തിരുവനന്തപുരം: സീറ്റ് വിഭജനത്തിൽ കോൺഗ്രസും ജോസഫ് വിഭാഗവും തമ്മിൽ തർക്കം തീരുന്നു. പൂഞ്ഞാറോ കാഞ്ഞിരപ്പള്ളിയോ വിട്ടുനൽകാമെന്നും പകരം സീറ്റ് വേണ്ടെന്നും ജോസഫ് വിഭാഗം വ്യക്തമാക്കി. വൈകീട്ട് ചേരുന്ന യുഡിഎഫ് യോഗത്തോടെ സീറ്റ് വിഭജനം പൂർത്തിയാക്കാനാണ് ശ്രമം.

പൂഞ്ഞാറോ- കാഞ്ഞിരപ്പള്ളിയോ വേണമെന്ന കോൺഗ്രസ് ആവശ്യം ജോസഫ് അംഗീകരിച്ചു. സീറ്റ് നൽകിയാൽ പകരം മറ്റെവിടെയെങ്കിലും സീറ്റ് എന്ന നിലപാടിൽ നിന്നും ജോസഫ് പിന്നോട്ട് പോയി. രണ്ടിലേത് വേണമെന്ന് കോൺഗ്രസ്സിന് തീരുമാനിക്കാമെന്നാണ് ജോസഫ് പക്ഷത്തിന്റെ ഒത്ത് തീർപ്പ് നിർദ്ദേശം. 

രണ്ടിലൊന്ന് കൊടുത്താലും കോട്ടയം ജില്ലയിൽ നാല് സീറ്റ് നിർബന്ധം ജോസഫിനുണ്ട്. പക്ഷെ ഏറ്റുമാനൂർ കൂടി ഏറ്റെടുക്കണമെന്ന ആഗ്രഹം കോൺഗ്രസ്സിന് ബാക്കിയാണ്. നിലവിൽ ജോസഫ് മുന്നോട്ട് വെച്ച ഫോർമുലയിൽ 11 സീറ്റെങ്കിലും അവർക്കും കിട്ടും. പക്ഷെ വൈകീട്ട് നടക്കുന്ന ഉഭയകക്ഷി ചർച്ചയിൽ അത് ഒൻപതോ പത്തോ ആക്കാകാൻ വീണ്ടും കോൺഗ്രസ് ശ്രമം ഉണ്ടാകും. ജോസഫുമായുള്ള തർക്കം തീർത്ത് വൈകീട്ട് ചേരുന്ന യുഡിഎഫ് യോഗത്തിൽ ഓരോ കക്ഷികൾക്കും ഉള്ള സീറ്റ് എണ്ണം പ്രഖ്യാപിക്കാനാണ് കോൺഗ്രസ് നീക്കം. 

ലീഗിന് അനുവദിച്ച തിരുവമ്പാടിയിൽ അവരുടെ അക്കൗണ്ടിൽ സി പി ജോണിനെ മത്സരിപ്പിക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനം വന്നേക്കും. യുഡിഎഫിൻ്റെ ടാഗ് ലൈനും ഇന്ന് പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.