തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് മുന്നേറ്റമുണ്ടാക്കാനായത് കേരളാ കോൺഗ്രസ് കൂടെ ഉള്ളത് കൊണ്ടാണ്. നിയമസഭാ തെര‍ഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിൽ അഹര്‍മായ പ്രാധാന്യം കിട്ടുമെന്നും ജോസ് കെ മാണി 

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ മുന്നേറ്റം കേരളാ കോൺഗ്രസിന് കൂടി അവകാശപ്പെട്ടതാണെന്ന് ജോസ് കെ മാണി. നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളൊന്നും മുന്നണിയിൽ ആരംഭിച്ചിട്ടില്ല. കേരളാ കോൺഗ്രസിന് അര്‍ഹമായ പിന്തുണ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജോസ് കെ മാണി പറഞ്ഞു. എതിരാളി ആരാണ് എന്നത് പാലായിൽ പ്രസക്തമല്ല, പാലായെ പാലാ ആക്കിയത് കെഎം മാണി ആണെന്നും ജോസ് കെ മാണി പറഞ്ഞു. 

മാണി സി കാപ്പന്‍റെ മുന്നണി മാറ്റം ഒരു വ്യക്തിയുടെ നിലപാട് മാത്രമായെ കാണുന്നുള്ളു. അക്കാര്യത്തിൽ ചര്‍ച്ചക്ക് പ്രസക്തിയില്ലെന്നും ജോസ് കെ മാണി പറഞ്ഞു. ഇടതുമുന്നണിക്ക് കിട്ടിയ ജൂനിയര്‍ മാൻഡ്രേക്കാണെന്ന കാപ്പന്‍റെ പ്രസ്താവന ശ്രദ്ധയിൽ പെടുത്തിയപ്പോൾ അതേ നാണയത്തിൽ മറുപടി പറയാനില്ല, പാലായുടെയും കേരള കോൺഗ്രസിൻ്റെയും സംസ്കാരം അതല്ലന്നും ആയിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം