കണ്ണൂര്‍: ഇ പി ജയരാജനെ ഒഴിവാക്കിയതില്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനം. ഇപി ജയരാജന്‍, തോമസ് ഐസക് എന്നിവരെ ഒഴിവാക്കിയ സ്ഥാനാര്‍ത്ഥി പട്ടിക ദുര്‍ബലമെന്നാണ് പ്രധാനമായും ഉയര്‍ന്ന വിമര്‍ശനം. ജയരാജനെ മട്ടന്നൂരില്‍ തന്നെ മത്സരിപ്പിക്കണമെന്നും കെ കെ ശൈലജയെ പേരാവൂരില്‍ മത്സരിപ്പിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു. എ കെ ബാലന്‍റെ ഭാര്യ പി കെ ജമീലയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെയും വിമര്‍ശനം ഉയര്‍ന്നു. 

സിപിഎം സ്ഥാനാർത്ഥി നിർണയത്തിൽ നേതാക്കളെ വെട്ടിനിരത്തിയതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. തോമസ് ഐസക്കിനെയും ജി സുധാകരനെയും ശ്രീരാമകൃഷ്ണനെയും ഒഴിവാക്കിയത് അമിത ആത്മവിശ്വാസത്തിന്‍റെ സൂചനയെന്നാണ് സിപിഎം അണികൾക്കിടയിലെ എതിർപ്പ്. അമ്പലപ്പുഴയിൽ ജി സുധാകരന് വേണ്ടിയും പൊന്നാനിയിൽ പി ശ്രീരാമകൃഷ്ണന് വേണ്ടിയും പോസ്റ്ററുകൾ ഉയർന്നു. 

പി ജയരാജനെ തഴഞ്ഞതിലാണ് കണ്ണൂരിൽ പ്രതിഷേധം. സൈബർ സഖാക്കളുടെ കൂട്ടായ്മയായ പിജെ ആർമിയാണ് ജയരാജന് വേണ്ടി പടനയിക്കുന്നത്. പാർട്ടിയംഗവും  കണ്ണൂർ സ്പോർട്സ് കൗണ്‍സിൽ ഉപാധ്യക്ഷനുമായ ധീരജ് കുമാർ ഒരുപടി കൂടി കടന്ന് പരസ്യ പ്രസ്താവനയുമിറക്കി.