Asianet News MalayalamAsianet News Malayalam

'തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ല'; സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പരസ്യ പ്രതിഷേധം തള്ളി എം വി ഗോവിന്ദന്‍

പൊന്നാനിയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലും പ്രതിഷേധമുണ്ടായി.  പ്രതിഷേധങ്ങള്‍ സംഘടനാപരമായി പരിഹരിക്കാവുന്നതേയുള്ളുവെന്നും ഗോവിനന്ദന്‍ പറഞ്ഞു.

M V Govindan respond to all protest regarding candidate selection
Author
Kozhikode, First Published Mar 9, 2021, 10:40 AM IST

കോഴിക്കോട്: സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പരസ്യ പ്രതിഷേധം തള്ളി സിപിഎം കേന്ദ്രകമ്മിറ്റി അംഗം  എം വി ഗോവിന്ദന്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തീരുമാനത്തില്‍ നിന്ന് പിറകോട്ടില്ലെന്നും പ്രതിഷേധങ്ങള്‍ സ്വഭാവികമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.  സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് സിപിഎമ്മിൽ പോസ്റ്റർ യുദ്ധം തുടരവേയാണ് എം വി ഗോവിന്ദന്‍റെ പ്രതികരണം. പൊന്നാനിയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലും പ്രതിഷേധമുണ്ടായി.  പ്രതിഷേധങ്ങള്‍ സംഘടനാപരമായി പരിഹരിക്കാവുന്നതേയുള്ളുവെന്നും ഗോവിനന്ദന്‍ പറഞ്ഞു.

കളമശ്ശേരിയില്‍ പി രാജീവിനെതിരെയും മഞ്ചേശ്വരത്ത് ജയാനന്ദക്കെതിരെയും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കളമശ്ശേരി നഗരസഭാ ഓഫീസിന് മുന്നിലാണ് പി രാജീവിനെതിരെ പോസ്റ്ററുകൾ പതിച്ചത്. പി രാജീവ് സക്കീർ ഹുസൈന്‍റെ ഗോഡ് ഫാദറെന്ന് പോസ്റ്ററിൽ പരാമര്‍ശമുണ്ട്. പാർട്ടി നടപടിക്ക് വിധേയനായ മുൻ ഏരിയാ സെക്രട്ടറിയാണ് സക്കീർ ഹുസൈൻ എന്നും പോസ്റ്ററില്‍ വിമര്‍ശിക്കുന്നു. കെ ചന്ദ്രൻ പിള്ളക്ക് വേണ്ടി രണ്ട് ദിവസം മുമ്പ് വ്യാപകമായി പോസ്റ്ററുകൾ വന്നിരുന്നു. 

മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർഥിയായി പരിഗണിക്കുന്ന കെ ആർ ജയാനന്ദയ്ക്കെതിരെയും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. മഞ്ചേശ്വരത്ത് ജയാനന്ദ വേണ്ട എന്നാണ് സിപിഎം അനുഭാവികളുടെ പേരിൽ പതിപ്പിച്ച പോസ്റ്ററിലുള്ളത്. ഉപ്പള ടൗണിലും പരിസരത്തുമാണ് വ്യാപകമായി പോസ്റ്ററുകളുള്ളത്. സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാണ് ജയാനന്ദ. സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ ഇന്ന് ചേരുന്ന മണ്ഡലം കമ്മിറ്റി യോഗത്തിൽ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് വിവരം. പോസ്റ്റിനെ കുറിച്ച് പരിശോധിക്കുമെന്ന് പാർട്ടി അറിയിച്ചു.

Follow Us:
Download App:
  • android
  • ios