Asianet News Malayalam

പ്രതിഷേധക്കാർക്കെതിരെ നടപടിയെടുക്കില്ല; കാര്യങ്ങൾ വിശദീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ

കഴിഞ്ഞ തവണ നിലമ്പൂരിൽ 32 പ്രകടനം നടന്നു. അവരെല്ലാം നന്നായി പ്രവർത്തിച്ചാണ് ആര്യാടൻ മുഹമ്മദിന്റെ മകനെ തോൽപ്പിച്ചത്

Kerala election 2021 CPM state secretary A Vijayaraghavan exclusive interview asianet news
Author
Thiruvananthapuram, First Published Mar 10, 2021, 3:48 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പരസ്യ പ്രതിഷേധത്തിന് ഇറങ്ങിയവർക്കെതിരെ നടപടിയെടുക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. കേവല പ്രാദേശികതകളിലല്ല സ്ഥാനാർത്ഥിത്വം രൂപപ്പെടുന്നത്. വിപുലമായ ഉൾപ്പാർട്ടി ചർതച്ചകളിൽ നിന്ന് രൂപം കൊള്ളുന്ന യുക്തികളിലാണ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത്. സ്ഥാനാർത്ഥിപട്ടിക വന്ന് കഴിഞ്ഞാൽ പൊതുവേ വിരുദ്ധാഭിപ്രായമുള്ളവരെല്ലാം പാർട്ടിക്കൊപ്പം നിൽക്കുന്നതാണ് കാണാറുള്ളത്. പ്രതിഷേധക്കാരിൽ പാർട്ടി അംഗങ്ങൾ അത്യപൂർവമായേ ഉണ്ടാവൂ. കഴിഞ്ഞ തവണ നിലമ്പൂരിൽ 32 പ്രകടനം നടന്നു. അവരെല്ലാം നന്നായി പ്രവർത്തിച്ചാണ് ആര്യാടൻ മുഹമ്മദിന്റെ മകനെ തോൽപ്പിച്ചത്. ഇപ്പോഴത്തെ പ്രതിഷേധത്തിൽ പാർട്ടി നടപടിയെടുക്കില്ല. കാര്യങ്ങൾ വിശദീകരിക്കും. അത് അംഗീകരിക്കപ്പെടും. അതൊരു വലിയ പ്രശ്നമായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ഇന്നാണ് സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചത്. ഇതിന് മുൻപുള്ളത് ഊഹാപോഹമാണ്. അതിന്റെ ഭാഗമായുള്ള പ്രതിഷേധങ്ങളെ പാർട്ടി അച്ചടക്കവുമായി കൂട്ടിക്കെട്ടേണ്ടതില്ല. പാർട്ടിയിൽ ഏത് ചുമതല വഹിക്കണമെന്നത് പാർട്ടിയാണ് തീരുമാനിക്കുന്നത്. ആ ചുമതല ഭംഗിയായി നിർവഹിക്കുന്നവർ നേതൃനിരയിലേക്ക് വരും. പാർലമെന്ററി സ്ഥാനത്തെ അംഗീകാരം മാത്രമല്ല നേതൃനിരയിലേക്ക് വരാനുള്ള മാനദണ്ഡം. ഇപ്പോൾ പാർലമെന്ററി രംഗത്തുള്ള ചിലരെ പാർട്ടി നേതൃനിരയിലേക്കും പാർട്ടി നേതൃനിരയിലുള്ള ചിലരെ പാർലമെന്ററി രംഗത്തേക്കും മാറ്റുന്നുവെന്നേയുള്ളൂ.

മികച്ച പുതിയ സ്ഥാനാർത്ഥികളെ പാർലമെന്ററി രംഗത്തേക്ക് കൊണ്ടുവരുന്നതിനെ മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കേണ്ടതില്ലെന്നും വിജയരാഘവൻ പറഞ്ഞു. പാർട്ടിയിൽ പുതിയ ഒരു നേതൃത്വം പാർലമെന്ററി രംഗത്ത് രൂപപ്പെട്ട് വരട്ടെയെന്നതാണ് നിലപാട്. കമ്യൂണിസ്റ്റ് പാർട്ടിക്ക് വിപ്ലവ ഉള്ളടക്കം സൂക്ഷിക്കേണ്ടതുണ്ട്. മികച്ച പ്രവർത്തനം കാഴ്ചവെച്ചവരെയാണ് മാറ്റിനിർത്തിയത്. അവരെ പോലെ തന്നെ മികച്ച നിലയിൽ പ്രവർത്തിക്കാനാവുന്നവരെയാണ് പുതുതായി കൊണ്ടുവന്നത്.

വ്യക്തിപ്രഭാവത്തിലല്ല പാർട്ടി അടിത്തറ ഉറപ്പിക്കുന്നത്. നൂറുകണക്കിന് പാർട്ടി പ്രവർത്തകരാണ് പാർട്ടിയുടെ കരുത്ത്. സ്വതന്ത്ര സ്ഥാനാർത്ഥികളെ പാർട്ടി നിബന്ധനയ്ക്ക് വിധേയരാക്കുന്ന രീതി ഇല്ലാത്തത് കൊണ്ടാണ് ജലീലിനെ മത്സരിപ്പിക്കുന്നത്. പികെ ജമീലയുടെ സ്ഥാനാർത്ഥിത്വ ചർച്ച അപ്രസക്തമാണ്. പല പേരുകളും ചർച്ച ചെയ്തു. പാർട്ടി ഒരു തീരുമാനത്തിലെത്തിയപ്പോ ഈ പേര് ഇല്ല. അപ്പോൾ ഈ ചർച്ച അപ്രസക്തമാണ്.

യുഡിഎഫിനെ ദുർബലപ്പെടുത്തുകയാണ് പ്രധാന രാഷ്ട്രീയ ദൗത്യം. രണ്ട് പാർട്ടികൾ മുന്നണി വിട്ട് യുഡിഎഫ് ശിഥിലമായി. രണ്ട് പാർട്ടികൾ മുന്നണിയിലേക്ക് വന്നത് തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയത്തെ സ്വാധീനിച്ചിട്ടുണ്ട്. പുതിയ പാർട്ടികൾ എൽഡിഎഫിൽ വന്നതിനെ ആധാരമാക്കിയാണ് സീറ്റ് നിർണയിച്ചത്. കേരള കോൺഗ്രസ് സ്വാധീനമുള്ള പാർട്ടിയാണ്. മാധ്യമങ്ങൾക്കാണ് അതൊരു പുതിയ വിഷയം. ഞങ്ങൾക്ക് അത് പുതിയ വിഷയമല്ല.

പാർട്ടി ഈ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യത്തെ യാണ് പരിഗണിച്ചത്. 140 മണ്ഡലത്തിലും എൽഡിഎഫാണ് മത്സരിക്കുന്നത്. ചിഹ്നത്തിൽ മത്സരിക്കുന്നിടത്തും മറ്റിടങ്ങളിലും ഒരേ തരത്തിൽ പ്രവർത്തിക്കും. കാനം രാജേന്ദ്രൻ പല തരത്തിൽ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ടാവും. പാർട്ടി ഐക്യത്തെ ശക്തിപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ പ്രസ്താവന. എൽഡിഎഫിലേക്ക് കൂടുതൽ പാർട്ടികൾ വരും. യുഡിഎഫ് കൂടുതൽ ശിഥിലമാകും. പാർട്ടികൾ വരുമ്പോൾ അവർക്കൊപ്പമുള്ള ജനങ്ങളാണ് ഞങ്ങൾക്കൊപ്പം വരുന്നത്. അത് കാണാതിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസ്ഥാനങ്ങൾ സംബന്ധിച്ച ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല. പാർട്ടി തീരുമാനമെടുക്കുമ്പോൾ ഒട്ടേറെ കാര്യങ്ങൾ പരിഗണിക്കും. മാടായി മണ്ഡലത്തിൽ മുൻപ് മത്തായി മാഞ്ഞൂരാനും മണ്ണാർക്കാട് ജോൺ മാഞ്ഞൂരാനും മത്സരിച്ചിരുന്നു. ഇമ്പിച്ചിബാവ മാറിയിട്ടാണ് അദ്ദേഹം മത്സരിച്ചത്. അദ്ദേഹത്തിന്റെ പാർട്ടിക്ക് ഒരാൾ പോലും അവിടെയില്ല.

ജെഡിഎസിന്റെ വടകര സീറ്റ് എൽജെഡിക്ക് നൽകിയ തീരുമാനം ഉഭയകക്ഷി ചർച്ചകളിലൂടെയാണ് എടുത്തത്. ഇടതുപക്ഷത്തിന്റെ തുടർഭരണം ഇല്ലാതാക്കാൻ എതിരാളികൾ ശ്രമിക്കും. എതിർക്കുന്നവർ ഞങ്ങൾ ഭരണത്തിൽ വരാതിരിക്കാനും ശ്രമിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ താഴേത്തട്ടിൽ അമിത ആത്മവിശ്വാസം വരാതിരിക്കാൻ ശ്രമിച്ചു. മുതിർന്ന പാർട്ടി നേതാക്കൾ ഏരിയാ കമ്മിറ്റി യോഗങ്ങളിൽ പങ്കെടുത്തു. അകന്നുപോയവരെ തിരികെ കൊണ്ടുവരാൻ പാർട്ടി സംസ്ഥാന നേതൃയോഗം തന്നെ ശ്രമിച്ചു. 

കേന്ദ്ര ഏജൻസികളുടെ അന്വേഷണം സ്വാഭാവികമാണ്. കേന്ദ്ര ബിജെപി അധികാരം തെറ്റായ രീതിയിൽ ഉപയോഗിക്കുന്നുവെന്ന തിരിച്ചറിവ് ഇടതുമുന്നണിക്കുണ്ട്. ബിജെപിക്ക് കേരളത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കാനാവില്ല. തെറ്റായ രീതിയിൽ ഏജൻസികളെ അവർ അതുകൊണ്ട് ഉപയോഗിക്കുന്നുണ്ട്. മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് മറുപടി കൊടുത്തിട്ടുണ്ട്. കേസിന്റെ തെളിവുകൾ സമൂഹത്തിന്റെ മുന്നിലുണ്ട്. അഴിമതിക്കോ തെറ്റായ പ്രവണതകൾക്കോ വിധേയരാകുന്നവരല്ല കമ്യൂണിസ്റ്റുകാർ. കമ്യൂണിസ്റ്റുകാരുടെ വിശ്വാസ്യത തകർക്കാൻ ഏജൻസികൾക്ക് കഴിയില്ല. 

അമിത് ഷാ ഇവിടെ വന്നിട്ട് രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും എതിരെ പറഞ്ഞിട്ടില്ല. അവർ തമ്മിലുള്ള സൗഹൃദമാണ് വ്യക്തമാകുന്നത്. കേരളത്തിന്റെ രാഷ്ട്രീയ ചിത്രത്തിൽ യുഡിഎഫാണ് പ്രതിപക്ഷം. ബിജെപിയെ പോലും പലപ്പോഴും കൂട്ടിയാണ് യുഡിഎഫ് ഇടതുപക്ഷ വിരുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയത്. ബിജെപി കേന്ദ്ര അധികാരത്തിലുള്ള പാർട്ടിയാണ്. അവർ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരെ അതിക്രമം നടത്തുന്നവരാണ്. അതിനെ പ്രതിരോധിക്കേണ്ടതുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരിക്ക് കൈമാറുന്ന കാര്യം പാർട്ടിയെടുക്കുന്നതാണ്. വ്യക്തിപരമായി ഒറ്റപ്പെട്ട തീരുമാനമെടുത്ത് പ്രവർത്തിക്കുന്നവരല്ല ഞങ്ങൾ. അതിനേക്കുറിച്ച് ആലോചിച്ച് ആരും സമയം കളയേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios