Asianet News MalayalamAsianet News Malayalam

ചുവടുമാറ്റം തുണച്ചതാരെ? കേരള കോൺ​ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടനത്തിന്റെ പോസ്റ്റ് പോൾ സർവേ ഫലം

12 ഇടത്ത് മത്സരിച്ച പാർട്ടിക്ക് മുന്നണിയുടെ വിജയത്തേക്കാളുപരിയായി, കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗത്തേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടത് അത്യാവശ്യമാണ്

Kerala Assembly election 2021 Jose K Mani party pala Asianet news C Fore post poll survey result
Author
Kottayam, First Published Apr 30, 2021, 9:08 PM IST

തിരുവനന്തപുരം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്നത് കേരള കോൺ​ഗ്രസ് എമ്മിന്റെ പ്രകടനമാണ്. അതിൽ തന്നെ പാലാ പരമപ്രധാനവുമാണ്. ഇടതുമുന്നണിക്ക് വേണ്ടി സീറ്റ് പിടിച്ചെടുത്ത മാണി സി കാപ്പനെതിരെ ജോസ് കെ മാണിയാണ് മത്സര രം​ഗത്തുള്ളത്. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഈ മണ്ഡലത്തിൽ ശക്തമായ മത്സരമാണ് നടന്നത്. എങ്കിലും ജനപിന്തുണയിൽ ഒരു പണത്തൂക്കം മുന്നിലുള്ളത് മാണി സി കാപ്പനാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ സർവേ ഫലം പറയുന്നു.

കുറ്റ്യാടിയടക്കം ആകെ 13 സീറ്റുകളാണ് ഇടതുമുന്നണി കേരള കോൺ​ഗ്രസ് എമ്മിന് നൽകിയത്. എന്നാൽ കുറ്റ്യാടിയിൽ സിപിഎം പ്രവർത്തകർ തെരുവിലിറങ്ങിയതോടെ ആ സീറ്റ് തിരികെ കൊടുത്ത് കേരള കോൺ​ഗ്രസ് മര്യാദകാട്ടി. അവശേഷിച്ച 12 ഇടത്ത് മത്സരിച്ച പാർട്ടിക്ക് മുന്നണിയുടെ വിജയത്തേക്കാളുപരിയായി, കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗത്തേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ അത് സാധിക്കില്ലെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് - സീ ഫോർ സർവേ ഫലം പറയുന്നത്.

ഇടുക്കി സീറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ ഫ്രാൻസിസ് ജോർജിന്റെ വെല്ലുവിളി അതിജീവിച്ച് റോഷി അ​ഗസ്റ്റിൻ വിജയിക്കുമെന്നാണ് സർവേ ഫലം. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ ജോസഫ് വാഴക്കനെ, ഡോ എൻ ജയരാജ് മികച്ച ഭൂരിപക്ഷത്തോടെ മറികടക്കും. പിസി ജോർജ്ജിന്റെ പൊന്നാപുരം കോട്ടയായ പൂഞ്ഞാറിൽ ഇക്കുറി അഡ്വ സെബാസ്റ്റ്യൻ കുളത്തിങ്കൽ വിജയിക്കുമെന്നാണ് സർവേ ഫലം. ചാലക്കുടിയിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥി സനീഷ് കുമാർ ജോസഫിനെതിരെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ നേരിയ മുൻതൂക്കം നേടാൻ ഡെന്നിസ് കെ ആന്റണി നേടുമെന്നും സർവേ വ്യക്തമാക്കുന്നു. 

പാലായിൽ ജോസ് കെ മാണിക്ക് പുറമെ, ചങ്ങനാശ്ശേരിയിൽ അഡ്വക്കേറ്റ് ജോബ് മൈക്കിളും തോൽക്കും. കടുത്തുരുത്തിയിൽ കടുത്ത മത്സരമാണെങ്കിലും മോൻസ് ജോസഫിനെ മറികടക്കാൻ കേരള കോൺ​ഗ്രസ് എം സ്ഥാനാർത്ഥി സ്റ്റീഫന്‍ ജോര്‍ജിന് സാധിക്കില്ലെന്നാണ് പ്രവചനം. സിപിഎം കുത്തകയാക്കി വെച്ചിരുന്ന റാന്നിയിൽ അഡ്വ പ്രമോദ് നാരായണനും പിറവത്ത് ഡോ സിന്ധുമോൾ ജേക്കബും കണ്ണൂർ ജില്ലയിലെ ഇരിക്കൂറിൽ സജി കുറ്റ്യാനിമറ്റവും തോൽക്കും.

കെഎം മാണിയുടെ മരണശേഷം പാർട്ടിക്കകത്ത് നടന്ന കൂറുമാറ്റങ്ങളും കാലുവാരലും എല്ലാം കഴിഞ്ഞ്, ഇടതുമുന്നണിയിലേക്ക് ചേക്കേറിയവരാണ് കേരള കോൺ​ഗ്രസ് എം. എന്നാൽ മത്സരിച്ച 12 ൽ എട്ടിടത്തും തോൽക്കുന്നത് കേരള കോൺ​ഗ്രസിന് ഒട്ടും ​ഗുണപരമല്ല. എൽഡിഎഫ് ഭരണം നിലനിർത്തുകയാണെങ്കിലും വിമർശനങ്ങളുടെ കൂരമ്പുകൾ കേരള കോൺ​ഗ്രസ് എമ്മിനെ തേടിയെത്തുമെന്ന് ഉറപ്പ്.

Follow Us:
Download App:
  • android
  • ios