Asianet News MalayalamAsianet News Malayalam

'വോട്ട് ചെയ്യാം ജാഗ്രതയോടെ'; വോട്ടർമാർക്ക് നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്

പൊതുജനങ്ങളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കുകയും വേണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. 

Health Department out instructions to voters
Author
Thiruvananthapuram, First Published Apr 5, 2021, 4:31 PM IST

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാണെങ്കിലും രാജ്യത്തിന്റെ പല ഭാഗത്തും കൊവിഡിന്റെ അതിതീവ്ര വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാവര്‍ക്കും വോട്ട് ചെയ്യാനുള്ള സൗകര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ എല്ലാവരും തങ്ങളുടെ സമ്മതിദാനാവകാശം ശ്രദ്ധാപൂര്‍വം വിനിയോഗിക്കേണ്ടതാണ്. അതോടൊപ്പം പൊതുജനങ്ങളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കുകയും വേണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. 

പ്രായമുള്ളവര്‍ക്കും ഗുരുതര രോഗമുള്ളവര്‍ക്കും കൊവിഡ് ബാധിച്ചാല്‍ സങ്കീര്‍ണമാകും. അതിനാല്‍ തന്നെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പുലര്‍ത്തിയ ജാഗ്രത തുടരേണ്ടതാണ്. വോട്ടെടുപ്പില്‍ പങ്കെടുക്കുന്ന ഓരോരുത്തരും ശ്രദ്ധിച്ചാല്‍ വ്യാപനത്തോത് കുറയ്ക്കാന്‍ സാധിക്കുന്നതാണ്. എല്ലാവരും സ്വന്തം ആരോഗ്യവും മറ്റുള്ളവരുടെ ആരോഗ്യവും ശ്രദ്ധിക്കണം. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

· വോട്ടിടാനായി വീട്ടില്‍ നിന്നിറങ്ങുന്നത് മുതല്‍ തിരികെയെത്തുന്നതുവരെ മൂക്കും വായും മൂടത്തക്ക വിധം മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം.

· കുട്ടികളെ ഒരു കാരണവശാലും കൂടെ കൊണ്ട് പോകരുത്.

· രജിസ്റ്ററില്‍ ഒപ്പിടുന്നതിനുള്ള പേന കയ്യില്‍ കരുതുക.

· പരിചയക്കാരെ കാണുമ്പോള്‍ മാസ്‌ക് താഴ്ത്തി ഒരു കാരണവശാലും സംസാരിക്കരുത്. ആരെങ്കിലും മാസ്‌ക് താഴ്ത്തി സംസാരിച്ചാല്‍ അവരോട് മാസ്‌ക് വച്ച് സംസാരിക്കാന്‍ പറയുക.

· ആരോട് സംസാരിച്ചാലും 6 അടി സാമൂഹിക അകലം പാലിക്കണം.

· പോളിംഗ് ബൂത്തില്‍ ക്യൂവില്‍ നില്‍ക്കുമ്പോഴും മുമ്പിലും പിമ്പിലും 6 അടി സാമൂഹ്യ അകലം പാലിക്കണം. കൂട്ടം കൂടി നില്‍ക്കരുത്.

· ഒരാള്‍ക്കും ഷേക്ക് ഹാന്‍ഡ് നല്‍കാനോ ദേഹത്ത് തൊട്ടുള്ള സ്‌നേഹപ്രകടനങ്ങള്‍ നടത്താനോ പാടില്ല.

· എല്ലാവരേയും തെര്‍മ്മല്‍ സ്‌കാനിംഗ് വഴി പരിശോധന നടത്തിയായിരിക്കും ബൂത്തിലേക്ക് പ്രവേശിപ്പിക്കുക.

· തെര്‍മ്മല്‍ സ്‌കാനറില്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്നവരെ വീണ്ടും പരിശോധിക്കും. അപ്പോഴും ഉയര്‍ന്ന താപനില കണ്ടാല്‍ അവര്‍ക്ക് വോട്ടെടുപ്പിന്റെ അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാവുന്നതാണ്.

· കോവിഡ് രോഗികളും കോവിഡ് രോഗലക്ഷണമുള്ളവരും വോട്ടെടുപ്പിന്റെ അവസാന മണിക്കൂറില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ വോട്ട് ചെയ്യാന്‍ പാടുള്ളൂ.

· പനി, തുമ്മല്‍, ചുമ തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ വോട്ടെടുപ്പിന്റെ അവസാന മണിക്കൂറില്‍ മാത്രം വോട്ട് ചെയ്യുവാന്‍ പോകുക. അവര്‍ ആള്‍ക്കൂട്ടത്തില്‍ പോകരുത്.

· മറ്റ് ഗുരുതര രോഗമുള്ളവര്‍ തിരക്ക് കുറഞ്ഞ സമയത്ത് മാത്രം പോയി വോട്ട് രേഖപ്പെടുത്തേണ്ടതാണ്.

· വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേയ്ക്ക് പോകുമ്പോഴും നിര്‍ബന്ധമായും സാനിറ്റൈസര്‍ ഉപയോഗിക്കണം.

· പോളിംഗ് ബൂത്തിന്റെ വാതിലുകളും ജനാലകളും തുറന്നിടേണ്ടതാണ്.

· അടച്ചിട്ട മുറികളില്‍ വ്യാപന സാധ്യത കൂടുതലായതിനാല്‍ ഉദ്യോഗസ്ഥരും പോളിംഗ് ഏജന്റുമാരും വോട്ടര്‍മാരും ശാരീരിക അകലം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

· തിരിച്ചറിയല്‍ വേളയില്‍ ആവശ്യമെങ്കില്‍ മാത്രം മാസ്‌ക് മാറ്റുക. സാമൂഹിക അകലം പാലിക്കണം. മാസ്‌ക് മാറ്റി സംസാരിക്കരുത്.

· വോട്ട് ചെയ്തശേഷം ഉടന്‍ തന്നെ തിരിച്ച് പോകുക.

· വീട്ടിലെത്തിയാലുടന്‍ കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം.

എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ദിശ 1056ല്‍ വിളിക്കാവുന്നതാണ്.

Follow Us:
Download App:
  • android
  • ios