Asianet News Malayalam

'ഇടതും കോൺഗ്രസും ലയിക്കട്ടെ, കൊമ്രേഡ് - കോൺഗ്രസ് പാർട്ടി (സിസിപി) എന്ന് പേരിടാം': മോദി കഴക്കൂട്ടത്ത്

ഇടതു സർക്കാർ അയ്യപ്പഭക്തരെ ആക്രമിച്ചെന്നും പുണ്യ കേന്ദ്രങ്ങൾ തകർക്കാൻ ഏജന്റുമാരെ വിടുകയാണെന്നും ആരോപിച്ചായിരുന്നു കോന്നിയിലെ മോദിയുടെ പ്രസംഗം.വർഗീയതയ്ക്ക് കൂട്ടു നിന്നതടക്കം ഏഴു കുറ്റങ്ങൾ ചെയ്തെന്നു കാട്ടി ഇടത് - വലത് മുന്നണികളെ കടന്നാക്രമിച്ചായിരുന്നു മോദിയുടെ പ്രസംഗം.

kerala assembly election 2021 modi addressing rally in kazhakkoottam
Author
Thiruvananthapuram, First Published Apr 2, 2021, 7:27 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി കഴക്കൂട്ടത്തെ റാലിയിൽ പങ്കെടുക്കാനെത്തി. പദ്മനാഭസ്വാമി, ആറ്റുകാൽ, വെള്ളായണി, ആഴിമല അടക്കമുള്ള ക്ഷേത്രങ്ങളെക്കുറിച്ച് പരാമർശിച്ചും, അയ്യങ്കാളിയെയും ചട്ടമ്പിസ്വാമികളെയും രാജാ രവിവർമയെയും സ്വാതി തിരുനാളിനെയും മാർത്താണ്ഡവർമയെയും അനുസ്മരിച്ചാണ് മോദി പ്രസംഗം തുടങ്ങിയത്. 

എന്‍റെ ഇന്നത്തെ ആദ്യറാലി മധുരയിലായിരുന്നു. പിന്നീട് അയ്യപ്പന്‍റെ നാട്ടിലെത്തി. അതിന് ശേഷം തമിഴ്നാട്ടിലെ ക‍ടലോര ഗ്രാമങ്ങളിലെത്തി. പിന്നീട് തിരുവനന്തപുരത്തും. തിരുവനന്തപുരത്തായിരുന്നു ബിജെപി ആദ്യമായി നിയമസഭയിൽ അക്കൗണ്ട് തുടങ്ങിയത്. കേരളത്തിലും തമിഴ്നാട്ടിലും വലിയ എൻഡിഎ അനുകൂലതരംഗമുണ്ടെന്ന് മോദി പറഞ്ഞു. വികസനത്തിന് ബദലായി കേരളം കണക്കാക്കുന്നത് ബിജെപിയെയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വലിയ വിജയം നേടി ബിജെപിയെ അനുഗ്രഹിക്കണം - മോദി പറഞ്ഞു. 

കേരളത്തിൽ ജനങ്ങൾ രണ്ട് കാര്യങ്ങൾ തിരിച്ചറിയുന്നു - യുഡിഎഫും എൽഡിഎഫും ഇരട്ടകളെപ്പോലെയാണ്, ദുർഭരണം, അക്രമം, അഴിമതി, ജാതി, വർഗീയത, പ്രീണനം എന്നിവയെല്ലാ കാര്യങ്ങളിലും ഒരേ പോലെയാണ് ഇടതും വലതും. തെരഞ്ഞെടുപ്പുകൾ കഴിയുമ്പോൾ കോൺഗ്രസും ഇടതും ഒന്നിച്ചാണ് വരുന്നത്. ബിജെപിക്കെതിരെ ഇടതും കോൺഗ്രസും ഒരുമിച്ചാണ് പലയിടത്തും. ഇതിനെ സിസിപി എന്നു വിളിക്കാം - കോൺഗ്രസ് കൊമ്രേഡ് പാർട്ടി. യുഡിഎഫിന് ഇടതിനെ നേരിടാനുള്ള ശേഷിയില്ല. അതുകൊണ്ട് തന്നെയാണ് ബിജെപിക്ക് ഇത്ര പിന്തുണ വർദ്ധിക്കുന്നത് - മോദി പറഞ്ഞു. 

എൻഡിഎ പിന്തുണ കൂടുന്നത് യുവാക്കളിൽ നിന്നും സ്ത്രീകളിൽ നിന്നും പ്രൊഫഷണലുകളിൽ നിന്നുമാണ്. യുഡിഎഫും എൽഡിഎഫും നേതൃത്വം വളരെ മോശമാണ്. ഇവിടത്തെ എംഎൽഎയാണ് ശബരിമലയിൽ വിശ്വാസികളെ അടിച്ചമർത്താൻ മുന്നിൽ നിന്നത്. 

എ - ഐ ഗ്രൂപ്പുകൾ തമ്മിലുള്ള തമ്മിലടിയിലാണ് നമ്പി നാരായണന്‍റെ ജീവിതം താറുമാറായത്. യുഡിഎഫിനൊപ്പം ഒരിക്കലും പ്രൊഫഷണലുകൾ എത്തില്ല. മെട്രോമാൻ ഇ ശ്രീധരനെ എൻഡിഎ ബഹുമാനിക്കുന്നു. രാജ്യത്തിന് വേണ്ടി സംഭാവനകൾ നൽകിയ ഇ ശ്രീധരന് കേരളത്തെ സേവിക്കാൻ എൻഡിഎ വേദി നൽകി.

കേരളത്തിൽ ഭരണഹർത്താലാണ്. ജനങ്ങൾക്ക് മുന്നിൽ മികച്ച ആശയങ്ങൾ നടപ്പാക്കാൻ ബിജെപി മാത്രമേയുള്ളൂ. ഇടതുസർക്കാർ പരാജയമാണ്. കേന്ദ്രം നൽകിയ സഹായം പോലും അവർ കൃത്യമായി വിനിയോഗിച്ചില്ല. ആരോഗ്യം, പശ്ചാത്തല സൗകര്യവികസനം, ദുരന്തനിവാരണം എന്നീ മേഖലകളിൽ വേണ്ട തരത്തിൽ വിനിയോഗിക്കാത്ത സർക്കാരാണിത്. 

ശബരിമല വിഷയം ആളിക്കത്തിച്ചായിരുന്നു കോന്നിയിലെ മോദിയുടെ പ്രസംഗം. ഇന്ന് കോന്നിയിലും കഴക്കൂട്ടത്തുമാണ് മോദിയുടെ പ്രചാരണപരിപാടി. ഇടതു സർക്കാർ അയ്യപ്പഭക്തരെ ആക്രമിച്ചെന്നും പുണ്യ കേന്ദ്രങ്ങൾ തകർക്കാൻ ഏജന്റുമാരെ വിടുകയാണെന്നും ആരോപിച്ചായിരുന്നു കോന്നിയിലെ മോദിയുടെ പ്രസംഗം.വർഗീയതയ്ക്ക് കൂട്ടു നിന്നതടക്കം ഏഴു കുറ്റങ്ങൾ ചെയ്തെന്നു കാട്ടി ഇടത് - വലത് മുന്നണികളെ കടന്നാക്രമിച്ചായിരുന്നു മോദിയുടെ പ്രസംഗം.

Read more at: ശരണം വിളിച്ച് മോദി, ശ്രീധരൻ 'ഗെയിം ചേഞ്ചർ', ബിജെപിയെ അധികാരത്തിലേറ്റാൻ കേരളം തയ്യാറെന്നും മോദി

തത്സമയസംപ്രേഷണം:

 

Follow Us:
Download App:
  • android
  • ios