കോട്ടയം: എൽഡിഎഫ് സീറ്റ് വിഭജനത്തിലെ കുരുക്ക് അഴിയുന്നു. ചങ്ങനാശ്ശേരി സീറ്റ് കേരളാ കോൺ​ഗ്രസ് എമ്മിന് വിട്ടു നൽകാൻ ധാരണയായി. സിപിഐയുടെ എതിർപ്പ് മറികടന്നാണ് തീരുമാനം.  മലപ്പുറത്തെ സീറ്റുകൾ സിപിഐ വിട്ടുനൽകില്ല. കോട്ടയത്ത് വൈക്കം മാത്രമാണ് സിപിഐക്ക് ലഭിച്ചത്.

കഴിഞ്ഞ കുറേ ദിവസങ്ങളായി ചങ്ങനാശ്ശേരി സീറ്റിനെച്ചൊല്ലി എൽഡിഎഫിൽ തർക്കം തുടരുകയായിരുന്നു. ചങ്ങനാശ്ശേരി വേണമെന്ന ഉറച്ച നിലപാടിലായിരുന്നു സിപിഐ. അല്ലാത്തപക്ഷം കാഞ്ഞിരപ്പള്ളി വിട്ടുനൽകില്ലെന്നായിരുന്നു സിപിഐ പറഞ്ഞത്. ആദ്യഘട്ടത്തിൽ ചങ്ങനാശ്ശേരിയും കാഞ്ഞിരപ്പള്ളിയും ഇരിക്കൂറും മലപ്പുറത്തെ രണ്ടു സീറ്റും ഉൾപ്പടെയുള്ളവയിൽ നിന്ന് നാല് സീറ്റ് വിട്ടുനൽകാനാണ് ആദ്യം ധാരണയായത്. എന്നാൽ, ചങ്ങനാശ്ശേരി കേരള കോൺ​ഗ്രസിന് എന്ന് ഉറപ്പായിരിക്കുകയാണ്. കേരള കോൺ​ഗ്രസ് ചങ്ങനാശ്ശേരി വിട്ടുനൽകില്ലെന്ന് ഉറപ്പായതോടെ മലപ്പുറത്ത് വിട്ടുനൽകാമെന്ന് പറഞ്ഞ സീറ്റുകൾ വിട്ടുനൽകില്ലെന്ന് സിപിഐ നിലപാടെടുത്തിരിക്കുകയാണ്. ചങ്ങനാശ്ശേരി സീറ്റ് സംബന്ധിച്ച തീരുമാനത്തിൽ സിപിഐ ഇനി പരസ്യപ്രതിഷേധത്തിന് തയ്യാറാകുമോ എന്ന് കണ്ടറിയണം.

അതേസമയം, നിലവിൽ ലഭിക്കുന്ന സൂചനകൾ അനുസരിച്ച് സി പി എം- 85, സി പി ഐ- 25, കേരള കോൺഗ്രസ് എം 13, ജെഡിഎസ്- 4, എൽ ജെ ഡി- 3, എൻ സി പി- 3 എന്നിങ്ങനെയാണ് സീറ്റ് വിഭജനം.