തിരുവനന്തപുരം: കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണത്തുടർച്ച പ്രവചിച്ച് എബിപി-സീ വോട്ടർ അഭിപ്രായ സർവേ. എൽഡിഎഫിന് 83 - 91 സീറ്റ് വരെ ലഭിക്കും. യുഡിഎഫ് 47 മുതൽ 55 സീറ്റ് വരെ നേടും. ബിജെപിക്ക് രണ്ട് വരെ സീറ്റാണ് പ്രവചിക്കുന്നത്. മറ്റുള്ളവർക്കും രണ്ട് വരെ സീറ്റ് ലഭിക്കുമെന്നും സർവേ ഫലം വ്യക്തമാക്കുന്നു. കൊവിഡ് കാലത്ത് സർക്കാർ കൈക്കൊണ്ട നടപടികൾ ഏറെ ഗുണം ചെയ്യുമെന്ന് സർവ്വേ ഫലത്തിൽ പറയുന്നു.

തമിഴ്നാട്ടിൽ ഡിഎംകെ-കോൺഗ്രസ് സഖ്യം വൻ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്നാണ് ഫലം. സഖ്യത്തിന് 154 മുതൽ 162 സീറ്റ് വരെ ലഭിക്കും. എഐഎഡിഎംകെ-ബിജെപി സഖ്യത്തിന് 58 മുതൽ 66 സീറ്റ് വരെയാണ് ലഭിക്കുക. മറ്റുള്ളവർ 8 മുതൽ 20 സീറ്റ് വരെ നേടിയേക്കുമെന്നും സർവേ ഫലം പറയുന്നു. അസമിൽ 68 മുതൽ 76 സീറ്റ് വരെ നേടി ബിജെപി അധികാരം നിലനിർത്തും. കോൺഗ്രസിന് 43 മുതൽ 51 സീറ്റ് വരെ ലഭിച്ചേക്കും. മറ്റുള്ളവർക്ക് അഞ്ച് മുതൽ 10 വരെ സീറ്റ് ലഭിച്ചേക്കുമെന്നും ഫലം പറയുന്നു.

തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പുതുച്ചേരിയിൽ ഭരണം നഷ്ടമായ കോൺഗ്രസിന് വരുന്ന തെരഞ്ഞെടുപ്പിലും ഭരണം നഷ്ടമായേക്കുമെന്നും സർവേയിൽ പറയുന്നു. ഇതിലൂടെ ദക്ഷിണേന്ത്യയിൽ രണ്ടാമത്തെ ബിജെപി സഖ്യ സർക്കാർ യാഥാർത്ഥ്യമായേക്കും. ബിജെപി സഖ്യത്തിന് 17 മുതൽ 21 സീറ്റ് വരെ ലഭിക്കും. കോൺഗ്രസിന് എട്ട് മുതൽ 12 സീറ്റ് വരെ ലഭിക്കും. മറ്റുള്ളവർ ഒന്ന് മുതൽ മൂന്ന് സീറ്റ് വരെ നേടുമെന്നും അഭിപ്രായ സർവേ പറയുന്നു.