Asianet News MalayalamAsianet News Malayalam

ധർമ്മജനും പിഷാരടിക്കും പിന്നാലെ കൂടുതൽ പേർ? മലയാള സിനിമയിൽ വലതുപക്ഷ കൂട്ടായ്മ ശക്തിപ്പെടുന്നു

കെബി ഗണേഷ് കുമാർ നേരത്തെ യു‍ഡിഎഫ് പാളയത്തിലായിരുന്നെങ്കിലും ഒറ്റയാനായിരുന്നു

More celebrities of Malayalam film industry may join hands with congress led UDF in Kerala
Author
Thiruvananthapuram, First Published Feb 18, 2021, 8:16 PM IST

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മലയാള സിനിമയൽ വലതുപക്ഷ കൂട്ടായ്മ രൂപപ്പെടുന്നു. പിണറായി സർക്കാരുമായി അടുത്തുനിൽക്കുന്ന ഇടതു കൂട്ടായ്മയെ ചെറുക്കുക എന്ന ലക്ഷ്യവും നീക്കത്തിന് പിന്നിലുണ്ട്. ഐശ്വര്യ കേരള യാത്രയിലടക്കം കൂടുതൽ ചലച്ചിത്ര പ്രവർത്തകരെ കളത്തിലിറക്കാനുളള നീക്കങ്ങളും യുഡിഎഫ് കേന്ദ്രങ്ങൾ നടത്തുന്നുണ്ട്.

പ്രേംനസറിന്‍റെ പരസ്യമായ കോൺഗ്രസ് അനുഭാവം പഴയ കാല ചരിത്രമാണ്. കെബി ഗണേഷ് കുമാർ നേരത്തെ യു‍ഡിഎഫ് പാളയത്തിലായിരുന്നെങ്കിലും ഒറ്റയാനായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജഗദീഷ് മത്സരിച്ചതാണ് മറ്റൊന്ന്. എന്നാൽ ഈ നിയമസഭാ തെരഞ്ഞെടുപ്പോടെയാണ് മലയാള സിനിമയിലെ വലതുപക്ഷ കൂട്ടായ്മ ശക്തമായത്. ധർമജനൊപ്പം രമേഷ് പിഷാരടി കോൺഗ്രസിലെത്തി. 

ബിജെപി വലയിലായിരുന്ന മേജർ രവിയും കോൺഗ്രസിനൊപ്പം കൂടി. അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു വീണ്ടും പഴയ കോൺഗ്രസുകാരനായി. പണ്ടേ തന്നെ കോൺഗ്രസായ സലീം കുമാർ ഐഎഫ്എഫ്കെയോടെ തന്റെ രാഷ്ട്രീയ അനുഭാവം പൊടിതട്ടിയെടുത്തു. സിനിമയിലെ ഈ വലത് ബദലിനായി കൊതിക്കുന്നവർ ഇനിയുമുണ്ടെന്നാണ് പരസ്യമായി രംഗത്തുവന്നവർ തന്നെ പറയുന്നത്.

കലാകാരന്മാരെ തെരഞ്ഞ് വിളിച്ച് ചെറിയൊരു സർവേ നടത്തിയാൽ മലയാള സിനിമയിൽ വലതുപക്ഷ കൂട്ടായ്മയാണ് ശക്തമെന്ന് മനസിലാവുമെന്ന് ധർമ്മജൻ അഭിപ്രായപ്പെട്ടു. സുരാജ് വെഞ്ഞാറമൂടൊക്കെ വന്നാൽ വളരെ നല്ലതായിരിക്കുമെന്നാണ് താൻ പറയുന്നത്. വന്നാൽ അദ്ഭുതപ്പെടാനില്ല, അവർക്കൊക്കെ മടുത്തിട്ടുണ്ടാവും ചിലപ്പോൾ എന്നും ധർമ്മജൻ പറഞ്ഞു.

മലയാള സിനിമയിൽ ഇടതുകൂട്ടായ്മ നേരത്തെ തന്നെ ശക്തമായിരുന്നു. ശബരിമല വിഷയത്തിലും വനിതാ മതിലിലുമടക്കം ഇടതുസർക്കാർ നിലപാടുകൾക്കൊപ്പം ഇവർ നിന്നത് ജനശ്രദ്ധ നേടി. ഇത് തിരിച്ചറിഞ്ഞാണ് യുഡിഎഫ് കേന്ദ്രങ്ങൾ ഈ നീക്കത്തിന് എണ്ണ പകരുന്നത്. 

വലതുപക്ഷ രാഷ്ട്രീയമായാലും ഇടതുപക്ഷ രാഷ്ട്രീയമായാലും കാഴ്ചപ്പാടുണ്ടായാൽ മതിയെന്നായിരുന്നു ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ അഭിപ്രായപ്പെട്ടത്. നിഷ്പക്ഷരാവുക നല്ല കാര്യമല്ല. പക്ഷം പിടിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന വേദിയിൽ നിന്ന് സലീം കുമാറിനെ ഒഴിവാക്കിയെന്ന കൊച്ചി രാജ്യാന്തര ചലച്ചിത്ര മേളയിലെ വിവാദം പോലും മലയാള സിനിമയിൽ ശക്തമാകുന്ന വലതു ബദലിന്‍റെ ഭാഗമാണെന്ന് കരുതുന്നവരുണ്ട്. 

Follow Us:
Download App:
  • android
  • ios