മണര്‍കാട് പഞ്ചായത്തിന് പിന്നാലെ പാമ്പാടിയിലും എല്‍ഡിഎഫ് മുന്നേറിയതോടെ യുഡിഎഫ് അല്‍പം വിയര്‍ത്തെങ്കിലും ഒടുവില്‍ ഉമ്മന്‍ചാണ്ടി ലീഡ് ഉയര്‍ത്തുകയായിരുന്നു. 

കോട്ടയം: സ്വന്തം തട്ടകമായ പുതുപ്പള്ളിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിജയം ഉറപ്പിച്ചു. ഒടുവില്‍ പുറത്തുവന്ന ഫലസൂചന അനുസരിച്ച് 7426 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമ്മൻചാണ്ടി മുന്നിട്ട് നില്‍ക്കുന്നത്. മണര്‍കാട് പഞ്ചായത്തിന് പിന്നാലെ പാമ്പാടിയിലും എല്‍ഡിഎഫ് മുന്നേറിയതോടെ യുഡിഎഫ് അല്‍പം വിയര്‍ത്തെങ്കിലും ഒടുവില്‍ ഉമ്മന്‍ചാണ്ടി ലീഡ് ഉയര്‍ത്തുകയായിരുന്നു. 

യാക്കോബായ വിഭാ​ഗത്തിന് വന്‍ഭൂരിപക്ഷമുള്ള മണര്‍കാട് പഞ്ചായത്തിലും ഉമ്മന്‍ ചാണ്ടിയുടെ ലീഡ് നില താഴേക്ക് പോയി. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിന് യാക്കോബായ വിഭാ​ഗം പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. പാമ്പാടിയിലും എല്‍ഡിഎഫ് ലീഡ് നേടിയിരുന്നു. കഴിഞ്ഞ തവണ പാമ്പാടിയില്‍ 3000 ന് മുകളിലായിരുന്നു ഉമ്മൻചാണ്ടിയുടെ ലീഡ്. 

പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ എല്‍ഡിഎഫിനായി ഇതുരണ്ടാം തവണയാണ് ജെയ്ക്ക് സി തോമസ് ഇറങ്ങിയത്. 2016 ല്‍ 27,092 വോട്ടുകള്‍ക്കാണ് ജെയ്ക്ക് ഉമ്മന്‍ ചാണ്ടിയോട് പരാജയപ്പെട്ടത്.