തിരുവനന്തപുരം: കോന്നി മണ്ഡലത്തിലെ പോസ്റ്റർ കത്ത് വിവാദം മുറുകുന്നു. അടൂർ പ്രകാശിനും റോബിൻ പീറ്ററിനുമെതിരെ എഐസിസിസിക്ക് നൽകിയ കത്തിലെ ഒപ്പുകൾ വ്യാജമെന്ന് പരാതി. കത്തിൽ ഒപ്പിട്ടിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ ഒപ്പാണെന്നും പ്രമാടം മണ്ഡലം പ്രസിഡന്റ് കെ. വിശ്വഭരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തുടർച്ചയായ മൂന്നാം ദിവസവും കോന്നിയിലെ കോൺഗ്രസിൽ പൊട്ടിത്തെറികൾ തുടരുകയാണ്. അടൂർ പ്രകാശിനും റോബിൻ പീറ്റർക്കുമെതിരെ ലക്ഷ്യം വെച്ചവരെ തിരിഞ്ഞു കൊത്തുകയാണ് പുതിയ സംഭവ വികാസങ്ങൾ. കഴിഞ്ഞ ദിവസം പതിനേഴ് നേതാക്കൾ ഒപ്പിട്ട് എഐസിസിക്ക് അയച്ച കത്തിലാണ് വ്യാജ ഒപ്പ് ആരോപണം. കെപിസിസി അംഗം മാത്യു കുളത്തിങ്കൽ, ഡിസിസി ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കുപുറം, എം എസ് പ്രകാശ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മണ്ഡലം പ്രസിഡന്റുമാർ എന്നിവരുടെ പേരിലായിരുന്നു കത്ത്. എന്നാൽ ഇതേ കത്തിൽ പേരുള്ളവരാണ് ഒപ്പ് വ്യാജമാണെന്ന ആരോപിച്ച് രംഗത്തെത്തിയത്.

വള്ളിക്കോട്, ഏനാദിമംഗലം, തണ്ണിത്തോട് മണ്ഡലം പ്രസിഡന്റുമാരുടെ ശബ്ദ സന്ദേശവും പുറത്ത് വന്നു. വ്യാജ പ്രചരണത്തിനെതിരെ നേതൃത്വത്തെ സമീപിക്കാനൊരുങ്ങുകയാണ് പ്രാദേശിക നേതാക്കൾ. അതേസമയം പാർട്ടിക്കുള്ളിൽ നിന്നാണ് ഇത്തരം നടപടികൾ ഉണ്ടാവുന്നതെങ്കിൽ കർശന നടപടി എടുക്കുമെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജും പറഞ്ഞു