ജില്ലയിൽ എല്ലാ തവണത്തെയും പോലെ ഇടതുമുന്നണിക്ക് മേൽക്കൈ ഉണ്ടാവുമോ എന്നതാണ് ഇത്തവണത്തെയും ചോദ്യം

തിരുവനന്തപുരം സപ്തഭാഷകളുടെ സം​ഗമഭൂമിയായ കാസ‍ർകോട് മൂന്ന് മുന്നണികൾക്കും ശക്തിയും ദൗർബല്യവും ഒരേപോലുള്ള ഇടമാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള അഞ്ച് സീറ്റിൽ രണ്ടിടത്തും അതിശക്തമായ മത്സരം നടന്ന പ്രത്യേകത കൂടി ജില്ലയ്ക്കുണ്ട്. കേരളം ഉറ്റുനോക്കുന്ന മഞ്ചേശ്വരം, കാസ‍ർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നിവിടങ്ങളിലാണ് മത്സരം.

മഞ്ചേശ്വരത്ത് ലീ​ഗിന്റെ എകെഎം അഷ്റഫ് ബിജെപിയുടെ കെ സുരേന്ദ്രൻ, സിപിഎമ്മിന്റെ വിവി രമേശൻ എന്നിവ‍ർ തമ്മിലാണ് മത്സരം നടന്നത്. കാസ‍ർകോട് ബിജെപി ജില്ലാ അധ്യക്ഷൻ കെ ശ്രീകാന്തിനെതിരെ സിറ്റിങ് എംഎൽഎയും ലീ​ഗ് നേതാവുമായ എൻഎ നെല്ലിക്കുന്ന് വിജയം നേടുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. എംഎ ലത്തീഫാണ് ഇവിടെ ഇടതുമുന്നണി സ്ഥാനാർത്ഥി. ഉദുമയിൽ ഇടതുമുന്നണി സിഎച്ച് കുഞ്ഞമ്പുവിനെയും യുഡിഎഫ് പെരിയ ബാലകൃഷ്ണനെയും ബിജെപി എ വേലായുധനെയും സ്ഥാനാ‍ർത്ഥികളാക്കി. കാഞ്ഞങ്ങാട് മന്ത്രി ഇ ചന്ദ്രശേഖരനാണ് ഇടതുമുന്നണി സ്ഥാനാർത്ഥി. പിവി സുരേഷിനെ കോൺ​ഗ്രസും എം ബൽരാജിനെ ബിജെപിയും മണ്ഡലം പിടിക്കാൻ ചുമതലപ്പെടുത്തി. ഇടതിനെ കൈവിടാത്ത ജില്ലയിലെ മറ്റൊരു മണ്ഡലമായ തൃക്കരിപ്പൂരിൽ സിറ്റിങ് എംഎൽഎ സിപിഎമ്മിന്റെ എം രാജ​ഗോപാലിനെതിരെ കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗത്തിലെ എംപി ജോസഫിനെയാണ് യുഡിഎഫ് രം​ഗത്തിറക്കിയത്. ടിവി ഷിബിനാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി.

ജില്ലയിൽ എല്ലാ തവണത്തെയും പോലെ ഇടതുമുന്നണിക്ക് മേൽക്കൈ ഉണ്ടാവുമോ എന്നതാണ് ഇത്തവണത്തെയും ചോദ്യം. മഞ്ചേശ്വരത്തും കാസ‍ർകോടും ഇടതുമുന്നണിക്ക് മൂന്നാം സ്ഥാനമാണ് പ്രവചിക്കുന്നത്. ഉദുമയിൽ ഇടതുമുന്നണിക്കും ഐക്യജനാധിപത്യ മുന്നണിക്കും ഒരേ പോലെ വിജയസാധ്യതയുണ്ട്. കാഞ്ഞങ്ങാടും തൃക്കരിപ്പൂരും സിറ്റിങ് സീറ്റുകൾ ഇടതുമുന്നണി നിലനി‍ർത്തുമെന്നും ഏഷ്യാനെറ്റ് ന്യൂസ് - സീഫോ‍ർ സർവേ പ്രവചിക്കുന്നു.

മഞ്ചേശ്വരത്തും കാസ‍ർകോടും ബിജെപി ശക്തമായ മത്സരമാണ് കാഴ്ചവെച്ചിരിക്കുന്നത്. അതിനാൽ തന്നെ തങ്ങളുടെ സിറ്റിങ് സീറ്റുകൾ നിലനി‍ർത്താൻ ഇവിടങ്ങളിൽ യുഡിഎഫ് കഠിനാധ്വാനം തന്നെ നടത്തി. പോസ്റ്റ് പോൾ സർവേ പ്രകാരം ജില്ലയിൽ രണ്ട് മുതൽ മൂന്ന് സീറ്റ് വരെ ഇടതുമുന്നണി നേടും. ഒന്ന് മുതൽ രണ്ട് സീറ്റ് വരെ യുഡിഎഫും ഒന്ന് മുതൽ രണ്ട് സീറ്റ് വരെ ബിജെപിയും നേടും. വോട്ട് ശതമാന കണക്കിൽ മുന്നിലെത്തുക ഇടതുമുന്നണിയാണ്. 37 ശതമാനം വോട്ടാണ് ഇടതുമുന്നണി നേടുക. യുഡിഎഫിന് 35 ശതമാനവും ബിജെപിക്ക് 26 ശതമാനവും വോട്ട് ലഭിക്കും.