ആലപ്പുഴ: സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങള്‍ കണ്ട മണ്ഡലമാണ് ആലപ്പുഴയിലെ അരൂര്‍. ഗൗരിയമ്മയുടെ മണ്ഡലം എന്നായിരുന്നു ഒരുകാലത്ത് അരൂർ അറിയപ്പെട്ടിരുന്നത്. 1957 മുതല്‍ നടന്ന 15 തെരഞ്ഞെടുപ്പുകളില്‍ 10 തവണയും എല്‍ഡിഎഫിനായിരുന്നു വിജയം. കെ ആര്‍ ഗൗരിയമ്മ ഏഴ് തവണയും ആരിഫ് മൂന്നുതവണയും ജയിച്ചു. ആലപ്പുഴയുടെ സിപിഎം ചെങ്കോട്ടയെന്ന് വിശേഷിപ്പിക്കാവുന്ന മണ്ഡലമെന്നാല്‍ 2019 ലെ ഉപതിരഞ്ഞെടുപ്പില്‍ ഇടതിനെ കൈവിട്ടു. കോണ്‍ഗ്രസിലെ ഷാനിമോള്‍ ഉസ്മാനിലൂടെ അരൂർ നിലനിർത്തുമെന്ന് കോൺ​ഗ്രസ് പ്രതീക്ഷിക്കുമ്പോൾ, മത്സരം ഇഞ്ചോടിഞ്ചെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ പോസ്റ്റ് പോൾ സര്‍വേ ഫലം പ്രവചിക്കുന്നത്. 

അരനൂറ്റാണ്ടിന് ശേഷം രണ്ട് വനിതകളുടെ വീറുറ്റ പോരാട്ടത്തിന് വേദിയാകുന്നത് അരൂർ മണ്ഡലം. യുഡിഎഫിനായി നിലവിലെ എംഎല്‍എ ഷാനിമോള്‍ ഉസ്മാനും എല്‍ഡിഎഫിനായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ദലീമ ജോജോയുമാണ് പെണ്‍പോരാട്ടവുമായി മത്സര രംഗത്തുള്ളത്. ഇരുവർക്കും വെല്ലുവിളി ഉയര്‍ത്തി ബിഡിജെഎസിൻ്റെ ടി അനിയപ്പനും ഒപ്പമുണ്ട്. വര്‍ഷങ്ങളായി ഇടതുകോട്ടയായിരുന്ന അരൂരിനെ 2019 ലെ ഉപതിരഞ്ഞെടുപ്പിലാണ് ഷാനിമോള്‍ ഉസ്മാന്‍ യുഡിഎഫിനൊപ്പം ചേര്‍ത്തത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എ എം ആരിഫ് ജയിച്ചതിനെ തുടര്‍ന്ന് രാജിവെച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 38,519 വോട്ടിന് എ എം ആരിഫ് ജയിച്ച മണ്ഡലമാണ് ഉപതിരഞ്ഞെടുപ്പിൽ 2,079 വോട്ടിന് സിപിഎമ്മിന് നഷ്ടപ്പെട്ടത്. ഇത്തവണ ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ യുഡിഎഫിന്റെ ഷാനിമോള്‍ ഉസ്മാനാണ് നേരിയ മേല്‍ക്കൈ എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ പോസ്റ്റ് പോൾ സര്‍വേ ഫലം പ്രവചിക്കുന്നത്.

ഒന്നരവര്‍ഷം കൊണ്ട് മണ്ഡലത്തില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ വിജയം നൽകുമെന്നാണ് ഷാനിമോള്‍ പറയുന്നത്. തുടരെ രണ്ട് തവണ അരൂര്‍ ഡിവിഷനില്‍ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പട്ടത് വോട്ടര്‍മാരുമായുള്ള നേടമാകുമെന്നാണ് ദലീമയുടെ വിശ്വസം. ഇരുവരെയും മണ്ഡലത്തിനും വോട്ടര്‍മാര്‍ക്കും സുപരിചിതമായതിനാല്‍ ഇത്തവണ തീപാറും പോരാട്ടമായിരിക്കും അരൂരില്‍ നടക്കുക. രണ്ട് വനിതാ സ്ഥാനാര്‍ഥികള്‍ക്കും കടുത്ത വെല്ലുവിളി തന്നെയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനിയപ്പൻ ഉയര്‍ത്തുന്നത്. 2016 ലും അനിയപ്പന്‍ അരൂരില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായിരുന്നു. 27,753 വോട്ട് ലഭിക്കുകയും ചെയ്തു.