Asianet News MalayalamAsianet News Malayalam

സിപിഎമ്മിൽ സ്ഥാനാർത്ഥി നിർണയചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക്; ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങൾ ഇന്ന്

തിരുവനന്തപുരത്ത് ആറ്റിങ്ങിൽ ഒഴികെ മറ്റ് സിറ്റിംഗ് സീറ്റുകളിൽ നിലവിലെ എംഎൽഎമാർക്ക് തന്നെ വീണ്ടും അവസരമൊരുങ്ങും. നേമം മണ്ഡലത്തിൽ മുൻ എംഎൽഎ വി ശിവൻകുട്ടിക്കാണ് സാധ്യത.

kerala assembly election cpms candidate discussion reach final stage
Author
Thiruvananthapuram, First Published Mar 3, 2021, 7:01 AM IST

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്കായി സിപിഎം തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങൾ ഇന്ന് ചേരും. തിരുവനന്തപുരത്ത് ആറ്റിങ്ങിൽ ഒഴികെ മറ്റ് സിറ്റിംഗ് സീറ്റുകളിൽ നിലവിലെ എംഎൽഎമാർക്ക് തന്നെ വീണ്ടും അവസരമൊരുങ്ങും. നേമം മണ്ഡലത്തിൽ മുൻ എംഎൽഎ വി ശിവൻകുട്ടിക്കാണ് സാധ്യത. സംസ്ഥാന സെന്‍ററിൽ നിന്ന് കോടിയേരി ബാലകൃഷ്ണൻ യോഗത്തിൽ പങ്കെടുക്കും. 

കോട്ടയത്ത് ഏറ്റുമാനൂരിൽ രണ്ട് തവണ മത്സരിച്ച സുരേഷ് കുറുപ്പിനെ വീണ്ടും പരിഗണിക്കണോ എന്നതിലാണ് മുഖ്യചർച്ച. ജില്ലാ സെക്രട്ടറി വിഎൻ വാസവന് മത്സരിക്കാൻ ഇളവ് നൽകുന്നതിലും തീരുമാനമുണ്ടാകും. പുതുപ്പള്ളിയില്‍ ഉമ്മൻചാണ്ടിക്കെതിരെ ഡിവൈഎഫ്ഐ നേതാവ് ജയ്ക് സി തോമസിനെ കൂടാതെ മറ്റ് ചില പേരുകളും പരിഗണിക്കുന്നുണ്ട്. പൂഞ്ഞാര്‍ കേരളാ കോണ്‍ഗ്രസിന്‍റെ പക്കല്‍ നിന്നും തിരിച്ചെടുക്കാനും ആലോചനയുണ്ട്.

തൃശൂരിൽ ആകെയുള്ള 13 മണ്ഡലങ്ങളിൽ 8 ഇടകളിലാണ് സിപിഎം മത്സരിക്കുന്നത്. മന്ത്രിമാരായ എ സി മൊയ്തീൻ കുന്ദംകുളത്തും സി രവീന്ദ്രനാഥ് പുതുക്കാടും ഇത്തവണയും മത്സരിച്ചേക്കും. മൂന്ന് തവണ മത്സരിച്ച് കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തെ അടിമുടി മാറ്റിയ എ പ്രദീപ് കുമാറിനെ ഒഴിവാക്കിയതില്‍ ഇതിനകം എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്‍‍‍. വിഷയത്തില്‍ മുന്‍ എം പി സെബാസ്റ്റ്യന്‍ പോള്‍ ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ പരസ്യമായി വിമര്‍ശനം ഉന്നയിച്ചു‍‍‍‍‍.

Also Read: കോഴിക്കോട് നോർത്തിൽ സംവിധായകൻ രഞ്ജിത് എൽഡിഎഫ് സ്ഥാനാർത്ഥിയാകും

അതേസമയം, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. സ്ഥാനാർത്ഥി നിർണ്ണയം ചർച്ച ചെയ്യാൻ ജില്ലാ കൗണ്‍സിലുകൾ ചേരാനുള്ള ഷെഡ്യൂൾ തയ്യാറാക്കും. ജില്ലാ കമ്മിറ്റികളുടെ അഭിപ്രായം തേടിയ ശേഷം വീണ്ടും സംസ്ഥാന എക്സിക്യൂട്ടീവ് സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക തയ്യാറാക്കാൻ യോഗം ചേരും. മാർച്ച് ഒമ്പതിനകം സ്ഥാനാർത്ഥി പ്രഖ്യാപനത്തിലേക്ക് കടക്കാനാണ് സിപിഐ തീരുമാനം.

Follow Us:
Download App:
  • android
  • ios