Asianet News MalayalamAsianet News Malayalam

'യാതൊരു സ്വാധീനവുമില്ല', കയ്പമംഗലത്ത് ആർഎസ്‍പി വേണ്ടെന്ന് യൂത്ത് കോൺഗ്രസ്

കയ്പമംഗലത്ത് കഴിഞ്ഞ തവണ യുഡിഎഫിൽ നിന്ന് ആർഎസ്പിയാണ് മത്സരിച്ചത്. സിപിഐ എംഎൽഎയായ ഇ ടി ടൈസൺ മാസ്റ്ററാണ് ഇവിടെ അന്ന് ആർഎസ്പിയെ തോൽപ്പിച്ച് വിജയിച്ചത്. അന്ന് ആർഎസ്പിക്ക് കിട്ടിയത് ഇ ടി ടൈസൺ മാസ്റ്റർക്ക് കിട്ടിയതിന്‍റെ പകുതി വോട്ട് മാത്രം.

kaipamangalam seat youth congress against giving the seat to rsp
Author
Thrissur, First Published Mar 2, 2021, 4:32 PM IST

തൃശ്ശൂർ: തൃശ്ശൂർ കയ്പമംഗലത്ത് ഇത്തവണയും യുഡിഎഫ് സീറ്റ് ആർഎസ്പിക്ക് നൽകുന്നതിനെതിരെ യൂത്ത് കോൺഗ്രസ് രംഗത്ത്. ആർഎസ്പിക്ക് ഇത്തവണ സീറ്റ് നൽകരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രമേയം പാസ്സാക്കി. മണ്ഡലത്തിൽ ആർഎസ്പിക്ക് യാതൊരു തരത്തിലുള്ള സ്വാധീനവുമില്ലെന്നും, സംഘടനാസംവിധാനം പോലും ശരിക്കില്ലാത്ത പാർട്ടിക്ക് ഇവിടെ സീറ്റ് നൽകേണ്ടതില്ലെന്നും യൂത്ത് കോൺഗ്രസ് പ്രമേയത്തിൽ പറയുന്നു. 

കയ്പമംഗലത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം കോൺഗ്രസിന് അനുകൂലമാണ്. സാമുദായിക ഘടകങ്ങൾ കൂടി പരിഗണിച്ച് കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തുകയാണെങ്കിൽ അനായാസം വിജയിക്കാം എന്നിരിക്കെ ആർഎസ്പിക്ക് സീറ്റ് നൽകാനുള്ള ശ്രമം അംഗീകരിക്കാൻ കഴിയില്ലെന്ന് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തുന്നു. ഘടകകക്ഷിയുടെ സമ്മർദ്ദത്തിന് മാത്രം വഴങ്ങി എന്തിനാണ് വിജയസാധ്യതയുള്ള ഒരു സീറ്റ് നഷ്ടപ്പെടുത്തുന്നതെന്ന് യൂത്ത് കോൺഗ്രസ് ചോദിക്കുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എംപിയായി വിജയിച്ച ടിഎൻ പ്രതാപൻ കൈപ്പമംഗലത്ത് ലീഡ് ചെയ്തിരുന്നുവെന്നതും യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നുണ്ട്. 

കയ്പമംഗലത്ത് കഴിഞ്ഞ തവണ യുഡിഎഫിൽ നിന്ന് ആർഎസ്പിയാണ് മത്സരിച്ചത്. സിപിഐ എംഎൽഎയായ ഇ ടി ടൈസൺ മാസ്റ്ററാണ് ഇവിടെ അന്ന് ആർഎസ്പിയെ തോൽപ്പിച്ച് വിജയിച്ചത്. അന്ന് ആർഎസ്പിക്ക് കിട്ടിയത് ഇ ടി ടൈസൺ മാസ്റ്റർക്ക് കിട്ടിയതിന്‍റെ പകുതി വോട്ട് മാത്രം. ഇതാണ് യൂത്ത് കോൺഗ്രസ് പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നത്. 

യൂത്ത് കോൺഗ്രസ് പ്രതിനിധികൾക്ക് തന്നെ കയ്പമംഗലത്ത് സീറ്റ് നൽകണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. കഴിഞ്ഞ തവണ ഇവിടെ യൂത്ത് കോൺഗ്രസ് നേതാവായ ശോഭ സുബിന്‍റെ പേരാണ് ഉയർന്ന് കേട്ടിരുന്നത്. എന്നാൽ അവസാനനിമിഷം സീറ്റ് ആർഎസ്പിക്ക് നൽകുകയായിരുന്നു. ഇത്തവണ ശോഭ സുബിന് തന്നെ അവസരം നൽകണമെന്നാണ് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടുന്നത്. 

2011-ൽ നിലവിൽ വന്ന മണ്ഡലത്തിൽ അന്ന് മത്സരിച്ച് ജയിച്ചത് ഇപ്പോൾ മന്ത്രിയായ വി എസ് സുനിൽകുമാറാണ്. അന്ന് ജെഎസ്എസ് നേതാവ് ഉമേഷ് ചള്ളിയിലിനെയാണ് വി എസ് സുനിൽകുമാർ തോൽപിച്ചത്. 2016-ൽ ഇവിടെ നിന്ന് മത്സരിച്ച് ജയിച്ച ഇ ടി ടൈസൺ മാസ്റ്റർ നേടിയതാകട്ടെ മികച്ച ഭൂരിപക്ഷവുമാണ്. 

Follow Us:
Download App:
  • android
  • ios