രണ്ടാമൂഴത്തിനിറങ്ങിയ എം രാജഗോപാലൻ വിജയക്കൊടി പാറിക്കുമെന്ന് സർവേ ഫലം സൂചന നൽകുന്നു.
കാസർകോട്: കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിൽ ഇത്തവണയും വിജയസാധ്യത എൽഡിഎഫിനെന്ന് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോര്‍ പോസ്റ്റ് പോള്‍ സര്‍വ്വേ ഫലം. രണ്ടാമൂഴത്തിനിറങ്ങിയ എം രാജഗോപാലൻ വിജയക്കൊടി പാറിക്കുമെന്ന് സർവേ ഫലം സൂചന നൽകുന്നു.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ എംപി ജോസഫാണ് ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി. കെ എം മാണിയുടെ മരുകൻ കൂടിയായ അദ്ദേഹം പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെച്ചില്ലെന്നാണ് സർവേഫലം സൂചിപ്പിക്കുന്നത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിംഗ് ശതമാനം കുറഞ്ഞ മണ്ഡലങ്ങളിലൊന്നായിരുന്നു സിപിഎം ശക്തി കേന്ദ്രമായ തൃക്കരിപ്പൂർ.
ഇതുവരെയും സിപിഎമ്മിനെ മാത്രം വിജയിപ്പിച്ച മണ്ഡലം ഇത്തവണ യുഡിഎഫിനൊപ്പം നിൽക്കുമോ എന്നായിരുന്നു ചർച്ചയായത്. എന്നാൽ കെ.എം മാണിയുടെ മരുമകനും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ യുഡിഎഫ് സ്ഥാനാർത്ഥി എംപി ജോസഫ്, എം രാജഗോപാലിന് പറ്റിയ എതിരാളിയല്ലെന്നായിരുന്നു യുഡിഎഫ് കേന്ദ്രങ്ങളിൽ നിന്നും പോലും ഉയർന്ന വാദം. കേരളാ കോൺഗ്രസിന് സംഘടനാ ശേഷി നന്നേ കുറഞ്ഞ മണ്ഡലം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് വിട്ടു കൊടുത്തത് കോൺഗ്രസിലും വലിയ പൊട്ടിത്തെറികൾക്ക് കാരണമായി. ഇതടക്കം യുഡിഎഫിന് തിരിച്ചടിയാകുമെന്നാണ് സർവേ വിലയിരുത്തൽ.
16,000 ത്തിൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എം.രാജഗോപാലൻ കഴിഞ്ഞ തവണ ജയിച്ചത്. 79286 വോട്ടുകൾ അദ്ദേഹം നേടിയപ്പോൾ, കോൺഗ്രസ് സ്ഥാനാർത്ഥി കെപി കുഞ്ഞിക്കണ്ണൻ 62327 വോട്ടുകൾ നേടി. എന്നാൽ അതിന് ശേഷമുണ്ടായ ലോക്സഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിന്‍റെ ചരിത്രത്തിലാദ്യമായി എൽഡിഎഫ് ലീഡ് രണ്ടായിരത്തിനും താഴേക്ക് പോയതിലാണ് യുഡിഎഫ് പ്രതീക്ഷ വെച്ചത്. ടിവി ഷിബിനാണ് മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി. പരമാവാധി വോട്ട് പിടിക്കാനുള്ള ശ്രമമാണ് എൻഡിഎ സ്ഥാനാർത്ഥി ഷിബിൻ നടത്തിയത്.
