തിരുവനന്തപുരം: ഇടുക്കിക്കാര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പ്രിയപ്പെട്ട മണിയാശാനാണ് എം എം മണി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ മണിയാശാനും തിരക്കുകളിലാണ്. ഒരുവശത്ത് ഓഫീസ് തിരക്കുകളും മറുവശത്ത് തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും. ഇതിനിടയില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ 'വീണ്ടും ചില വോട്ടുകാര്യങ്ങള്‍' എന്ന പരിപാടിയില്‍ എം എം മണി സംസാരിച്ചു. ഒപ്പം കുടുംബ-രാഷ്‌ട്രീയ വിശേഷങ്ങള്‍ പങ്കുവെച്ച് ഭാര്യ ലക്ഷ്‌മിക്കുട്ടിയമ്മയും. 

പതിവ് തെറ്റാതെ സാനഡു

തലസ്ഥാനത്ത് വൈദ്യുത മന്ത്രിയായി എത്തിയപ്പോഴും എം എം മണിയുടെ വീടിനും പരിസരത്തിനും ഇടുക്കി കാറ്റിന്‍റെ സുഗന്ധമുണ്ട്. ഔദ്യോഗിക വസതിയായ സാനഡു രാവിലെ തന്നെ ജനമയമാകും. മണിയാശാന്‍റെ ഓരോ ദിവസവും ആരംഭിക്കുന്നത് ജനങ്ങള്‍ക്കും അണികള്‍ക്കുമൊപ്പം. ഏഴുന്നേറ്റാല്‍ ആദ്യം പത്രം വായന. സന്ദര്‍ശകരെ കാണുക പിന്നീടുള്ള പരിപാടി. അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുക, വേണ്ട നടപടികള്‍ സ്വീകരിക്കുക. അതുകഴിഞ്ഞ് ഓഫീസിലേക്ക്. 

ആ ട്രിക്ക് ഫലിച്ചില്ല! 

ജീവിതത്തിൽ മുഴുവൻ സമരവും ബഹളവുമാ എന്നാണ് മണിയാശാന്‍ തന്‍റെ രാഷ്‌ട്രീയ ജീവിതത്തെ വിശേഷിപ്പിക്കുന്നത്. സമരം നിര്‍ത്താനാണ് എന്നെക്കൊണ്ട് കല്യാണം കഴിപ്പിച്ചത്. എന്നാല്‍ സമരമൊന്നും നിര്‍ത്തിയില്ല- സ്വതസിദ്ധമായ പുഞ്ചിരിയോടെ മണിയാശാന്‍ പറഞ്ഞു

'എല്ലാം പാര്‍ട്ടി പറയും'

വീണ്ടും മത്സരിക്കുമോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ. 'കഴിഞ്ഞ തവണ മന്ത്രിയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു, മന്ത്രിയായി. ഇനി മത്സരിക്കുമോ എന്നതും പാര്‍ട്ടി തീരുമാനിക്കും'- ഇത്രയും പറഞ്ഞ് മണിയാശാന്‍ തന്‍റെ ഓഫീസ് തിരക്കുകളിലേക്ക് പോയി. എന്നാല്‍ ഇതിനിടയില്‍ മുസ്ലീം ലീഗിന് വിമര്‍ശനവും. ഇന്ത്യന്‍ മുസ്ലീങ്ങളുടെ കുത്തുകയാകാന്‍ ലീഗ് ശ്രമിക്കേണ്ട എന്ന് പറഞ്ഞ എം എം മണി, ലോക്‌സഭ വിട്ട് പി കെ കുഞ്ഞാലിക്കുട്ടി കേരളത്തിലേക്ക് മടങ്ങുന്നതിനേയും വിമര്‍ശിച്ചു. 

പരിഭവങ്ങളില്ലാതെ ലക്ഷ്‌മിക്കുട്ടിയമ്മ...

തിരക്കുകള്‍ കാരണം ആശാനെ ഒന്നിനും കിട്ടില്ല എന്ന് പറയുന്നു രക്ഷ്‌മിക്കുട്ടിയമ്മ. എന്നാല്‍ തെല്ല് പരിഭവം ആ മുഖത്തില്ല. 'വിവാദങ്ങള്‍ ഒന്നും വിഷമിപ്പിക്കാറില്ല. ഒരിക്കല്‍ വെളുപ്പിന് അറസ്റ്റ് ചെയ്തു കൊണ്ടുപോയപ്പോള്‍ വിഷമം തോന്നി. എന്നാല്‍ അതൊക്കെ സ്വാഭാവികമാണ്. രാഷ്‌ട്രീയത്തില്‍ അറിയാത്ത കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കും. എങ്കിലും അതിനൊന്നും ഒരു പ്രശ്നമില്ലെന്നും ഏത് പ്രതിസന്ധിയിലും ഒപ്പമുണ്ട്' എന്നും ലക്ഷ്‌മിക്കുട്ടിയമ്മ പറയുന്നു. 

മൂന്ന് ഇഡ്ഡലിയില്‍ മണിയാശാന്‍ ഫ്ലാറ്റ്

മൂന്ന് ഇഡ്ഡലി, സാമ്പാര്‍, ചട്‌നി. ഇവ മൂന്നുമാണ് തീന്‍മേശയില്‍ മണിയാശാന്‍റെ ഹീറോസ്. മണിയാശാന്‍ കഴിക്കുന്നത് എന്തും തനിക്കും പ്രിയമെന്ന് ഭാര്യ ലക്ഷ്‌മിക്കുട്ടിയമ്മയും പറയുന്നു. 

കാണാം അഭിമുഖത്തിന്‍റെ പൂര്‍ണ രൂപം

Read More: 'കണ്ണേ കരളേ വിഎസേ', അണികളെ ഇളക്കിമറിച്ച 'വി എസ് കാലം'