Asianet News MalayalamAsianet News Malayalam

ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും തള്ളി; മഞ്ചേശ്വരത്ത് സിപിഎം വോട്ട് ചോദിച്ചതിൽ ഉറച്ച് മുല്ലപ്പള്ളി

സിപിഎം വോട്ട് യുഡിഎഫിന് നൽകണമെന്നാണ് അഭ്യര്‍ത്ഥിച്ചതെന്നും സിപിഎം ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ മണ്ഡലത്തിൽ നിര്‍ത്തിയ സാഹചര്യത്തിലാണ് അങ്ങനെ പറ‍ഞ്ഞതെന്നും മുല്ലപ്പള്ളി

Kerala Assembly Election 2021 mullappally ramachandran response on manjeshwar ldf vote controversy
Author
Thiruvananthapuram, First Published Apr 5, 2021, 2:29 PM IST

തിരുവനന്തപുരം: ബിജെപിയെ തോൽപ്പിക്കാൻ മഞ്ചേശ്വരത്ത് സിപിഎം വോട്ട് ചോദിച്ച സംഭവത്തിൽ ഉറച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഎം വോട്ട് യുഡിഎഫിന് നൽകണമെന്നാണ് അഭ്യര്‍ത്ഥിച്ചതെന്നും സിപിഎം ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ മണ്ഡലത്തിൽ നിര്‍ത്തിയ സാഹചര്യത്തിലാണ് അങ്ങനെ പറ‍ഞ്ഞതെന്നും മുല്ലപ്പള്ളി വിശദീകരിച്ചു. 

തലശ്ശേരിയിലടക്കം ബിജെപിയുടെ പത്രിക തള്ളിയത് മന:പൂർവ്വമാണ്. സിപിഎമ്മിനെ സഹായിക്കാനാണിത്. മനസാക്ഷിക്ക് വോട്ടു ചെയ്യാൻ അഭ്യർത്ഥിച്ചതിലൂടെ ഷംസീറിന് വോട്ടു ചെയ്യാനാണ് ആവശ്യപ്പെടുന്നത്. സിഒടി നസീറിന് പിന്തുണയെന്ന് ബിജെപി ഇപ്പോൾ പറയുന്നില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. 

മഞ്ചേശ്വരത്ത് ബിജെപിയെ തോൽപ്പിക്കാൻ സിപിഎമ്മിന്‍റെ പിന്തുണ തേടിയ മുല്ലപ്പള്ളിയുടെ പ്രസ്താവന തള്ളി നേരത്തെ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും രംഗത്തെത്തിയിരുന്നു. മഞ്ചേശ്വരത്ത് ജയിക്കാൻ യുഡിഎഫിന് ആരുടേയും പിന്തുണ വേണ്ടെന്നും ഏത് സാഹചര്യത്തിലാണ് കെപിസിസി പ്രസിഡന്‍റ്  അങ്ങനെ പറഞ്ഞത് എന്ന് അറിയില്ലെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. 

അതേ സമയം ബിജെപിയെ തോൽപ്പിക്കാൻ യുഡിഎഫിന് കഴിവുണ്ടെന്നും അത് കഴിഞ്ഞ തവണ തെളിയിച്ചതാണെന്നുമായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രതികരണം. ആരുടേയും പിന്തുണ വേണ്ടെന്ന് വ്യക്തമാക്കിയ ഉമ്മൻചാണ്ടി, മഞ്ചേശ്വരത്ത് ബിജെപിയെ യുഡിഎഫ് തോൽപ്പിക്കുമെന്നും കൂട്ടിച്ചേർത്തു.

Follow Us:
Download App:
  • android
  • ios