Asianet News MalayalamAsianet News Malayalam

രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് തന്നെ; പി ജെ ജോസഫിൻ്റെ അപ്പീൽ തള്ളി ഹൈക്കോടതി

ഹൈക്കോടതി വിധി കേരള കോൺഗ്രസിന് കരുത്താകുമെന്ന് ജോസ് കെ മാണി പറഞ്ഞു. 

Kerala HC Said Two Leaf election Symbol belongs to jose k mani
Author
Kochi, First Published Feb 22, 2021, 10:44 AM IST

കൊച്ചി: രണ്ടില ചിഹ്നത്തിനായുള്ള നിയമപോരാട്ടത്തിൽ പി ജെ ജോസഫിന് വീണ്ടും തിരിച്ചടി. രണ്ടില ചിഹ്നം കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന് അനുവദിച്ചത് ചോദ്യം ചെയ്ത് പി ജെ ജോസഫ് സമ‍ർപ്പിച്ച അപ്പീൽ ഹൈക്കോടതി തള്ളി. 

കേരള കോണ്‍ഗ്രസ് എമ്മിൻ്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില പാര്‍ട്ടിയിലെ പിളര്‍പ്പിന് ശേഷം എൽഡിഎഫിലേക്ക് വന്ന ജോസ് കെ മാണി വിഭാഗത്തിന് അവകാശപ്പെട്ടതാണ് എന്നായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിലപാട്. തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തെ ചോദ്യം ചെയ്ത് പിജെ ജോസഫ് ഹൈക്കോടതി സിംഗിൾ ബെ‍ഞ്ചിനെ സമീപിച്ചെങ്കിലും ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനത്തോട് യോജിക്കുകയാണ് ചെയ്തത്. 

ഹൈക്കോടതിയുടെ ഈ വിധിയെ ചോദ്യം ചെയ്താണ് പി.ജെ.ജോസഫ് ഡിവിഷൻ ബെഞ്ചിൽ അപ്പീലുമായി എത്തിയത്. എന്നാൽ ചിഹ്നം ഉപയോഗിക്കുന്നത് സ്റ്റേ ചെയ്യണമെന്ന പി ജെ ജോസഫിന്റെ ആവശ്യം ഡിവിഷൻ ബെഞ്ച് നേരത്തേ തന്നെ അംഗീകരിച്ചിരുന്നില്ല. വിശദമായ വാദത്തിന് ശേഷം ഇപ്പോൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ഈ ജോസഫിന് രണ്ടില ചിഹ്നം നിഷേധിക്കുകയായിരുന്നു. 

ഇതിനിടെ പാര്‍ട്ടിയുടെ ചെയര്‍മാനായി ജോസ് കെ.മാണിയെ തെരെഞ്ഞെടുത്ത നടപടിക്ക് കേന്ദ്രതെരെഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരവും ലഭിച്ചിരുന്നു. ചെയര്‍മാനായി ജോസ് കെ.മാണിയേയും, മറ്റ് ഭാരവാഹികളെയും അംഗീകരിച്ചതിന്റെ വിശദാംശങ്ങള്‍ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. 

ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള നുണ പ്രചരണത്തിനാണ് ചിഹ്നം വിഷയത്തിൽ ജോസഫ് കോടതിയിൽ പോയതെന്ന് ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്തു കൊണ്ട് ജോസ് കെ മാണി പറഞ്ഞു. ഇത് ജനങ്ങൾ തിരിച്ചറിഞ്ഞു. ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. കേരള കോൺഗ്രസ് എടുത്ത രാഷ്ട്രീയ നിലപാട് ശരിയാണെന്ന് ഇതോടെ തെളിഞ്ഞു. ഹൈക്കോടതി വിധി കേരള കോൺഗ്രസിന് കരുത്താകുമെന്നും ജോസ് കെ മാണി പറഞ്ഞു. 

രണ്ടില ചിഹ്നം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ ചെണ്ട ചിഹ്നത്തിലാണ് പി.ജെ.ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥികൾ മത്സരിച്ചത്. ചെണ്ട ഐശ്വര്യമുള്ള ചിഹ്നമാണെന്നും ഇനി രണ്ടില അനുവദിച്ചു കിട്ടിയാലും ചെണ്ട ചിഹ്നം സ്ഥിരമാക്കുന്നത് പരിഗണിക്കുമെന്നും ജോസഫ് നേരത്തെ പറഞ്ഞിരുന്നു. 
 

Follow Us:
Download App:
  • android
  • ios