Asianet News MalayalamAsianet News Malayalam

കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഒരു കാലഘട്ടത്തിന്‍റെ അന്ത്യമോ?

ഗ്രൂപ്പ് രാഷ്ട്രീയത്തിന്‍റെ തുടര്‍ച്ചയില്‍ നിന്നും പാര്‍ട്ടിയെ മോചിപ്പിച്ച് മാറുന്ന കാലത്തെ അഭിമുഖീകരിച്ചില്ലെങ്കില്‍ നിലനില്‍പ്പ് പ്രതിസന്ധിയിലാവുന്ന നിര്‍ണ്ണായക കാലമാണ് കേരളത്തിലെ കോണ്‍ഗ്രസിന് മുന്നിലുള്ളത്

end of an era in congress party leadership in kerala?
Author
Thiruvananthapuram, First Published May 2, 2021, 8:19 PM IST

നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള മലയാളിയുടെ ഓര്‍മ്മ ഭരണമാറ്റത്തെക്കുറിച്ചുള്ള ഓര്‍മ്മ കൂടിയാണ്. ഇടതും വലതും മാറിമാറി വരുന്നതിന്‍റെ ഇടതടവില്ലാത്ത തുടര്‍ച്ച. അതുകൊണ്ടുതന്നെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിനെ പരാജയപ്പെടുത്തി എല്‍ ഡി എഫ് നേടിയ ഭരണത്തുടര്‍ച്ച സമാനതകള്‍ ഇല്ലാത്തതാവുന്നത്. രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ ചാണ്ടിയും അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയാണ് ഈ പരാജയം കടുത്ത പ്രതിസന്ധിയിലാക്കുന്നത്. തുടര്‍ച്ചയായി 11 തവണ തന്നെ നിയമസഭയിലേക്ക് എത്തിച്ച പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം 8504 ആയി കുറഞ്ഞ, യുഡിഎഫിന് ലഭിച്ച ആകെ സീറ്റുകളുടെ എണ്ണം 2016ലെ 47ല്‍ നിന്നും 41 ആയി കുറഞ്ഞ ഈ തിരഞ്ഞെടുപ്പ് ഫലം അതിനാല്‍, കോണ്‍ഗ്രസിനെ സംബന്ധിച്ച് ഒരു തലമുറ മാറ്റത്തിന്‍റെ സാധ്യതകള്‍ കൂടിയാണ് പറയുന്നത്.

ദേശീയ തലത്തിലെ മങ്ങല്‍

ദേശീയ തലത്തിലും തുടര്‍ച്ചയായി രണ്ടാം തവണ പ്രതിപക്ഷത്തിരിക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടി. അകെ അഞ്ച് സംസ്ഥാനങ്ങളില്‍ മാത്രമാണ് പാര്‍ട്ടി അധികാരത്തിന്‍റെ ഭാഗമാവുന്നത്. തുടര്‍ച്ചയായി രണ്ടാംതവണയും അധികാരത്തില്‍ എത്തിയതിന്‍റെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന എന്‍ഡിഎ സര്‍ക്കാരിനു മുന്നില്‍ ശക്തമായ ഒരു പ്രതിപക്ഷമാവാന്‍ കോണ്‍ഗ്രസിന് ആവുന്നില്ല. ബിജെപി എക്കാലവും ഉയര്‍ത്തിയ നയപരിപാടികളോട് ക്രിയാത്മകമായി എതിര്‍പ്പുയര്‍ത്താനോ തങ്ങള്‍ ഒരു ബദല്‍ ആണെന്ന തോന്നല്‍ ജനങ്ങളില്‍ സൃഷ്ടിക്കാനോ അവര്‍ക്ക് സാധിക്കാതെപോകുന്നു. പ്രാദേശികമെന്നോ ദേശീയമെന്നോ ഭേദമില്ലാതെ ട്രോള്‍ മീമുകളായിപ്പോലും രാഷ്ട്രീയം ചര്‍ച്ചയാവുന്ന സോഷ്യല്‍ മീഡിയയുടെ കാലത്ത്, കോണ്‍ഗ്രസിന് പഴയ തിളക്കമില്ല എന്നത് യാഥാര്‍ഥ്യമാണ്.

end of an era in congress party leadership in kerala?

 

'വിശ്വാസം' ഇനി രക്ഷിക്കില്ലേ?

വിശ്വാസം എന്ന വാക്കിനൊപ്പം സമീപകാലത്ത് നമ്മുടെ സാമൂഹിക ഓര്‍മ്മയിലേക്ക് എത്തിയ മറ്റൊരു വാക്ക് ശബരിമല എന്നതാണ്. അതേസമയം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സമുദായ സംഘടനകള്‍ക്കുള്ള പങ്കിനെക്കുറിച്ച് നമുക്ക് ദീര്‍ഘമായ ഓര്‍മ്മകളുമുണ്ട്. ഈ സാമുദായിക ബലതന്ത്രത്തിന് ഭാവിയുണ്ടാവുമോ എന്ന് രാഷ്ട്രീയ പാര്‍ട്ടികളെ ഇരുത്തി ചിന്തിപ്പിക്കുന്ന തിരഞ്ഞെടുപ്പ് ഫലമാണ് ഇത്തവണത്തേത്.

ശബരിമലയിലെ യുവതീപ്രവേശനത്തോട് ഇടതു സര്‍ക്കാര്‍ തുടക്കത്തില്‍ സ്വീകരിച്ച നിലപാടിനെ ബിജെപിക്കൊപ്പം എതിര്‍ക്കുന്ന നയമായിരുന്നു കോണ്‍ഗ്രസിന്‍റേത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ അതിന്‍റെ സ്വാധീനമുണ്ടെന്നും നേതൃത്വം വിലയിരുത്തിയിരുന്നു. പിന്നീട് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും ഇപ്പോഴത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും ശബരിമലയെ വീണ്ടും പ്രധാന രാഷ്ട്രീയ ആയുധമാക്കുന്ന യുഡിഎഫിനെയാണ് കേരളം കണ്ടത്. എന്നാല്‍  അതു സംബന്ധിച്ച പ്രചരണങ്ങള്‍ ഇത്തവണ വോട്ടര്‍മാരില്‍ ഒരു തരത്തിലുള്ള പ്രതികരണവും സൃഷ്ടിച്ചില്ല എന്നതാണ് തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. ശബരിമല ഉള്‍പ്പെട്ട പത്തനംതിട്ടയില്‍ പോലും മുഴുവന്‍  സീറ്റുകളിലും എല്‍ഡിഎഫ് ആണ് മുന്നേറിയത്.

end of an era in congress party leadership in kerala?

 

പ്രളയ, കൊവിഡ് കാലങ്ങളിലെ പ്രതിപക്ഷം

കേരളത്തില്‍ ഒരു മുന്‍ സര്‍ക്കാരിനും നേരിടേണ്ടി വന്നിട്ടില്ലാത്ത പ്രതിസന്ധികള്‍ തുടര്‍ച്ചയായി നേരിടേണ്ടിവന്ന സര്‍ക്കാരായിരുന്നു കഴിഞ്ഞ തവണത്തെ പിണറായി സര്‍ക്കാര്‍. നിപ്പയും രണ്ടു തവണത്തെ പ്രളയവും പിന്നീട് കൊവിഡുമൊക്കെ ഒന്നിനുപിന്നാലെ ഒന്നായി എത്തി. പ്രതിസന്ധികളില്‍ തങ്ങള്‍ക്ക് താങ്ങാവുന്നുവെന്ന തോന്നല്‍ ജനങ്ങളില്‍ സൃഷ്ടിച്ച് യുക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയപ്പോള്‍ പരുങ്ങലിലായത് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം കൂടി ആയിരുന്നു. ആരോപണങ്ങള്‍ക്കു വേണ്ടി ആരോപണം എന്ന തോന്നല്‍ സൃഷ്ടിക്കുന്ന പല പ്രസ്താവനകളും പ്രതിപക്ഷ നേതാവിന്‍റേതായി പുറത്തുവന്നിരുന്നു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ അവസാനകാലത്ത് പിന്‍വാതില്‍ നിയമനം, ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ തുടങ്ങി കാമ്പുള്ള ആരോപണങ്ങളുമായി പ്രതിപക്ഷം വാര്‍ത്തകളില്‍ നിറഞ്ഞെങ്കിലും അവയ്‌ക്കൊന്നും വോട്ടിംഗിനെ സ്വാധീനിക്കാനായില്ല എന്നു വേണം കരുതാന്‍.

സോഷ്യല്‍ മീഡിയയിലെ സ്വാധീനക്കുറവ്

നിത്യേനയുള്ള രാഷ്ട്രീയ ചര്‍ച്ചയില്‍ സോഷ്യല്‍ മീഡിയ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന കാലമാണിത്. വി ടി ബെല്‍റാമിനെയും ഷാഫി പറമ്പിലിനെയും പോലെയുള്ള യുവനേതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ സജീവസാന്നിധ്യമാണെങ്കിലും ഒരു പാര്‍ട്ടി എന്ന നിലയില്‍ കേരളത്തിലെ കോണ്‍ഗ്രസ് സിപിഎമ്മിനെയോ ബിജെപിയെയോ പോലെ ആ ഇടത്തില്‍ സാന്നിധ്യമല്ല. പുതുകാലവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെക്കുറിച്ച് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ പല കമന്‍റുകളും പലപ്പോഴും ട്രോള്‍ വീഡിയോകളായാണ് പ്രചരിക്കപ്പെട്ടത്.

മന്ത്രി കെ കെ ശൈലജയെക്കുറിച്ചുള്ള ഗാര്‍ഡിയന്‍ ലേഖനത്തിലെ 'റോക്ക് സ്റ്റാര്‍' എന്ന വിശേഷണത്തില്‍ 'ആധുനിക നൃത്തസംവിധാനങ്ങളെക്കുറിച്ച് തനിക്കൊന്നുമിറിയില്ലെ'ന്ന് മുല്ലപ്പള്ളി പറഞ്ഞതും, തനിക്കെതിരെ സോഷ്യല്‍ മീഡിയയിലുണ്ടാകുന്ന ആക്രമണങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന അക്കൗണ്ടുകളില്‍ നിന്നാണെന്ന് ഈയിടെ രമേശ് ചെന്നിത്തല പറഞ്ഞതുമൊക്കെ ട്രോളുകളായാണ് പ്രചരിച്ചത്.

end of an era in congress party leadership in kerala?

 

തലമുറ മാറ്റം

ഗ്രൂപ്പ് രാഷ്ട്രീയത്തിന്‍റെ തുടര്‍ച്ചയില്‍ നിന്നും പാര്‍ട്ടിയെ മോചിപ്പിച്ച് മാറുന്ന കാലത്തെ അഭിമുഖീകരിച്ചില്ലെങ്കില്‍ നിലനില്‍പ്പ് പ്രതിസന്ധിയിലാവുന്ന നിര്‍ണ്ണായക കാലമാണ് കേരളത്തിലെ കോണ്‍ഗ്രസിന് മുന്നിലുള്ളത്. നേതാവും അണികളും അവരുടെ ഗ്രൂപ്പും ചേര്‍ന്ന് ഒരു 'പാര്‍ട്ടി' പോലെയും ആ പാര്‍ട്ടികള്‍ ചേര്‍ന്ന് സംസ്ഥാന കോണ്‍ഗ്രസും എന്ന മാതൃകയ്ക്ക് ഇനി ആയുസ്സ് ഉണ്ടാവില്ലെന്ന കൃത്യമായ സന്ദേശമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം. സംഘടനാ തിരഞ്ഞെടുപ്പിലൂടെ ഒരു അഴിച്ചുപണിക്കുള്ള സാധ്യത പോലും പതിറ്റാണ്ടുകളോളം മുടങ്ങിയിരുന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇനി തലമുറമാറ്റമെന്ന ആവശ്യം ശക്തമാകുമെന്ന് ഉറപ്പാണ്. ഈ പരാജയം നല്‍കുന്ന സന്ദേശങ്ങളെ കോണ്‍ഗ്രസ് രാഷ്ട്രീയമായി എങ്ങനെ അതിജീവിക്കും എന്നത് കേരളത്തിന്‍റെ രാഷ്ട്രീയഭാവിയെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകവുമാണ്.

Follow Us:
Download App:
  • android
  • ios