പാലക്കാട്: പാലക്കാട്ടെ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. പാർട്ടിയിൽ നിന്ന് കഴിഞ്ഞ ദിവസം രാജിവച്ച് ഷാഫി പറമ്പിലിനെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുൻ ഡിസിസി അധ്യക്ഷൻ എ വി ഗോപിനാഥ് അടക്കം അംഗങ്ങളായ പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിന്‍റെ ഭരണം യുഡിഎഫിന് നഷ്ടമാകുമെന്നുറപ്പായി. എ വി ഗോപിനാഥ് അടക്കമുള്ള യുഡിഎഫ് അംഗങ്ങൾ പഞ്ചായത്ത് സമിതിയിൽ നിന്ന് രാജിവയ്ക്കാനൊരുങ്ങുകയാണ്. 42 വർഷമായി യുഡിഎഫിന്‍റെ കയ്യിലുള്ള പഞ്ചായത്തിന്‍റെ ഭരണമാണ് ഒറ്റയടിക്ക് നഷ്ടമാകുന്നത്. പതിനാറംഗ ഭരണസമിതിയിൽ കോൺഗ്രസിന് 11 അംഗങ്ങളാണുള്ളത്. സിപിഎമ്മിന് അഞ്ചംഗങ്ങളുമുണ്ട്. 

രാജി ചർച്ച ചെയ്യാൻ വൈകിട്ട് കോൺഗ്രസ് അംഗങ്ങളുടെ യോഗം ചേരുന്നുണ്ട്. രാജി പ്രഖ്യാപനത്തിലൂടെ പുതിയ സമ്മർദ്ദ തന്ത്രവുമായി കളത്തിലിറങ്ങുകയാണ് എ വി ഗോപിനാഥ്. രണ്ട് ദിവസത്തിനുള്ളിൽ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളിയോട് കെ വി ഗോപിനാഥിന്‍റെ മുന്നറിയിപ്പ്. 

ഗ്രൂപ്പു കളിയാണ് കോൺഗ്രസിൽ നടക്കുന്നതെന്ന് പറഞ്ഞ എ വി ഗോപിനാഥുമായി സമവായചർച്ചയ്ക്ക് വി കെ ശ്രീകണ്ഠനടക്കം പോയെങ്കിലും കാര്യമുണ്ടായില്ല. ഗ്രൂപ്പില്ലാതെ കോൺഗ്രസിൽ നിൽക്കാൻ പറ്റാത്ത സ്ഥിതിയാണെന്നും അതിന്‍റെ ഇരയാണ് താനെന്നുമാണ് എ വി ഗോപിനാഥ് പറയുന്നത്. ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരുടെ അഭിപ്രായശേഖരണം നടത്തുകയാണെന്നും, തന്നെ ഡിസിസി പ്രസിഡന്‍റാക്കാമെന്ന് നേരത്തേ ഉറപ്പ് നൽകിയതാണെന്നും എ വി ഗോപിനാഥ് വ്യക്തമാക്കുന്നു. താനായിട്ട് നേതൃത്വത്തോട് ഒരു ആവശ്യവും ഉന്നയിച്ചിട്ടില്ല. എന്തുകൊണ്ട് നടപ്പായില്ല എന്നുമറിയില്ല. തന്‍റെ പേര് നിർദേശിച്ച കാര്യം ചെന്നിത്തല അറിയിച്ചതുമാണ്. എന്നിട്ടുമത് നടപ്പായില്ല. താനിറങ്ങിയാൽ ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർക്ക് അത് പുതിയ ഊർജമാകും. അത് ചിലർക്കിഷ്ടമല്ല - എവി ഗോപിനാഥ് പറയുന്നു. 

നിലവിൽ രാജിയിൽ നിന്ന് പുറകോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് എ വി ഗോപിനാഥ്. ഗ്രൂപ്പ് കളിയിൽ പരിഹാരം വേണമെന്ന് മുല്ലപ്പള്ളിയോട് ആവശ്യപ്പെട്ടു. മുല്ലപ്പള്ളിക്ക് ആത്മാർത്ഥതയുണ്ട്. രണ്ട് ദിവസത്തിനകം പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രതീക്ഷയുണ്ടെന്നും ഗോപിനാഥ് പറയുന്നു.