പണ്ട് തന്‍റെ പേരിൽ അണികൾ പാട്ടെഴുതി വീഡിയോ പുറത്തിറക്കിയതിൽ പാർട്ടിയിൽ നടപടിയുണ്ടായതിനെ പരോക്ഷമായി ഫേസ്ബുക്ക് പോസ്റ്റിൽ ഓർമിപ്പിക്കുന്നു പി ജയരാജൻ. 

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഒളിയമ്പുമായി പി ജയരാജൻ. പാർട്ടിയാണ് ക്യാപ്റ്റനെന്ന് പി ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഓർമിപ്പിക്കുന്നു. എന്നാൽ കമ്മ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ല. പണ്ട് തന്‍റെ പേരിൽ അണികൾ പാട്ടെഴുതി വീഡിയോ പുറത്തിറക്കിയതിൽ പാർട്ടിയിൽ നടപടിയുണ്ടായതിനെ പരോക്ഷമായി ഫേസ്ബുക്ക് പോസ്റ്റിൽ ഓർമിപ്പിക്കുന്നു പി ജയരാജൻ. 

Add Asianetnews as a Preferred SourcegooglePreferred

എല്ലാവരും സഖാക്കളാണ്, പാർട്ടിയാണ് ക്യാപ്റ്റൻ എന്ന് കോടിയേരി പറഞ്ഞതോർക്കണം എന്ന് പറയുന്നതിലൂടെ, അന്ന് തനിക്കെതിരെ നടപടിയെടുക്കാൻ മുൻകൈയെടുത്ത പിണറായി വിജയനെ കൃത്യമായി ലക്ഷ്യം വയ്ക്കുന്നു പി ജയരാജൻ, അതും തെരഞ്ഞെടുപ്പിന് കൃത്യം മൂന്ന് ദിവസം മുമ്പ്.

പി ജയരാജന്‍റെ പോസ്റ്റിങ്ങനെ:

''കമ്യൂണിസ്റ്റുകാർക്ക് ജനങ്ങൾക്കിടയിൽ വർദ്ധിച്ചു വരുന്ന ജനപ്രിയതയിൽ പലരും അസ്വസ്ഥരാണ്. ജനപക്ഷ രാഷ്ട്രീയവും ജനക്ഷേമ രാഷ്ട്രീയവും ഉയർത്തിപ്പിടിക്കുന്നവർ ഇടതുപക്ഷമാണ്. ജനങ്ങളോട് ചേർന്നു നിൽക്കുമ്പോൾ ,അവർ സ്നേഹഹസൂചകമായി പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കും. ചിലർ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ഫോട്ടോ വെച്ച് ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ടാറ്റു ചെയ്തു ഇഷ്ടം പ്രകടിപ്പിക്കും.എന്നാൽ, കമ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ല. സഖാവ് കോടിയേരി മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞതു പോലെ, ഈ പാർട്ടിയിൽ 'എല്ലാവരും സഖാക്ക'ളാണ്. പാർട്ടിയാണ് ക്യാപ്റ്റൻ. അതു കൊണ്ട് വലതുപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിക്ക് കിട്ടുന്ന ജനപിന്തുണയിൽ വല്ലാതെ അസ്വസ്ഥരായിട്ട് കാര്യമില്ല. വ്യക്തികളല്ല, പാർട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പ്''