ശോഭയെ വെട്ടാന്‍ തുഷാറിനെ വരെ ഇറക്കാന്‍ വി മുരളീധരനും കെ സുരേന്ദ്രനും പദ്ധതിയിട്ടെങ്കിലും അതും പാളി. ഒടുവില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ കൂടി ഇടപെടലില്‍ ശോഭ സുരേന്ദ്രന്‍ കഴക്കൂട്ടത്തേക്ക്. 

തിരുവനന്തപുരം: ഗ്രൂപ്പ് പോരിനും അനിശ്ചിതത്വത്തിനൊടുവിലാണ് ശോഭാ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാകുന്നത്. വി മുരളീധരന്‍ വിഭാഗം അവഗണിച്ചിട്ടും സ്ഥാനാര്‍ത്ഥിയാകാന്‍ കഴിഞ്ഞതോടെ പാര്‍ട്ടിക്കുള്ളില്‍ കരുത്ത് തെളിയിച്ചാണ് ശോഭ ഇറങ്ങുന്നത്. കഴക്കൂട്ടത്ത് ഇത്തവണ ശക്തമായ ത്രികോണ പോരാട്ടമെന്ന് കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കുന്നു.

മൂന്നാംസ്ഥാനത്ത് നിന്നും പാര്‍ട്ടിയെ രണ്ടാ സ്ഥാനത്ത് എത്തിച്ചത് 2016ല്‍ വി മുരളീധരന്റെ പോരാട്ടവീര്യമാണ്. മുരളീധരന്‍ അല്ലെങ്കില്‍ കെ സുരേന്ദ്രന്‍, രണ്ടിലൊന്നില്‍ മാത്രമായിരുന്നു ഒരാഴ്ച മുമ്പ് വരെയും പ്രവര്‍ത്തകരുടെ കാത്തിരിപ്പ്. എന്നാല്‍ പെട്ടെന്നാണ് ശോഭ സുരേന്ദ്രന്‍ കളംപിടിക്കുന്നത്. ശോഭയെ വെട്ടാന്‍ തുഷാറിനെ വരെ ഇറക്കാന്‍ വി മുരളീധരനും കെ സുരേന്ദ്രനും പദ്ധതിയിട്ടെങ്കിലും അതും പാളി. ഒടുവില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ കൂടി ഇടപെടലില്‍ ശോഭ സുരേന്ദ്രന്‍ കഴക്കൂട്ടത്തേക്ക്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വി മുരളീധരന്‍ ശോഭയെ സ്വാഗതം ചെയ്തതും ശ്രദ്ധേയമായി. 

ശബരിമല വിഷയം സജീവമായി ഉയര്‍ത്തിയാണ് ശോഭാ പ്രചാരണത്തിലേക്ക് ഇറങ്ങുന്നത്. യുഡിഎഫും ശബരിമല വിവാദങ്ങളാണ് മണ്ഡലത്തില്‍ പ്രധാനമായും ചര്‍ച്ചയാക്കുന്നത്. ആറായിരം വോട്ടില്‍ നിന്നും അഞ്ച് വര്‍ഷം കൊണ്ട് 42000ത്തിലേക്കുള്ള വോട്ടുവളര്‍ച്ചയാണ് ബിജെപിക്ക് ആത്മവിശ്വാസം നല്‍കുന്ന ഘടകം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയെക്കാളും പതിനാലായിരം വോട്ടിന്റെ മേല്‍ക്കൈ മണ്ഡലത്തില്‍ എല്‍ഡിഎഫിനുണ്ട്. ഒപ്പം ബിജെപിയിലെയും കോണ്‍ഗ്രസിലെയും ആഭ്യന്തര പ്രശ്‌നങ്ങളും അനുകൂലമാകുമെന്ന് സിപിഎം കണക്കുകൂട്ടുന്നു. തുടക്കത്തിലെ പ്രശ്‌നങ്ങള്‍ മറികടന്ന് യുഡിഎഫും പ്രചാരണത്തില്‍ സജീവം.