കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതം വെക്കരുതെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. നല്ല സ്ഥാനാര്‍ത്ഥികള്‍ ഉണ്ടെങ്കില്‍ മാത്രമേ ജനം അംഗീകരിക്കൂ എന്ന് മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒരു സ്ഥാനാർഥിയുടെ കാര്യത്തിലും പാർട്ടി അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിന്‍റെ നമ്മുടെ ചിഹ്നം സൈക്കിള്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെ മുരളീധരൻ. 

ശബരിമല വിഷയത്തിൽ വിശ്വാസം സംരക്ഷിക്കണമെന്നാണ് യുഡിഎഫ് ആദ്യം മുതൽ സ്വീകരിക്കുന്ന നിലപാടെന്ന് മുരളീധരൻ പറഞ്ഞു. വടകരയില്‍ ആര്‍എംപിയുമായി സഹകരിക്കണമെന്നാണ് ആഗ്രഹം.  വടകരയിൽ ശക്തമായ രാഷ്ട്രീയ സ്വാധീനമുള്ള പാർട്ടിയാണിത്. ഇതിനായുള്ള ചര്‍ച്ചകള്‍ തുടങ്ങിയെന്നും മുരളീധരൻ പറഞ്ഞു. സംസ്ഥാനത്ത് നടക്കുന്ന പല സംഭവ വികാസങ്ങളും യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് വിജയമാണ് സൂചിപ്പിക്കുന്നതെന്നും ഉദ്യോഗാര്‍ത്ഥികളുടെ സെക്രട്ടറിയേറ്റ് സമരം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.