തിരുവനന്തപുരം: കോൺഗ്രസ്- കേരളാ കോൺഗ്രസ് (ജോസഫ്) ചർച്ചകളിൽ തീരുമാനമാകാതെ യുഡിഎഫ് സീറ്റ് ധാരണ വൈകുമ്പോൾ പുതിയ ഫോർമുലയുമായി ജോസഫ് രംഗത്ത്. മൂവാറ്റുപുഴ സീറ്റ് തരാമെങ്കിൽ, 10 സീറ്റ് മതിയെന്നാണ് ജോസഫിന്‍റെ പുതിയ വാഗ്ദാനം. എന്നാൽ മൂവാറ്റുപുഴ കോൺഗ്രസിന്‍റെ സീറ്റാണെന്നും, അത് വിട്ടുതരില്ലെന്നും ജോസഫ് വാഴയ്ക്കൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലീഗുമായുള്ള ചർച്ചയിലും അന്തിമധാരണയിലേക്ക് എത്തിയിട്ടില്ല. ഇന്നും പല തട്ടുകളിലായി ചർച്ചകൾ തുടരുകയാണ്. ജില്ലാ തലത്തിലെ ചർച്ചകൾ പൂർത്തിയാക്കി സിപിഎം നേതൃയോഗങ്ങൾ ഇന്ന് ചേരുന്നതിനിടെയാണ് കോൺഗ്രസിൽ സീറ്റ് വിഭജനം കീറാമുട്ടിയായി തുടരുന്നത്. 

യുഡിഎഫിലെ സീറ്റ് തർക്കം അനന്തമായി നീളുമ്പോഴാണ് മുവാറ്റുപുഴ ഫോർമുലയുമായുള്ള ജോസഫ് വിഭാഗത്തിന്‍റെ പുതിയ നീക്കം. പുഴ കടക്കാൻ അനുവദിച്ചാൽ കോട്ടയത്തെ രണ്ട് സീറ്റും പേരാമ്പ്രയും നൽകാമെന്നാണ് വാഗ്ദാനം. കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും വേണമെന്ന് കോൺഗ്രസും പേരാമ്പ്രക്കായി ലീഗും സമ്മർദ്ദം ചെലുത്തുമ്പോഴാണ് മൂവാറ്റുപുഴ ചോദിച്ച് ജോസഫ് ചെക്ക് വച്ചത്.  ഏറ്റുമാനൂരിൽ വിട്ടുവീഴ്ചയില്ലെന്ന് ജോസഫ് പറയുമ്പോഴും സീറ്റിൽ കോൺഗ്രസിന് കണ്ണുണ്ട്. അത് തടയുക കൂടിയാണ് ജോസഫിന്‍റെ ലക്ഷ്യം.ഫോർമുല അംഗീകരിച്ചാൽ 10 സീറ്റിന് വഴങ്ങാമെന്നാണ് വാഗ്ദാനം. എന്നാൽ മൂവാറ്റുപുഴയിൽ വിട്ടുവീഴ്ചക്ക് കോൺഗ്രസ് തയ്യാറല്ല. പേരാമ്പ്രയ്ക്ക് പുറമേ പട്ടാമ്പിയും കൂത്തുപറമ്പും ലീഗ് ചോദിക്കുന്നുണ്ട്. ലീഗ് നേതൃയോഗത്തിന് ശേഷമേ ഇനി ഉഭയകക്ഷി ചർച്ചയുള്ളൂ. പട്ടാമ്പിയും കൂത്തുപറമ്പും കിട്ടിയാൽ ലീഗിന് മൊത്തം 27 സീറ്റാവും. ലീഗ് മത്സരിച്ചിരുന്ന ബാലുശ്ശേരി കോൺഗ്രസ് ഏറ്റെടുത്ത് പകരം കുന്നമംഗലം നൽകിയേക്കും. ചടയമംഗലം ലീഗിന് നൽകി പുനലൂരിൽ കോൺഗ്രസ് മത്സരിച്ചേക്കും. 

ആർഎസ്പി കയ്പമംഗലത്തിന് പകരം മറ്റൊരു സീറ്റ് ചോദിച്ചെങ്കിലും കിട്ടിയില്ലെങ്കിൽ വാശി പിടിക്കേണ്ടതില്ലെന്നാണ് തീരുമാനം.