Asianet News MalayalamAsianet News Malayalam

കേരളം ഇടതിനൊപ്പം! എൽഡിഎഫിന് തുടർഭരണം; 11 ജില്ലകളിൽ മേൽക്കൈയെന്ന് പോസ്റ്റ് പോൾ സർവേ

കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഇടതുമുന്നണി വ്യക്തമായ മേൽക്കൈ നേടും

Kerala Assembly election 2021 Asianet news C Fore post poll survey result LDF to win
Author
Thiruvananthapuram, First Published Apr 30, 2021, 9:45 PM IST

തിരുവനന്തപുരം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ തുടർഭരണം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് - സീ ഫോർ പോസ്റ്റ് പോൾ സർവെ ഫലം. 77 മുതൽ 86 സീറ്റ് വരെ ഇടതുപക്ഷത്തിന് ലഭിക്കുമെന്നും 52 മുതൽ 61 സീറ്റ് വരെ നേടി യുഡിഎഫ് രണ്ടാമതെത്തുമെന്നും സർവെ ഫലം വ്യക്തമാക്കുന്നു. ബിജെപിക്ക് രണ്ട് മുതൽ അഞ്ച് വരെ സീറ്റുകളാണ് ലഭിക്കുക.

മറ്റുള്ളവർ മൂന്ന് സീറ്റ് വരെ നേടിയേക്കാമെന്നും സർവെ പറയുന്നുണ്ട്. വോട്ട് ശതമാനത്തിലും മുന്നിൽ ഇടതുപക്ഷമാണ്. 42 ശതമാനം വോട്ടാണ് ഇടതുമുന്നണിക്ക് ലഭിക്കുക. യുഡിഎഫിന് 38 ശതമാനം വോട്ട് ലഭിക്കും. മൂന്നാം സ്ഥാനത്തെത്തുന്ന എൻഡിഎക്ക് 17 ശതമാനം വോട്ടാണ് നേടാനാവുക. 

Kerala Assembly election 2021 Asianet news C Fore post poll survey result LDF to win

കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഇടതുമുന്നണി വ്യക്തമായ മേൽക്കൈ നേടും. കോട്ടയത്തും ബലാബലമാണ്. എറണാകുളത്തും മലപ്പുറത്തും യു‍ഡിഎഫിന് മികച്ച ഭൂരിപക്ഷം സീറ്റുകളുടെ എണ്ണത്തിലടക്കം ഉണ്ടാകും.

മലബാറിലെ (കാസ‍ർകോട് മുതൽ പാലക്കാട് വരെ) 60 സീറ്റുകളിൽ എൽഡിഎഫ് 35 മുതൽ 38 സീറ്റ് വരെ നേടും. 43 ശതമാനം വോട്ടാണ് ഇടതുമുന്നണിക്ക് ലഭിക്കുക. യുഡിഎഫിന് ഇവിടെ 21 മുതൽ 24 സീറ്റ് വരെ നേടാൻ സാധ്യതയുണ്ട്. 38 ശതമാനമാണ് മലബാർ മേഖലയിലെ യുഡിഎഫിന്റെ വോട്ട് വിഹിതം. ബിജെപിക്ക് ഒന്ന് മുതൽ രണ്ട് വരെ സീറ്റ് മലബാറിൽ ലഭിക്കും. 17 ശതമാനമാണ് വോട്ട് വിഹിതം.

മധ്യകേരളത്തിൽ (തൃശ്ശൂർ മുതൽ കോട്ടയം വരെ) 41 സീറ്റുകളിൽ മുൻതൂക്കം യുഡിഎഫിനാണ്. 20 മുതൽ 23 വരെ സീറ്റ് യുഡിഎഫിന് ലഭിക്കാൻ സാധ്യതയുണ്ട്. 41 ശതമാനം വോട്ടും കിട്ടും. എൽഡിഎഫിന് 18 മുതൽ 21 സീറ്റ് വരെയാണ് നേടാനാവുക. 39 ശതമാനമാണ് വോട്ട് വിഹിതം. എൻഡിഎക്ക് ഒരു സീറ്റാണ് പരമാവധി പ്രവചിക്കപ്പെടുന്നത്. 15 ശതമാനമാണ് വോട്ട് വിഹിതം.

തെക്കൻ കേരളത്തിലെ (ആലപ്പുഴ മുതൽ തിരുവനന്തപുരം വരെ) 39 സീറ്റുകളിലും ഇടതുമുന്നണിക്ക് മുൻതൂക്കമുണ്ടാകും. 42 ശതമാനം വോട്ട് വിഹിതത്തോടെ 24 മുതൽ 27 സീറ്റ് വരെ ഇടതിന് ലഭിക്കും. 37 ശതമാനം വോട്ട് ലഭിക്കുന്ന യുഡിഎഫിന് 11 മുതൽ 17 സീറ്റ് വരെയാണ് പരമാവധി പ്രവചിക്കപ്പെടുന്നത്. 18 ശതമാനം വോട്ട് നേടുമെങ്കിലും എൻഡിഎക്ക് ഈ മേഖലയിൽ പരമാവധി ലഭിക്കാവുന്ന സീറ്റുകളുടെ എണ്ണം രണ്ടാണ്.  

സ്ത്രീകളുടെ പിന്തുണ ഇടതിന്

സംസ്ഥാനത്തെ സ്ത്രീ വോട്ടർമാരിൽ 43 ശതമാനം സ്ത്രീകളും പിന്തുണക്കുന്നത് ഇടതുമുന്നണിയെയാണ്. 37 ശതമാനമാണ് യുഡിഎഫിനെ പിന്തുണക്കുന്നത്. പുരുഷന്മാരിലും കൂടുതൽ പിന്തുണ ഇടതിനാണ്. 41 ശതമാനം. 39 ശതമാനം പേർ യുഡിഎഫിനെ പിന്തുണക്കുന്നു. സ്ത്രീകളിൽ 18 ശതമാനവും പുരുഷന്മാരിൽ 16 ശതമാനവും എൻഡിഎയെ പിന്തുണക്കുന്നവരാണ്.

എല്ലാ പ്രായക്കാരിലും മുന്നിൽ എൽ‍ഡിഎഫ്

സംസ്ഥാനത്തെ 18 നും 25 നും ഇടയിൽ പ്രായമുള്ളവരിൽ 38 ശതമാനം പിന്തുണക്കുന്നത് ഇടതുമുന്നണിയെയാണ്. 35 ശതമാനമാണ് യു‍ഡിഎഫിനെ പിന്തുണക്കുന്നത്. 24 ശതമാനം എൻ‍ഡിഎയെ പിന്തുണക്കുന്നു. 26 നും 35 നും ഇടയിൽ പ്രായമുള്ളവരിൽ 42 ശതമാനം പേർ ഇടതിനൊപ്പമാണ്. 36 ശതമാനം യു‍ഡിഎഫിനും 20 ശതമാനം എൻ‍ഡിഎക്കും ഒപ്പമാണ്. 36 നും 50 നും ഇടയിൽ പ്രായമുള്ളവരിൽ 43 ശതമാനം പേർ എൽഡിഎഫിനെയും 39 ശതമാനം യുഡിഎഫിനെയും പിന്തുണക്കുന്നു. 14 ശതമാനം എൻ‍ഡിഎക്ക് ഒപ്പമാണ്. 50 വയസിന് മുകളിൽ പ്രായമുള്ളവരിൽ 45 ശതമാനം പേരാണ് ഇടതുമുന്നണിക്കൊപ്പമുള്ളത്. 40 ശതമാനമാണ് യുഡിഎഫിനെ പിന്തുണക്കുന്നത്. 12 ശതമാനം എൻഡിഎക്ക് ഒപ്പമാണ്.

Follow Us:
Download App:
  • android
  • ios