കൊൽക്കത്ത: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ പശ്ചിമബം​ഗാളിൽ രാഷ്ട്രീയ കൊടുങ്കാറ്റ് ആഞ്ഞടിക്കുകയാണ്. സംസ്ഥാനത്ത്  പരിവര്‍ത്തൻ റാലിക്ക് തുടക്കം കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞത് നിയമസഭ തെരഞ്ഞെടുപ്പ് അവസാനിക്കും മുമ്പ് മമതാ ബാനര്‍ജി ജയ് ശ്രീറാം വിളിച്ചിരിക്കുമെന്നാണ്. ബിജെപിക്ക് എത്ര ഗോളടിക്കാനാകുമെന്ന് കാത്തിരുന്ന് കാണാമെന്നായിരുന്നു മമത ബാനര്‍ജിയുടെ മറുപടി. 

ഹിന്ദുത്വവും ബംഗ്ളാദേശി അനധികൃത കുടിയേറ്റവും ചര്‍ച്ചയാക്കാനാണ് ഇന്നത്തെ റാലികളിൽ അമിത്ഷാ ശ്രമിച്ചത്.   മോദിക്ക് പിന്നാലെ പരിവര്‍ത്തൻ റാലിയുമായി എത്തിയ അമിത്ഷാ ബംഗാളിൽ ബിജെപി യുഗം തുടങ്ങുകയാണെന്നും പ്രഖ്യാപിച്ചു. ജയ് ശ്രീം മുഴക്കുന്നത്  ക്രിമിനൽ കുറ്റമാക്കുന്ന മമതയെ  പുറത്താക്കണം. നുഴഞ്ഞുകയറ്റക്കാരുടെ കേന്ദ്രമായി ബംഗാൾ മാറി. മോദിയുടെ വികസനവും മമതയുടെയും വിനാശവും തമ്മിലുള്ള പോരാട്ടത്തിൽ ബിജെപി 200 സീറ്റ് നേടുമെന്നും അമിത് ഷാ പറഞ്ഞു. ബംഗാളിൽ ജയ് ശ്രീറാം വിളിക്കാൻ സമ്മതിക്കില്ലേ, നിങ്ങൾക്ക് ആഗ്രഹമില്ലേ, ജയ് ശ്രീ റാം എന്ന് വിളിക്കൂ അമിത് ഷാ പ്രവർത്തകരോട് ആഹ്വാനം ചെയ്തു. 

ബിജെപിയും ഇടതുപക്ഷവും കോണ്‍ഗ്രസും ഒന്നിച്ചുനിന്നാലും ബംഗാളിൽ ഒന്നും സംഭവിക്കില്ലെന്ന് മമത തിരിച്ചടിച്ചു. പശ്ചിമബംഗാളിൽ കലാപം ഉണ്ടാക്കാൻ ബിജെപിയെ അനുവദിക്കില്ല. ഇവിടെ ബിജെപി ഗോളടിക്കില്ല. ഗോൾ കീപ്പര്‍ ഞാനാണ്. ബിജെപി എത്ര ഗോളടിക്കുമെന്ന് കാണാം എന്നായിരുന്നു മമതയുടെ മറുപടി. 

അതിനിടെ, പിൻവാതിൽ നിയമനം ആരോപിച്ച് കൊൽക്കത്തയിൽ നടന്ന ഇടതുസംഘടനകളുടെ മാര്‍ച്ചിൽ വൻസംഘര്‍ഷം ഉണ്ടായി.   സര്‍ക്കാര്‍ ജോലി തൃണമൂൽ അനുഭാവികൾക്ക് മാത്രം നൽകുന്നുവെന്ന് ആരോപിച്ച് എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ ഉൾപ്പടെയുള്ള ഇടതുസംഘടനകൾ നടത്തിയ മാര്‍ച്ചാണ് കൊൽക്കത്തയിൽ ഇന്ന് അക്രമാസക്തമായത്. പൊലീസ് ലാത്തിച്ചാര്‍ജിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു.നാളെ പശ്ചിമബംഗാളിൽ ഹര്‍ത്താലിന് ഇടതുസംഘടനകൾ ആഹ്വാനം ചെയ്തു. അതേസമയം,  കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി ബിജെ.പിയുടെ പരിവര്‍ത്തൻ റാലി തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കൊൽക്കത്ത ഹൈക്കോടതി തള്ളി.