പി ജയരാജൻ പറഞ്ഞത്. ഇന്നലെ ചേർന്ന ജില്ലാ കമ്മറ്റിയിൽ ഇ പി ജയരാജൻ, തോമസ് ഐസക് പോലെയുള്ള മുതിർന്ന നേതാക്കളെ ഒഴിവാക്കിക്കൊണ്ടുള്ള സ്ഥാനാർത്ഥി പട്ടിക പാർട്ടിക്ക് ഏറെ ദോഷം ചെയ്യുമെന്ന് വിമർശനം ഉയർന്നു. മട്ടന്നൂരിൽ ഇറക്കുന്നതിന് പകരം കെ കെ ഷൈലജയെ പേരാവൂരിൽ മത്സരിപ്പിച്ച് ആ സീറ്റ് പിടിച്ചെടുക്കുകയായിരുന്നു വേണ്ടതെന്നും ചില നേതാക്കൾ അഭിപ്രായപ്പെട്ടു.  

പി ജയരാജനെ തഴഞ്ഞതിൽ അണികൾക്ക് കടുത്ത അമർഷമുണ്ടെങ്കിലും പരസ്യ വിമർശനം നിർത്തുന്നതായി സൂചിപ്പിച്ച് പി ജെ ആർമി പോസ്റ്റിട്ടു. ഉയിരാണ് പിജെ, പാർട്ടിയാണ് വലുതെന്ന് പറഞ്ഞ് ആർമി വെടി നിർത്തൽ പ്രഖ്യാപിച്ചപ്പോഴും കനലെരിയുകയാണ്. 

പി ജയരാജന് പിന്തുണ പ്രഖ്യാപിച്ച് സ്പോർട്സ് കൗൺസിലിൽ നിന്ന് രാജി വച്ച ധീരജ് കുമാർ താൻ രാഷ്ട്രീയ പ്രവർത്തനം മതിയാക്കുകയാണെന്ന് വ്യക്തമാക്കി. പി ജെയെ ഒഴിവാക്കിയതിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്നും ധീരജ് മുന്നറിയിപ്പ് നൽകുന്നു.

വൻ മരങ്ങളെ വെട്ടി നിരത്തിയതിലും പാർട്ടിയിൽ ജൂനിയറായ എം വിജിനെ കല്യാശ്ശേരിയിൽ മത്സരിപ്പിക്കുന്നതിലും ജില്ലയിലെ പല നേതാക്കൾക്കും അതൃപ്തിയുണ്ട്. കണ്ണൂരിലെ സിപിഎമ്മിൽ നടക്കുന്നത് ആഭ്യന്തര കലാപമാണെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം. സിപിഎമ്മിന്റെ ആഭ്യന്തര വിഷയമാണെന്ന് ആവർത്തിക്കുമ്പോഴും സിപിഎമ്മിനകത്തെ ഈ അമർഷം യുഡിഎഫിന് ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് കണക്ക്കൂട്ടുന്നത്. 

സ്ഥാനാർത്ഥി ലിസ്റ്റിനെ ചൊല്ലിയുള്ള ഈ മുറുമുറുപ്പുകൾക്കിടെ ഒരാഴ്ചത്തെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ധർമ്മടത്ത് എത്തുന്നുണ്ട്.

Follow Us:
Download App:
  • android
  • ios